ലൂസിഫർ : ക്ലീഷെ കഥ പറഞ്ഞ ഒരു പോഷ് സിനിമ

0
688

സച്ചിൻ എസ്‌.എൽ.

ഒറ്റവാക്കിൽ ലൂസിഫറിനെ ഇപ്രകാരം വിശേഷിപ്പിക്കാം “സാത്താനെ കൂട്ടുപിടിച്ച്‌ പൃഥ്വിരാജിലെ സംവിധായകൻ നേടിയെടുത്ത വിജയമാണീ സിനിമ”. ഗ്ലോബലി മാർക്കറ്റ്‌ ചെയ്യപ്പെടാൻ ഏത്‌ വഴി സ്വീകരിക്കണമെന്ന് പൃഥ്വിയിലെ ബിസിനസ്സുകാരന് തീർച്ചയായും അറിയാം. ലൂസിഫർ എന്ന സിനിമയുടെ ടൈറ്റിലിൽ തന്നെ മാർക്കറ്റിംഗ്‌ സ്ട്രാറ്റജിയുടെ വലിയൊരു സാധ്യത അദ്ദേഹം മുൻപേ കണ്ടിരുന്നു.

ആരാണ് ലൂസിഫർ?

ബിബ്ലിക്കൽ മിത്തോളജിയിൽ ഏറ്റവും അധികം വ്യാഖ്യാനങ്ങൾ കൽപ്പിക്കപ്പെട്ട റിലീജിയസ്‌ ഫിഗർ ആണ് ലൂസിഫർ. ലാറ്റിൻ പദമായ ലൂസിഫറിന്റെ അർത്ഥം വെളിച്ചം കൊണ്ടു വരുന്നവൻ എന്നാണ്.
പക്ഷേ കൃസ്തീയ വിശ്വാസപ്രകാരം ദൈവത്തിന്റെ മാലാഖമാരിൽ റിബൽ രേഖ സമർപ്പിച്ച ആളാണ് ലൂസിഫർ. അന്നുമുതൽ അയാൾ തഴയപ്പെട്ടവനായി, അവഗണിക്കപ്പെട്ടവനായി ഒടുക്കം ദൈവത്തിനെതിരായി നരകത്തിന്റെ അധിപതിയായി മാറി. ക്രൈസ്തവർ ഈ സിനിമയ്ക്കെതിരെ രോഷാകുലരായത്‌ എന്തിനെന്ന് മനസ്സിലായല്ലോ?

സിനിമയിലെ ലൂസിഫർ ശരിക്കും ഒരു മെറ്റഫർ (ഭാവാർത്ഥം) ആയിരുന്നു. ലാലിന്റെ കഥാപാത്രത്തിന്റെ പോളിസികൾ വ്യക്തമാക്കുന്ന ഒരു ഹീറോയിക്‌ ഐഡന്റിറ്റി. Light Bringer എന്ന ലൂസിഫറിന് കൽപിച്ച്‌ കിട്ടാത്ത മറ്റൊരർത്ഥത്തിനെ ഉദാഹരണ സഹിതം വിശദമാക്കുന്ന ഒരു കഥാപാത്രമാണ് സ്റ്റീഫൻ നെടുമ്പള്ളി.

“When You strike at a King
You must Kill him!”

(രാജാവിന് നേരെ നീ വാളോങ്ങിയാൽ
അയാളെ നീ കൊന്നിരിക്കണം)

എന്ന, റാൾഫ്‌ വാൾഡോ എമേഴ്സന്റെ ഉദ്ധരണിയോടെ ആരംഭിച്ച സിനിമ പിന്നീടങ്ങോട്ട്‌ ഈ അർത്ഥം സ്റ്റീഫൻ നെടുമ്പള്ളിയിലൂടെ പ്രൂവ്‌ ചെയ്യുന്നുണ്ട്‌.

ലൂസിഫറിലെ ‘L’

ഇംഗ്ലീഷിലെ ‘L’ എന്ന ആൽഫബെറ്റ്‌ ഒരു കൊളുത്ത്‌ പോലെ പ്രത്യക്ഷപ്പെടുന്നുണ്ട്‌ സിനിമയിലെ ടൈറ്റിൽസിലടക്കം. Illuminati, Intelligene, Hell, Love, Lust, Lucifer. ‘L’ ആൽഫബെറ്റിന്റെ പ്രാധാന്യം ഇപ്രകാരം വിശദീകരിക്കുക വഴി പൃഥ്വിയിലെ ഡയറക്ടർ ബ്രില്ല്യൻസ്‌ ആണ് വെളിവാകുന്നത്‌.

