കാലം സാക്ഷി

0
354
krishnakumar-mapranam-the-arteria-athmaonline

വായന
(മുണ്ടൂർ സേതുമാധവൻ്റെ “കാലമേ” എന്ന കഥാസമാഹാരത്തെ കുറിച്ചുള്ള വായന)

കൃഷ്ണകുമാർ മാപ്രാണം

 മലയാള സാഹിത്യത്തിലെ ഏറ്റവും മുതിർന്ന കഥാകാരന്മാരിൽ ശ്രദ്ധേയനാണ് മുണ്ടൂർ സേതുമാധവൻ. സാധാരണക്കാരായ മനുഷ്യരുടെ വേദനകളും സങ്കടങ്ങളും സന്തോഷങ്ങളും ഹൃദ്യമായ ശൈലിയിൽ  എഴുതി  കഥാസാഹിത്യത്തിൽ തൻ്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട് അദ്ദേഹം. മുണ്ടൂരിലെ സാധാരണ ജനതയുടെ ഗ്രാമീണ ജീവിതാനുഭവങ്ങളും കല്ലടിക്കോടൻ മല നിരകളും പാലക്കാടൻ ഭാഷ പ്രയോഗവും അദ്ദേഹത്തിൻ്റെ കഥകളിൽ നിറഞ്ഞു നിൽപ്പുണ്ട്. ഭാഷയിലേയും പ്രമേയങ്ങളിലെയും സാധാരണത്വവും വൈവിധ്യവും മുണ്ടൂർ കഥകളുടെ സവിശേഷതയാണ്. 

 മുണ്ടൂരിൻ്റെ  ഏറ്റവും പുതിയ കഥാസമാഹാരമായ ”കാലമേ” എന്ന കൃതിയിൽ ഭാഷയുടെ കലവറകൾ, അച്ചുവേട്ടൻ, മുത്തശ്ശൻ,അമ്മമനസ്സ്, താലിമാല, തിരുനാവായ ,ആർക്കും വേണ്ടാതെ ,മത്തൻവള്ളി, പായസം,ആരുടെയോ ഒരു കുട്ടി .ചിങ്ങത്തിലെ കണ്ണ് ,സുലോചനയുടെ വീട് തുടങ്ങി പതിനാലു കഥകളും ആനവരമ്പ് എന്നൊരു നോവലൈറ്റുമാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.ജീവിതം എവിടെനിന്നു വരുന്നു എന്നൊരു ചോദ്യമുണ്ട് . അതുപോലെ തന്നെയാണ് ഭാഷയുടെ ഉത്ഭവവും.

ഭാഷ ജീവിതമാണ് അത് അരക്കിട്ടുറപ്പിക്കുന്നു “ഭാഷയുടെ കലവറകൾ” എന്ന കഥ. ചുട്ടുപൊള്ളുന്ന ആശയങ്ങളും തീപിടിച്ച വാക്കുകളുമായി ഒരു വിദ്യാഭ്യാസ ചിന്തകൻ്റെ തേജസ്സാർന്ന കണ്ണുകളുമായി അധ്യാപകരുടെ അധ്യാപകനായ തൻ്റെ ബഹുമാന്യ സുഹൃത്തും ഗുരുവുമായ ഓ.എം .ശങ്കരൻ മാഷിനെ ഓർക്കുകയാണ് ഇവിടെ. അദ്ദേഹത്തിൻ്റെ നിർദ്ദേശത്താലാണ് എഴുത്തിൻ്റെയും പ്രസംഗത്തിൻ്റെയും ലോകത്തെത്തിയതെന്ന് അയാൾ ഓർക്കുന്നു. 

  വലിയൊരു സദസ്സിൽ ഭാഷാസെമിനാറിൽ പ്രമുഖരോടൊപ്പം പങ്കെടുത്ത് ഭാഷയെകുറിച്ചുള്ള പ്രസംഗം വളരെ നന്നായി അയാൾ അവതരിപ്പിച്ചു. പഴയകാലത്തെ കഷ്ടപ്പാടിൽ വിശപ്പുമറന്നത് വായനയിലൂടെയാണെന്ന് അയാൾക്കെ അറിയൂ. ഒന്നും അധ്യാപികയായ ഭാര്യയ്ക്കറിയില്ല.അധ്യാപികയായ ഭാര്യയ്ക്ക് എത്ര പണം കൊടുത്തിട്ടായാലും മകനെ ഇംഗ്ളീഷ് സ്ക്കൂളിൽ ചേർത്തണമെന്ന ചിന്തയാണ്. നാട്ടിലെ  പ്രധാന സ്കൂളിൽ അഡ്മിഷൻ കിട്ടാത്തതിൻ്റെ ദുഃഖത്തിൽ ഭാര്യ മകനെയും കൊണ്ട് ബാംഗ്ലൂർക്ക് പോകുകയും അവിടെയും അഡ്മിഷൻ കിട്ടിയില്ലെങ്കിൽ  സ്റ്റേറ്റ്സിൽ വരെ അഡ്മിഷൻ വാങ്ങിച്ചേയടങ്ങൂ എന്നുള്ള ദൃഢനിശ്ചയത്തോടെയും നിലകൊള്ളുന്നത് സ്വന്തം ഭാഷയെ അവഗണിക്കുന്ന യാഥാർത്ഥ്യത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു.മാഞ്ഞുപോകുന്ന മാതൃഭാഷയ്ക്ക് ഇന്നും ഇവിടെ നീതികേടിൻ്റെ കഥകളാണ് പറയാനുണ്ടാവുക. അക്ഷരമാലപോലും പാഠപുസ്തകത്തിൽ ചേർക്കാത്ത പഠനരീതികൾ, മാതൃഭാഷയോടുള്ള ചിലരുടെ അവജ്ഞ. ഒരുവശത്ത് ഭാഷാസ്നേഹമെന്ന് നടിക്കുമ്പോൾ തന്നെ മറുവശത്ത് സ്വന്തം ഭാഷയെ മനസ്സുകൊണ്ട് തള്ളി പറയുന്നവരുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധേയമായ ഒരു കഥയാണിത്. കാലമാണ് പല കഥകളിലേയും കഥാപാത്രം. ഒരുപക്ഷേ കാലം പ്രച്ഛന്നവേഷധാരിയായി വിവിധ രുപങ്ങളോടെ മുണ്ടൂരിൻ്റെ ഓരോ കഥകളിലും നിറഞ്ഞാടുന്നു. 

