ഡയനീഷ്യൻ ഭൂതകാലവും പിൽക്കാല വിചാരണകളും

0
342

എം. മുകുന്ദന്റെ ‘ആവിലായിലെ സൂര്യോദയം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം.

സനൽ ഹരിദാസ്

വർത്തമാനകാലത്തിന്റെ യുക്തിയിൽ ചരിത്രാതീതകാലത്തെ പരിശോധിച്ചാൽ അതു തീർത്തും അരാജകവും   സദാചാര രഹിതവുമായിരിന്നു എന്നു തോന്നുക സ്വാഭാവികമാണ്.

നാം ഇന്നു കാണുന്ന നിലയിലുള്ള കുടുംബബന്ധങ്ങളും മനുഷ്യബന്ധങ്ങളും രൂപീകരിക്കപ്പെടുന്നത് മാതാത്മക ചിന്തകളുടെ വലിയ സ്വാധീനം മൂലമാണ്.

ലോക സദാചാരത്തെ രൂപകല്പന ചെയ്യുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ക്രൈസ്തവ പൗരോഹിത്യമാണെന്നും കാണാം.

ബൗദ്ധികവും ഭൗതികവുമായ ആധിപത്യങ്ങളിലൂടെയാണ് അവർ അത് നടപ്പിലാക്കിയത്. പിൽക്കാല ഇന്ത്യയുടെ സാമൂഹിക -സാംസ്കാരിക വ്യവസ്ഥയെ അടിമുടി ഉടച്ചുവാർക്കുന്നതിൽ  അവിടെ നടന്ന ക്രിസ്ത്യൻ അധിനിവേശത്തിന് (ബ്രിട്ടീഷ് അധിനിവേശത്തിന്) വലിയ പങ്കുണ്ട്. ‘ക്രൈസ്തവ സാഹിത്യവും മൂല്യങ്ങളും ഇന്ത്യയിലെ ബൂർഷ്വാ സംസ്കാരത്തോടൊപ്പം ഇന്നും പ്രചരിക്കുന്നു’ എന്ന അഭിപ്രായം മാങ്ങാട് രത്നാകരനുമായുള്ള സംഭാഷണത്തിൽ എം എൻ വിജയൻ ഉന്നയിക്കുന്നുണ്ട്.

sanal-haridas
സനൽ ഹരിദാസ്

ബഹുഭാര്യത്വം,  ബഹുഭർതൃത്വം, ശൈശവ വിവാഹം, സംബന്ധം,  കൂത്തച്ചി സമ്പ്രദായം തുടങ്ങിയവ ഇന്ത്യൻ സമൂഹത്തിലെ ലൈംഗിക ധാരാളിത്തങ്ങൾക്ക് ഉദാഹരണമാണ്. മലയാളത്തിലെ മണിപ്രവാള സാഹിത്യ കൃതികൾ ഈ മാംസാഘോഷങ്ങളുടെ  ആലേഖനങ്ങളാണ്.

ഈ അവസ്ഥയിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നത് പാശ്ചാത്യ മിഷനറിമാരും പാശ്ചാത്യ മിഷണറിമാരുടെ മതംമാറ്റ ശ്രമങ്ങളെ ചെറുത്ത ഭക്തിപ്രസ്ഥാനവുമാണ്. ക്രൈസ്തവ സദാചാരം വിദ്യാഭ്യാസത്തിലൂടെയും മതബോധനങ്ങളിലൂടയും ലൈംഗിക സദാചാരത്തിന്റെ  അടിത്തറ പാകിയപ്പോൾ അലൗകിക ദൈവ സ്നേഹത്തിന്റെ ഗാഥകൾ പാടി ഭക്തിപ്രസ്ഥാനം അതിന് ചുവരുകൾ തീർത്തു.

ഇതിനെല്ലാം മുൻപു തന്നെ ബുദ്ധമതം വിരക്തിയിൽ  അധിഷ്ഠിതമായ മാനവിക സദാചാരത്തെ മുന്നോട്ടുവെച്ചിരുന്നുവങ്കിലും ഭൗതിക ആധിപത്യത്തിന്റെ അഭാവത്തിൽ അതിനൊരു സമ്മർദ്ദ ശക്തിയാവാൻ കഴിയാതെപോവുകയായിരുന്നു.

തമിഴ്സാഹിത്യകാരൻചാരുനിവേദിതയുടെ ‘സീറോ ഡിഗ്രി’ എന്ന നോവലിന്റെ  മലയാള വിവർത്തനത്തിന്റെ  ആമുഖത്തിൽ സക്കറിയ മലയാള സാഹിത്യത്തെയും സമൂഹത്തെയും സംബന്ധിച്ചുള്ള ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അത് ഇങ്ങനെയാണ് : “ലൈംഗികതയുമായുള്ള സാഹിത്യപരമായ അഭിമുഖീകരണത്തിൽ നിന്നുള്ള മലയാളി എഴുത്തുകാരുടെ ഒഴിഞ്ഞുമാറൽ നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ അമ്പരപ്പിക്കുന്ന അധ്യായമാണ്. രതിയെ മറ്റേത് മനുഷ്യ മുഹൂർത്തങ്ങളെയും പോലെ ഭാവനയാലും  വാക്കാലും നേരിടാനുള്ള ആത്മശക്തിയും പക്വതയും ഭാഷാ വികസനവും കൈവന്നിട്ടില്ലാത്ത ഒരു സംസ്കാരമാണ് മലയാളം എന്നതിലേക്കാണ് അതിന്റെ കന്യാസ്ത്രീമഠ മൂടുപടസദാചാരം കൈചൂണ്ടുന്നത്”.