ജാപ്പനീസ്‌ ഡ്രാമയായ ഡെത്ത്‌ നോട്ട്‌ (Death Note) സീരീസിലെ ‘L’ (Lawliet) എന്ന ഫിക്ഷണൽ കഥാപാത്രത്തിന്റെ മിസ്റ്റിക്‌ സവിശേഷതകൾ ലൂസിഫറിലും അടങ്ങിയിട്ടുണ്ടോ എന്നുള്ളത്‌ എന്റെ മാത്രം തോന്നലല്ലെങ്കിൽ പൃഥ്വി ബ്രില്ല്യൻസിന്റെ മറ്റൊരുദാഹരണമാകും അത്‌.

പൃഥ്വിരാജ്‌ സുകുമാരൻ എന്ന പുതുമുഖ സംവിധായകൻ തന്റെ ആദ്യ സംരഭത്തിൽ വിജയിച്ചുവോ?

മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും മികച്ച മേക്കിംഗ്‌ അവകാശപ്പെടാം ഇനി ലൂസിഫറിന്. ഓരോ ഷോട്ടുകളെയും ഏറ്റവും മേന്മയുള്ളതാക്കി അതിന്റെ പൂർണതയിൽ ചിത്രീകരിച്ച പൃഥ്വി ബ്രില്ല്യൻസ്‌ അപാരം. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും പൃഥ്വി എന്ന സംവിധായകൻ മികച്ച്‌ നിന്നു. ആന്റണി പെരുമ്പാവൂർ എന്ന മലയാള സിനിമയിലെ പൂർവ്വാധികം ശേഷിയുള്ള നിർമ്മാതാവിനെ നല്ലവിധം വിനിയോഗിച്ച ഈ സിനിമ, വൈഡ്‌ സ്ക്രീൻ കാപ്ച്വറിംഗ്‌ സാധ്യമാകുന്ന അനമോർഫിക്‌ ക്യാമറ ലെൻസുകൾ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്‌. അതിനാൽത്തന്നെ ഉന്നതതരമായ ISO സെൻസിറ്റിവിറ്റിയുള്ള ഡിജിറ്റൽ സെൻസറുകൾ കൂടുതൽ ഭംഗിയേറിയ ഫ്രെയിമുകൾ സമ്മാനിക്കുന്നു. സുജിത്‌ വാസുദേവ്‌ എന്ന ടാലന്റഡ്‌ സിനിമാട്ടോഗ്രാഫർ ഈ അവസരത്തെ നല്ലവണ്ണം കൈകര്യം ചെയ്തിട്ടുമുണ്ട്‌.

അതുകൊണ്ട്‌ തന്നെ മലയാള സിനിമ ഇന്നോളം കണ്ട വിഷ്വൽ മാജിക്കിന്റെ അവസാന വാക്കായി മാറുകയാണ് ലൂസിഫർ. 1 : 2.8 എന്ന അനുപാതത്തിലാണ് സിനിമ തിയേറ്ററുകളിൽ പ്രൊജക്റ്റ്‌ ചെയ്യുന്നത്‌ എന്നതും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഇതൊക്കെയും പൃഥ്വി എന്ന സംവിധായകനെ തന്റെ ആദ്യ സിനിമയാണെങ്കിൽ പോലും സമർത്ഥനായ ഫിലിം മേക്കർ ആക്കിത്തീർക്കുന്നു.

“എന്റെ സിനിമയിൽ വേണ്ടത്‌ നമ്മളാരും ഇതുവരെ കണ്ടിട്ടില്ലാത്ത മോഹൻലാലിനെയാണെന്ന്” പൃഥ്വി പറഞ്ഞിരുന്നു, ലാലിന്റെ സ്വതസിദ്ധമായ തോളിലെ ചരിവ്‌ വരെ പൃഥ്വിയിലെ ഡയറക്ടർ മാച്ചു കളഞ്ഞു.

ദീപക്‌ ദേവിന്റെ സംഗീതമാണ് എടുത്ത്‌ പറയേണ്ട മറ്റൊരു ഘടകം. ബാക്ക്‌ഗ്രൗണ്ട്‌ സ്കോറുകൾ ഉൾപ്പെടെയുള്ള ലൂസിഫറിലെ മ്യൂസിക്‌ ആവും പ്രേക്ഷകരെ ആവേശക്കൊടുമുടിയിൽ കൊണ്ടെത്തിക്കുന്ന പൃഥ്വി സിനിമയുടെ അടിസ്ഥാനം.

