ലോകമേ തറവാട് – കല അതിജീവനം തന്നെ

0
641
lokame-tharavadu-shows-are-going-oil-and-acrylic-on-canvas-bhagyanathan-cover

ലോകമേ തറവാട് – കാഴ്ചാനുഭവങ്ങൾ
ഡോ. അനു പാപ്പച്ചൻ എഴുതുന്നു

മഹാവ്യാധിയുടെ ആധിയിൽ ഒറ്റപ്പെട്ടും ചിതറിയും നഷ്ടപ്പെട്ടും പോയ ജീവിതങ്ങളുടെ പരിച്ഛേദമായി എത്തുന്ന മനുഷ്യരോട് അതിശയകരമാം വിധം താദാത്മ്യപ്പെടുന്ന കലാപ്രപഞ്ചമായി ‘ലോകമേ തറവാട് ‘. 267 കലാകാരും അനുബന്ധ പ്രവർത്തകരും സമ്മേളിച്ചൊരുക്കിയ ദൃശ്യഭൂമിയിൽ ബൃഹാദാകാരങ്ങളുടെ വിസ്തൃതികൾ , ചെറുതുകളുടെ സൂക്ഷ്മതകൾ, നിറക്കൂട്ടുകളുടെ വന്യതകൾ, നിറമില്ലായ്മയുടെ അനിവാര്യതകൾ, ജ്യാമിതിയ നിർമിതികളിൽ മൂർത്തമാക്കപ്പെട്ട ആശയ പ്രപഞ്ചം. കുറ്റിയടിച്ച് കെട്ടിയിടാനാവാതെ പടരുന്ന അമൂർത്തതയുടെ അലൗകികത. കൈവിരലുകളുടെ ഒപ്പലിൽ തുടങ്ങി, വീഡിയോ പ്രതിഷ്ഠാപനങ്ങളുടെയും ഓഗ്മെൻറഡ് റിയാലിറ്റിയുടെയും ആപ്പ് നിർമ്മിതികളുടെയും ക്ലിക്കുകളിൽ വരെ, വിശാലമായി വളർന്ന ആഗോള മലയാള കലയുടെ ആകെത്തുകയായി ‘ലോകമേ തറവാട് ‘. മലയാളമെന്ന മണ്ണിനോടേതെങ്കിലും വിധം വേരു തൊട്ടവരുടെ കലാവിന്യാസ പരമ്പര ക്യുറേറ്റ് ചെയ്ത ബോസ് കൃഷ്ണമാചാരി അഭിനന്ദനമർഹിക്കുന്നു. ചിത്ര കാഴ്ചാസ്വാദനവും അതിനുളള ഇടങ്ങളും കുറവായ കേരള മണ്ണിൽ പൈതൃക നഗരമായ ആലപ്പുഴയെ ഒരുക്കിയെടുത്തതിൽ.

കാഴ്ചയുടെ കടൽത്തീരമലഞ്ഞു ചുറ്റി നീങ്ങുമ്പോൾ ചിലതിൽ ഒരു നോട്ടത്തിന്റെ മിന്നൽ, ചിലതിൽ താനേ ഉൾച്ചേർന്നു പോകും, ചിലതിൽ പിടയും, ചിലത് കുടഞ്ഞെറിയും, ചിലപ്പോൾ ചിതറി, ശൂന്യമാകും….

ഊർജത്തിന്റെ അടക്കി വെക്കാനാവാത്ത അശാന്തി നിറഞ്ഞേ പുറത്തിറങ്ങാനാവൂ. കരയും കടലും അപ്പുറം ഇപ്പുറം കിടക്കുന്ന ആലപ്പുഴയുടെ തീരത്ത് നാനാത്വജീവിതത്തിന്റെ കൂട്ടിയിണക്കം മാത്രമല്ല, അതിജീവനത്തിന്റെ കയറുപിരിച്ചെടുക്കൽ കൂടിയുണ്ട്. അൻപു വർക്കിയുടെ നെടുനീളൻ ഗ്രാഫിറ്റിയിൽ അടയാളപ്പെടും പോലെ. ഒത്തു പിടിച്ചാൽ…!

anpu-varkkey

ഓർമ്മയിൽ നിൽക്കുന്ന ക്രമത്തിൽ ചിലത് അടയാളപ്പെടുത്തുന്നു

1. ” shows are going .” (Oil and acrylic on canvas) – സി ഭാഗ്യനാഥ്

ഭാഗ്യനാഥന് കല അലസമായ രസോപാധിയല്ല. മനുഷ്യരുടെ സാമൂഹികജീവിത ചിത്രചരിത്ര നിർമിതിയിൽ ഉത്തരവാദിത്തം പുലർത്തുന്ന കലാകാരനാണ്. ഭാഗ്യനാഥന്റെ ഓയിലിലും അക്രിലിക്കിലും ചെയ്ത പത്തടിയോളം പോന്ന ഭൂഗോളം മനുഷ്യന്റെ അകം – പുറ ജീവിത പ്രപഞ്ചത്തിലെ ചലനങ്ങളാണ്. സമകാലം ഒരു convex mirror perspective ൽ വരച്ചിടുന്നതിൽ കലാകാരൻ പുലർത്തുന്ന കരകൗശലം നന്നായി. ലോകം ഒരു തുള്ളിയിലെന്ന പോലെ പ്രതിഫലിക്കപ്പെട്ടിരിക്കുന്നു. വ്യക്തി, കുടുംബം, മതം, രാഷ്ട്രീയം, നഗരം, ലൈംഗികത, വ്യവസ്ഥ, ആചാരങ്ങൾ – ലോകത്ത് shows are going… എന്നത് ഭാഗ്യൻ അസാമാന്യമായി സംഗ്രഹിച്ചിരിക്കുന്നു. മനുഷ്യപ്പലമകൾ ഒരു കൊളാഷായി ഭൂഗോള രൂപേണ തെളിഞ്ഞു കാണുകയാണ്…