നമ്മുടെ സാഹിത്യം ഇന്നും കാല്പനിക പൈങ്കിളിയിൽ നിന്ന് വിമോചനമായിട്ടില്ല എന്ന സക്കറിയയുടെ വിമർശനം സമൂഹത്തിനു നേരെ കൂടി ഉള്ളതാണ്. വർത്തമാനകാലത്തിലെ ഈ വിധി വൈപര്യത്തിനു കാരണം മേൽ പ്രസ്താവിച്ച ഭൗതികവും ബൗദ്ധികവുമായ ആധിപത്യങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങളുമാണ്.

m-mukundan-aavilayile-suryodayam

ഈ സാഹചര്യത്തിൽ നിന്നുകൊണ്ടാണ് എം മുകുന്ദന്റെ ആവിലായിലെ സൂര്യോദയം എന്ന നോവൽ പഠനവിധേയമാക്കുന്നത്. മാതുവമ്മയുടെ പേരമകനും ഗോവിന്ദകുറുപ്പിന്റെയും  ശാരദയുടെയും  മകനുമായ പ്രഭാകരനാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അയാളെ അലട്ടുന്ന പാപബോധവും ആത്മപീഡനാനുഭവങ്ങളിലൂടെയുള്ള അസ്തിത്വ  വിമോചനവുമാണ്  കൃതിയുടെ കാതൽ. പ്രഭാകരന്റെ  ജനനകാലത്ത് ഗോവിന്ദക്കുറുപ്പ് നാട്ടിലെ പ്രമാണിമാരിൽ ഒരാളാണ്. പ്രഭാകരന്റെ മുതിർച്ചയോടെ  അയാൾ മേയറും മന്ത്രിയുമെല്ലാം ആയിത്തീരുന്നുണ്ട്. ഗോവിന്ദ കുറുപ്പിന്റെ പ്രൗഢിയുടെയും പ്രാമുഖ്യത്തിന്റെയും പ്രഖ്യാപിത സൗഖ്യത്തിലാണ് പ്രഭാകരൻ വളരുന്നത്. എന്നാൽ ഭൂതകാലം അയാളെ വേട്ടയാടുന്നു.  കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അറിവ് പ്രകൃതിയിൽ നിന്ന് അയാളിലേക്ക് ആഴ്ന്നിറങ്ങുന്നു. അത് അയാളിൽ അസ്വസ്ഥതാ നൈരന്തര്യങ്ങൾക്ക് തുടക്കമിടുന്നു.

തന്റെ മുത്തശ്ശി വ്യഭിചാരിണിയും അച്ഛൻ പുരുഷവേശ്യയും അമ്മ അപരനു കാഴ്ചവക്കപ്പെട്ടവളുമണെന്ന അറിവ് അയാളെ തകർത്തുകളയുന്നതാണ് തുടർന്ന് കാണുന്നത്. ചതിക്കപ്പെട്ടവരും ഇരയാക്കപ്പെട്ടവരുമായവർ അവനു പാപ സ്മരണകളുടെ വിരുന്നൊരുക്കുന്നു.

തന്റെ ഉറ്റവർ ചെയ്ത പാപങ്ങൾ തന്റെതു കൂടിയാണെന്ന ബോധ്യം അവനെ വരിഞ്ഞു മുറുക്കുകയാണ്.

നിരന്തരം അലട്ടുന്ന പാപബോധത്താൽ പ്രഭാകരൻ നാടുവിടുന്നു. ഡൽഹിയിലും കാശിയിലും കൽക്കത്തയിലും ജയ്പൂരിലും ഹരിദ്വാറിലുമെല്ലാം അലഞ്ഞു തിരിയുകയാണ് പിന്നീട് പ്രഭാകരൻ. ഒരു യാചകനും തെരുവ് പട്ടിക്കും സമാനമായ ജീവിതമാണ് അവിടങ്ങളിൽ അവൻ ജീവിക്കുന്നത്. നാടുപേക്ഷിക്കുക എന്നതു വഴി പാപങ്ങളെ പുറകിലുപേക്ഷിക്കാം എന്ന ചിന്തയാണ് അവനെ സകലതും പരിത്യജിക്കാൻ പ്രേരിപ്പിക്കുന്നത്.എന്നാൽ ഇതര ദേശങ്ങളിലും അവൻ പാപങ്ങളിൽ തന്നെ ചെന്നുവീഴുന്നു സ്വന്തം ഭാര്യയെ വിൽക്കുന്ന ഭാട്ട്നഗറും, പ്രഭാകരനേ മറ്റൊരാണിന്റെ മുറിയിലേക്കയക്കുന്ന ലാലാജിയും അവനിൽ പാപത്തിന്റെ തുടർച്ച നിറയ്ക്കുന്നു. പാപം ലോകസാമാന്യമാണെന്ന തിരിച്ചറിവിൽ അവൻ ആവിലായിലേക്ക് തിരിച്ചെത്തുന്നു. ആവിലായിലെത്തിയ പ്രഭാകരൻ വിവാഹിതനാവുന്നു. സ്വാസ്ഥ്യത്തിന്റെതായ ഒരു ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ അവനിൽ മുള പൊട്ടുന്നു. എന്നാൽ ഭാര്യ സ്വന്തം വീട്ടിൽ ആവർത്തിക്കുന്ന അഗമ്യഗമനത്തിന് കൂടി അവന് സാക്ഷിയാവേണ്ടി വരുന്നു. ഈ അവസാന പാപദൃശ്യം പക്ഷെ അവനെ അസ്വസ്ഥനാക്കുന്നില്ല.