സ്റ്റണ്ട്‌ സിൽവയുടെ സംഘട്ടന രംഗങ്ങളും മറ്റേത്‌ മലയാള സിനിമ കണ്ടതിനേക്കാളും ഒരുപടി ഉയർന്ന് നിന്നു.

വിഖ്യാത ഹോളിവുഡ്‌ സിനിമകളായ ചെയിൻ റിയാക്ഷൻ (1996) ഗോൺ ഗേൾ (2014) എന്നീ സിനിമകളിൽ പ്രവർത്തിച്ച റോൺ ബൊലാനോവിസ്കിയാണ് ലൂസിഫറിലെ സ്പെഷ്യൽ എഫക്ടുകൾ സൃഷ്ടിച്ചത്‌.

ഒപ്പം സാംജിത്ത്‌ മൊഹമ്മദിന്റെ ചിത്രസംയോജനം കൂടി ചേർന്നതോടെ ലൂസിഫർ ലോകോത്തര തികവ്‌ അവകാശപ്പെടുന്നു. ഈ വലിയ പ്രതിഭാസംഗമം പൃഥ്വിയിലെ ഡയറക്ടർക്ക്‌ മുതൽക്കൂട്ടാവുന്നുണ്ടെങ്കിലും
കഴിവുറ്റ സംവിധായക ബ്രില്ല്യൻസ്‌ കൈമുതലായുള്ളവാനാണ് പൃഥ്വിരാജ്‌ സുകുമാരൻ എന്ന കാര്യത്തിൽ തർക്കമേതുമില്ല.

മുരളി ഗോപിയുടെ തിരക്കഥ?

സർവ്വം ക്ലീഷേമയം എന്ന് മാത്രമേ മുരളിയുടെ തിരക്കഥയെക്കുറിച്ച്‌ പറയാനാവൂ. പണ്ട്‌ മുതൽ കേട്ട്‌ കൊണ്ടിരുന്ന പൊളിറ്റിക്കൽ ഡ്രാമകളിലെ കൺടന്റിനെ പുതിയകാലത്തിനനുയോജ്യമായി തീർത്തു എന്നത്‌ മാത്രമാണ് തിരക്കഥയിൽ മുരളി ചെയ്തത്‌.

ലൂസിഫർ ഒരു രാഷ്ട്രീയ സിനിമയല്ല, രാഷ്ട്രീയം ഈ സിനിമയിലെ ഒരു കഥാപാത്രം മാത്രമാണെന്നും തന്റെ കഥ പറയാൻ മുരളി രാഷ്ട്രീയ പശ്ചാത്തലം സെലക്റ്റ്‌ ചെയ്തതാണ് എന്നും സംവിധായകൻ അവകാശപ്പെടുന്നുണ്ടെങ്കിലും. സിനിമയുടെ പൂർണ്ണമായ ഗതി രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയാണ്.

ജനസമ്മതനായ ഒരു പൊളിറ്റിക്കൽ ഗോഡ്ഫാദറിന്റെ അന്ത്യവും തുടർന്ന് സ്ഥാനക്കസേരയ്ക്ക്‌ കടിപിടി കൂട്ടുന്ന കക്ഷികളും അതിനിടയിൽ പെട്ട്‌ പോകുന്ന അദ്ദേഹത്തിന്റെ മക്കളും വില്ലത്തരം കാട്ടാനെത്തുന്ന മരുമകനും ഒടുക്കം ഹീറോയായി അവതരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന പൊളിറ്റിക്കൽ കിംഗ്‌ മേക്കർ പ്രോട്ടാഗോണിസ്റ്റും ചേരുന്ന ഇതിവൃത്തത്തിൽ പുതുമയേതും ഇല്ല.

“ഇന്ത്യൻ പൊളിറ്റിക്സ്‌ ഈസ്‌ വേൾഡ്സ്‌ ബിഗ്ഗസ്റ്റ്‌ കോമഡി” എന്ന് നിലപാടുള്ള ജിതിൻ രാംദാസ്‌ എന്ന കഥാപാത്രത്തിന്റെ കഥാന്ത്യത്തിലെ സ്ഥാനാവരോഹണം ഏത്‌ തരത്തിലുള്ള പൊളിറ്റിക്കൽ സ്ട്രാറ്റജി തുടർന്ന് കൊണ്ട്‌ വരാനുള്ള നീക്കമാണെന്ന് പിടിയില്ല!

