മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു

0
358

മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയർ’ പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് ‘ലിറ്റ്മോസ്ഫിയര്‍’ (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്.

മാതൃഭൂമി പുരസ്‌കാരത്തിനയച്ച കഥകളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ 10 പേരെയാണ് പുരസ്‌കാര പ്രഖ്യാപനത്തിനായി അന്താരാഷ്ട്ര അക്ഷരോല്‍സവ വേദിയിലേക്ക് ക്ഷണിച്ചിരുന്നത്. “…സമ്മാനിതമാകാന്‍ നിസ്സംശയം അര്‍ഹമായ ഒരു കഥ പോലും ഇല്ലാത്തതിനാല്‍ ഇത്തവണ ഒന്നും രണ്ടും മൂന്നും അവാര്‍ഡുകള്‍ നല്‍കുന്നില്ല…” എന്നാണ് വിധിനിര്‍ണ്ണയ സമിതി പറഞ്ഞിരുന്നത്. എം.ടി.വാസുദേവന്‍ നായര്‍ അദ്ധ്യക്ഷനായ വിധിനിര്‍ണ്ണയ സമിതിയില്‍ എം.മുകുന്ദന്‍, സി.വി. ബാലകൃഷ്ണന്‍, ഇ.സന്തോഷ്‌കുമാര്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍. തുടര്‍ന്ന് പത്ത് പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കുകയായിരുന്നു.

ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ പേരിലേയ്ക്ക് പുസ്തകം എത്തിക്കുക എന്ന പോളിസി പിന്തുടരുന്നതിന്‍റെ ഭാഗമായി, റോയൽട്ടി ഉപേക്ഷിച്ച് പ്രിന്റിംഗിന്റെയും ടൈപ്പ്സെറ്റിംഗിന്റെയും ചിലവ് മാത്രമെടുത്താണ് ‘ലിറ്റ്മോസ്ഫിയര്‍’ ഈ ഉദ്യമം ഏറ്റെടുക്കുന്നത്. പുസ്തകത്തിലേക്കുള്ള ഇല്ലസ്ട്രേഷന്‍ പ്രദീപ്‌ പുരുഷോത്തമന്‍ സൗജന്യമായി ചെയ്യാമെന്ന് സമ്മതിച്ചതായി ‘ലിറ്റ്മോസ്ഫിയര്‍’ പറയുന്നു.

സ്‌നേഹ തോമസ്, എ. സംഗീത് ശങ്കര്‍, ആതിര രാജന്‍, ആനി അരുള്‍, അഖില്‍ തോമസ്, എം. എസ്. അഖില്‍, സിവിക് ജോണ്‍, ജിബിന്‍ കുര്യന്‍ എന്നിവരുടെ കഥകളാണ് പ്രസിദ്ധീകരിക്കുന്നത്. മറ്റേതെങ്കിലും രീതിയിൽ ഈ സംരംഭത്തിൽ ലാഭേച്ഛയെന്യേ പങ്കെടുക്കാൻ താത്പര്യമുള്ളവരോട് തങ്ങളെ ബന്ധപ്പെടാനും ‘ലിറ്റ്മോസ്ഫിയര്‍’ ആവശ്യപ്പെടുന്നുണ്ട്. ലിറ്റ്മോസ്ഫിയറിന് വേണ്ടി രഞ്ജിത്ത് കണ്ണങ്കാട്ടില്‍ ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.

പുസ്തകം പരമാവധി ചിലവ് കുറച്ച് വായനക്കാരിലേയ്ക്ക് എത്തിക്കണം എന്നതിനാൽ ഫ്ലിപ്കാർട്ട്, ആമസോൺ മുതലായ വെബ്സൈറ്റുകളിൽ പുസ്തകം ലഭ്യമാക്കാൻ കഴിയില്ല എന്ന് രഞ്ജിത്ത് അറിയിച്ചു. കമ്മീഷൻ ഏറ്റവും കുറവെടുക്കുന്ന ഒരു ഓൺലൈൻ പോർട്ടലിലൂടെ പുസ്തകം ലഭ്യമാക്കാനാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here