m-mukundan-athmaonline
എം മുകുന്ദൻ

‘സിഗരറ്റിന്റെ കറ പിടിച്ച ചുണ്ടുകൾ മന്ദഹസിച്ചു’ എന്നാണ് ഈ മുഹൂർത്തത്തെ രചയിതാവു അടയാളപ്പെടുത്തുന്നത്.

പ്രഭാകരന്റെ ജീവിതത്തെ പൊതുവെ മൂന്നായി വിഭജിക്കാവുന്നതാണ്. പാപബോധഘട്ടം, ആത്മപീഡന ഘട്ടം, ആത്മപീഡനത്തിലൂടെ നേടുന്ന തിരിച്ചറിവിന്റെ/പരിശുദ്ധിയുടെ ഘട്ടം.ഈ ഘട്ട പരിണിതികൾക്ക് ക്രിസ്തുജീവിതവുമായി തികഞ്ഞ സാമ്യത ഉണ്ട്. അതിനുള്ള സാധൂകരണങ്ങൾ നോവലിസ്റ്റു തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. പത്തോമ്പതാം നൂറ്റാണ്ടിൽ ജീവിച്ച ലോകപ്രശസ്ത തത്വചിന്തകൻ കീർക്കഗാറിനോടാണ് രചയിതാവ് പ്രഭാകരനെ ഉപമിക്കുന്നത്. ക്രിസ്തുവിൽ ഊന്നിയ അസ്തിത്വവാദ ചിന്താ പദ്ധതിയാൽ നയിക്കപ്പെട്ട കീർക്കാഗാറിനോടുള്ള ഉപമ നായകന്റെ പ്രതിസന്ധികൾക്ക് ദാർശനിക ദൃശ്യത നൽകുന്നു.

ആൾക്കൂട്ടം അസത്യമാണെന്നാണ് കീർക്കഗാർ പറഞ്ഞുവക്കുന്നത്. ആൾക്കൂട്ടത്തിലെ വ്യക്തി ചെയ്യുന്നത് ആൾക്കൂട്ടം ചെയ്യുന്നതായി തെറ്റുധരിക്കുകയാണ് പലരും. ആത്യന്തിക സത്യത്തിലേക്കുള്ള വ്യക്തിയുടെ പ്രയത്നത്തിലാണ് സത്യം കുടികൊള്ളുന്നത് എന്നും കീർക്കഗാർ പറയുന്നു. മുൻതലമുറകൾ ചെയ്ത പാപങ്ങൾ തന്റെ കൂടി ബാധ്യതയാണെന്ന തോന്നലാണ് പ്രഭാകരനെ അലട്ടുന്നത്. മനുഷ്യകുലത്തിന്റെ പാപങ്ങൾ ഒന്നാകെയേറ്റെടുക്കുന്ന ക്രിസ്തുവിലും ഇത് കാണാം. പിന്നീട് പ്രഭാകരൻ നടത്തുന്ന യാത്രകളും അനുഭവങ്ങളും  ക്രിസ്തുവിന്റെ പീഡാനാനുഭവത്തെ അനുസ്മരിപ്പിക്കുന്നു.

പീഡനാനുഭവങ്ങളിലൂടെ പ്രഭാകരൻ അത്യന്തിക സത്യത്തെ പുൽകുന്നു എന്നാണ് പാപത്തെ പ്രതിയുള്ള അവന്റെ മന്ദഹാസത്തിൽ വെളിവാകുന്നത്.

ആധുനികതയിലും അസ്തിത്വ വാദത്തിലും ദാർശനിക വ്യഥയായി ഉരുത്തിരിഞ്ഞ ക്രൈസ്തവികമായ പാപ-പുണ്യ ദ്വന്ദ്വങ്ങളുടെ ആവിഷ്കാരമായി വിശാലാർത്ഥത്തിൽ ഈ നോവലിനെ മനസ്സിലാക്കാവുന്നതാണ്‌.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ പൂർണമായും രചയിതാക്കളുടെതാണ്. അവ ആത്മയുടെ അഭിപ്രായം ആവണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here