ഇനി മുരളിക്ക്‌ അവകാശപ്പെടാനുള്ള മേന്മ, കഥയെഴുത്തിൽ അദ്ദേഹം ആകാശത്ത്‌ നിന്നും ഭൂമിയിലേക്കിറങ്ങി എന്നതാണ്. കടിച്ചാൽപ്പൊട്ടാത്ത വൊക്കാബുലറി തൽക്കാലം മാറ്റിവെച്ച്‌ സാധാരണക്കാരന് മനസിലാകുന്ന ഭാഷയെ കൂട്ടുപിടിക്കാൻ മുരളി ശ്രമിച്ചിട്ടുണ്ട്‌.

പകരം വെയ്ക്കാനാവാത്ത കഥാപാത്ര തിരഞ്ഞെടുപ്പ്‌ ആയിരുന്നോ?

സ്ത്രീ പക്ഷ സന്ദേശങ്ങൾ ഏതെങ്കിലും തരത്തിൽ ഉണ്ടാകും എന്ന പ്രതീക്ഷ തുടക്കത്തിലേ തന്നെ പൃഥ്വി കൈമാറി. അച്ഛന്റെ ചിതയ്ക്ക്‌ തീ കൊളുത്താൻ മകൾ പ്രിയദർശിനി ഒരുങ്ങിയ കാഴ്ച വിപ്ലവകരമായിരുന്നു. എന്നാൽ തുടർന്നങ്ങോട്ട്‌ പ്രിയദർശിനി, സാക്ഷാൽ ഇന്ദിര പ്രിയദർശിനി അല്ല എന്ന സത്യം മനസിലാക്കേണ്ടി വന്നു. ആണധികാരത്തിൽ കുരുങ്ങിപ്പോയ അവരുടെയും മകൾ ജാൻവിയുടെയും ജീവിതത്തിൽ അവരനുഭവിച്ച അതിക്രമങ്ങൾ കാട്ടിത്തന്ന സംവിധായകൻ പിന്നീടങ്ങോട്ട്‌ സ്ത്രീയെ അനുകൂലിച്ച്‌ സംസാരിക്കാൻ മുതിർന്നില്ല. മലയാള സിനിമ ഇക്കാലമത്രയും കണ്ട സ്ത്രീ കഥാപാത്രങ്ങളായി അവർ ഒതുങ്ങിപ്പോയി. മഞ്ജു വാര്യരുടെയും സാനിയ അയ്യപ്പന്റെയും കഥാപാത്രങ്ങളല്ലാതെ സ്ക്രീൻ പ്രസൻസ്‌ ഉള്ള മറ്റൊരു നായിക സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം. നൈല ഉഷയെപ്പോലൊരു നടി സിനിമയിൽ കഥാപാത്രമായി വന്നുവെങ്കിലും ഒരുതരത്തിലും പൃഥ്വി പ്രയോജനപ്പെടുത്തിയില്ല. മീഡിയ എത്തിക്സിൽ വിശ്വാസം അവശേഷിക്കുന്ന അരുന്ധതി എന്ന കഥപാത്രത്തിന് സിനിമയിൽ എന്തെങ്കിലും ചെയ്യാൻ അവസരം നൽകണമായിരുന്നു.

കഥാപാത്ര പ്രാധാന്യത്തിലേക്ക്‌ കടക്കുമ്പോൾ വിവേക്‌ ഓബ്രോയിക്കാണ് കൂടുതൽ പ്രസൻസ്‌ നൽകാൻ പൃഥ്വി ശ്രദ്ധിച്ചത്‌. നടൻ വിനീതിന്റെ ശബ്ദത്തിൽ ബോബി എന്ന തന്റെ വില്ലൻ കഥാപാത്രം സിനിമയിലാകെ നിറഞ്ഞു നിന്നു. വിവേകിന്റെ അഭിനയ സാധ്യത സംവിധായകൻ നല്ലപോലെ മുതലെടുത്തു.