lokame-tharavadu-shows-are-going-oil and acrylic on canvas- bhagyanathan

ഒറ്റ നോട്ടത്തിൽ പരിചിതമായ ബിംബങ്ങൾ ധാരാളമായി വിന്യസിക്കപ്പെട്ടിട്ടുണ്ട് ഈ ചിത്രത്തിൽ. മനുഷ്യ രൂപങ്ങളെ സമകാലികതയുടെ ലബോറട്ടറിയായി ഉപയോഗപ്പെടുത്തുന്നു. എന്നാൽ അവയോരോന്നും ചിത്രകാരന്റെ വ്യാഖാന രൂപങ്ങളായി തന്നെ പിറവിയെടുത്തിരിക്കുന്നു. രാഷ്ട്രീയ നിലപാടുള്ള ശരീരമായിരിക്കുന്നു. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഇടങ്ങളിലെ മനുഷ്യരുടെ ദൈനം ദിന ഇടപാടുകൾ ഭാഗ്യൻ ആഴത്തിൽ നിരീക്ഷിക്കുന്നു. ചിത്രത്തിലേക്കുള്ള ഓരോ സൂമിങ്ങും അനേകം മനുഷ്യാനുഭവങ്ങളുടെ അടരുകളിലേക്ക് എൻലാർജ് ചെയ്യപ്പെടുന്നു. ഓരോ പ്ലാറ്റ്ഫോമിലും ഓരോ നരേഷനുണ്ട്. ചിലത് യാഥാർഥ്യക്കാഴ്ചയും ചിലത് ഭാവനയുമാണ്. എപ്പോൾ വേണമെങ്കിലും തെന്നിവീണു പോയേക്കാവുന്ന ചെരിവുകളിൽ ചവിട്ടി മുകളിലേക്ക് കുതിക്കുന്ന അഭ്യാസമാണ് മനുഷ്യ ജീവിതം.

lokame-tharavadu-shows-are-going-oil and acrylic on canvas- bhagyanathan-01

lokame-tharavadu-shows-are-going-oil and acrylic on canvas- bhagyanathan-02

നവ സാങ്കേതിക ജീവിതത്തിലും വ്യവസ്ഥാപിതങ്ങളുടെ കൂട്ടിൽ ഒരേ സമയം വേട്ടക്കാരനും ഇരയുമാകുന്ന മനുഷ്യരെ കേവലം പകർത്തി വയ്ക്കുകയല്ല, ചിത്രകാരന്റെ നോട്ടവും ചേർത്താണ് വിനിമയം ചെയ്യുന്നത്. മനുഷ്യന്റെ അസ്തിത്വ വിഭിന്നതകൾ, ആദർശത്തിന്റെ വിള്ളലുകൾ, അനുഷ്ഠാനങ്ങളുടെ കാപട്യങ്ങൾ, എന്നിവയെ സറ്റയറിക്കലായി ആവിഷ്ക്കരിക്കുന്നുണ്ട് ഭാഗ്യൻ. ഗാന്ധിയും അംബേദ്കറും മാർക്സും അനുദിന ജീവിതത്തിലുണ്ട്. മതമൗലികതയും വർഗീയതയും അക്രമവും അരാജകത്വവും കണ്ടും കേട്ടും അറിഞ്ഞ വിശദാംശങ്ങളിൽ നിന്ന് ഭീകരരൂപമാകുന്നുണ്ട്. ജീവിത പരിസരങ്ങളുടെ സത്തയെ ഇമേജുകളിലേക്ക് സ്വാംശീകരിക്കുകയാണ് ഭാഗ്യനാഥൻ. അതിന് സ്വീകരിച്ച ദൃശ്യഭാഷ ശക്തം.

The Sleep of reason produces monsters ! വിവേകത്തിന്റെ മരണം സാത്താൻമാരെ സൃഷ്ടിക്കുന്നു എന്ന താക്കോൽ വാചകം ചിത്രകേന്ദ്രത്തിൽ കാണാം. യുക്തിഭദ്രമായി യുക്തി രാഹിത്യം പ്രതിഷ്ഠിക്കപ്പെടുന്ന, ആശയങ്ങൾ കെട്ടുകാഴ്ചകളായി മാറുന്ന കാലത്തെ ആശയത്തിലും അവതരണത്തിലും മികച്ചതാക്കി. ലോകത്തെ പകർത്തുന്നതിനേക്കാൾ പ്രതിഫലിപ്പിക്കുന്നതിലാണ് കലയുടെ മർമ്മമിരിക്കുന്നത് എന്ന് ഈ ചിത്രം പറയുന്നു. ജീവിതത്തെ കലാപരമായി വ്യാഖ്യാനിക്കുമ്പോൾ ലളിതവും ചിന്തോദ്ദീപകവുമായി നിലനിർത്താൻ കലാകൃത്ത് പുലർന്നുന്ന ശ്രദ്ധ ആദരം അർഹിക്കുന്നു.
തുടരും…

https://athmaonline.in/c-bhagyanath/

https://athmaonline.in/locate-tharavadu-anu-pappachan-2/

LEAVE A REPLY

Please enter your comment!
Please enter your name here