ആദ്യ പകുതിയോടെ അവതരിച്ച ടോവിനോയുടെ ജിതിൻ രാംദാസിന്റെ വരവോടെ നെഹ്രു കുടുംബത്തിന്റെ ഷിയർ ഡെപിക്ഷൻ ആയി സിനിമയിലെ കഥാപാത്രങ്ങൾ മാറുന്നുവോ എന്ന് സംശയം ജനിപ്പിച്ചു. വിദേശത്തുള്ള തന്റെ ഗേൾഫ്രണ്ട്‌ വീഡിയോ കോളിലൂടെ വലിയൊരു സദസ്സിനോട്‌ നമസ്കാരം കൂടി പറഞ്ഞതോടെ ഉദ്ദേശിച്ചത്‌ രാജീവ് ഗാന്ധിയെ ആണോ എന്ന് തിയേറ്ററിൽ ചിലരെങ്കിലും സംശയം ചോദിച്ച്‌ കാണണം.

ചേട്ടൻ ഇന്ദ്രജിത്തിന് സ്പെഷ്യൽ ആയ ഒരു ക്യാരക്ടറിനെ നൽകാൻ പൃഥ്വി മറന്നില്ല. ഗോവർദ്ധൻ എന്ന സോഷ്യൽ മീഡിയാ ഇൻസ്റ്റന്റ്‌ പ്രതിഷേധിയായി പ്രത്യക്ഷപ്പെട്ട ഇന്ദ്രജിത്തിലൂടെയാണ് സിനിമ നറേറ്റ്‌ ആവുന്നത്‌.

ഇനി പറയേണ്ടത്‌ സംവിധായകൻ പൃഥ്വിയുടെ ഗസ്റ്റ്‌ അപ്പിയറൻസിനെപ്പറ്റിയാണ്. സയീദ്‌ മസൂദ്‌ എന്ന ബോംബേക്കാരൻ പ്രൊഫഷണൽ ഹിറ്റ്‌ ഗാങ്ങ്‌ ലീഡറെയാണ് പൃഥി അവതരിപ്പിച്ചത്‌. ബോംബേ നഗരത്തിലെ റോക്കി ഭായിയായി വിലസിയ മസൂദിൽ പക്ഷേ ലാലേട്ടനെ ഒരുപാടിഷ്ടപ്പെടുന്ന ഒരു പൃഥ്വിരാജ്‌ എന്ന വ്യക്തി അടങ്ങിയിരിക്കുന്നതായി പലപ്പോഴും തോന്നി. “ഞാൻ മ്മടെ ലാലേട്ടൻ ഫാനാ” എന്ന് പൃഥ്വി ആവർത്തിച്ച്‌ പറയുന്നത്‌ പോലെത്തെ വിധേയനായ ക്യാരക്ടർ ആണ് മസൂദ്‌.

ഇരുട്ടിന്റെ രാജാവ്‌ മാത്രമല്ല ലൂസിഫർ. എയ്ഞ്ചൽ ഓഫ്‌ ലൈറ്റ്‌ എന്നും അയാൾ അറിയപ്പെടുന്നു. മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയിൽ ഈയൊരു അർത്ഥം മെനഞ്ഞെടുക്കാനാണ് ഈ സിനിമ ശ്രമിച്ചു കൊണ്ടേയിരുന്നത്‌. അതിൽ പൃഥ്വിയിലെ സംവിധായകൻ വിജയിച്ചിട്ടുണ്ട്‌. സ്റ്റീഫൻ നെടുമ്പള്ളി ജനങ്ങൾക്ക്‌ സ്വീകാര്യനാവും എന്ന ഉറപ്പിനെ അടിവരയിട്ട്‌ കൊണ്ടാണ് തിയേറ്ററിൽ നിന്ന് ലഭ്യമാകുന്ന റിസൽട്ടുകൾ.

മുൻപ്‌ സൂചിപ്പിച്ച പോലെ ഒരു മാസ്‌ എന്റർടെയിനർ ആയി സിനിമയെ വാർത്തെടുത്തിട്ടുണ്ട്‌ സംവിധായകൻ. കഥാപാത്ര വിശേഷണം എന്നതൊഴിച്ചാൽ കേവലം കൽപനാസൃഷ്ടിക്ക്‌ ഒരു മനുഷ്യക്കോലം കാട്ടി അതിനെ വിശ്വാസ യോഗ്യമായി കാട്ടിത്തരാനും പൃഥ്വിയിലെ ഡയറക്ടറിന് കഴിഞ്ഞിട്ടുണ്ട്‌.

റേറ്റിംഗ്‌ : 3.8 /5

LEAVE A REPLY

Please enter your comment!
Please enter your name here