 “അച്ചുവേട്ടൻ” എന്ന കഥയിൽ മറക്കാൻ കഴിയാത്ത ഒരു കാലത്തിൻ്റെ പ്രതീകമായി പോസ്റ്റുമാൻ അച്ചുവേട്ടൻ കടന്നുവരുന്നു.അക്ഷരഭ്യാസമില്ലാത്തവർക്കും  പ്രായമായവർക്കും കത്തുവായിപ്പിച്ച് കേൾപ്പിക്കുകയും ഓരോ വീടുകളിലെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുകൊള്ളുന്ന പോസ്റ്റുമാൻ ഗ്രാമങ്ങളിലുള്ളവർക്കു പ്രിയപ്പെട്ടവനാണ്. ഗ്രാമത്തിലെ വീടുകളെ ബന്ധിപ്പിക്കുന്ന ഒരുപാലമാണ് പോസ്റ്റുമാൻ.അങ്ങിനെ പോസ്റ്റ്മാൻ അച്ചുവേട്ടനെന്ന കാലത്തെ മരണം കൊണ്ടുപോകുന്നു.ഒരു സ്നേഹസ്പർശമുള്ള ചരിത്രമങ്ങനെ ചില ഓർമ്മകളിൽ മാത്രമാകുന്നു.കർമ്മകാണ്ഡത്തിലെ അനിവാര്യമായ അവസാന യാത്ര മരണത്തിലേയ്ക്കാണ്. എല്ലാവരും അതിലേയ്ക്കെത്തി ചേരുമെന്നുള്ളത് ശാശ്വതമായ ഒരു സത്യമാണ്.

കാലം എല്ലാകഥകളിലേയും പോലെ ഇവിടെയും കടന്നെത്തുന്നു. മുത്തശ്ശനാണ് ഇവിടെ കാലം. ആ കാലവും ഒരിക്കൽ മറവിയിലേയ്ക്കാണ്ടുപോകും.

  “മുത്തശ്ശൻ” എന്ന കഥയിൽ നന്ദനെന്ന കുട്ടി മുത്തശ്ശനോടൊപ്പം കഥയിലും പാട്ടിലും കളിയിലും  ആഹ്ളാദം പൂണ്ടു നടക്കവെ പൊടുന്നനെ സമയമായെന്ന തിരിച്ചറിവിൽ കുട്ടിയെ വിട്ടുപിരിയേണ്ടിവരുന്നു. കുട്ടിയുടെ വിഷമം മുത്തശ്ശനില്ലാതെ എങ്ങനെ തുടർന്നുള്ള ജീവിതം ജീവിക്കുമെന്നാണ്. കളിയ്ക്കാൻ ഇനിയും കിളികളും കൂട്ടുകാരും വരുമെന്നും മുത്തശ്ശൻ്റെ യാത്രയുടെ അവസാനമായെന്നും പറഞ്ഞ് മുത്തശ്ശൻ മരണത്തിലേയ്ക്കു നടന്നെത്തുന്നു.മുത്തശ്ശൻ്റെ മരണം കുറച്ചുകാലം നന്ദനെന്ന കുട്ടിയെ വേദനിപ്പിച്ചെങ്കിലും കാലത്തിൻ്റെ കുത്തൊഴുക്കിൽ പുതിയ കൂട്ടുകാരെ കണ്ടെത്തിയതോടെ മുത്തശ്ശൻ മറവിയിലേയ്ക്കാണ്ടു പോകുന്നു. 
കാലം കടന്നുപോകെ ജരാനരകൾ ബാധിച്ച് നന്ദനെന്ന കുട്ടിയും മുത്തശ്ശനാകുന്നു. ഓരോ മുത്തശ്ശൻമാരും യാത്രപറയുമ്പോൾ മറ്റുകുട്ടികൾ വേദനിക്കുന്നു. ഇതൊരു പ്രക്രിയയാണ്. ജീവിതത്തിൽ എന്നും തുടരുന്നത്. എത്ര പ്രിയപ്പെട്ടവരാണെങ്കിലും കാലം മായ്ക്കുന്നു ആ വേദനകളെപോലും.

   ഗ്രാമത്തിലെ കൂറ്റൻ തറവാട്ടിൽ പഴക്കവും പാരമ്പര്യവും മത്തുപിടിപ്പിക്കുന്ന സൗന്ദര്യത്തിൽ സമ്പത്തിൻ്റെയും ചമയങ്ങളുടെയും അഹങ്കാരത്തിൽ വളർന്നു വന്ന പെണ്ണാണ് കമലം നാലുകെട്ടിൽ അവളുടെ ജീവിതം രഹസ്യഅറയിൽ ഒളിപ്പിച്ചു .ദാസിമാർ കല്പനകൾ അനുസരിച്ചു. കാണാൻ വരുന്നവർക്ക് പടിപ്പുരയ്ക്കിപ്പുറം പ്രവേശനം നിഷേധിച്ച കമലത്തിൻ്റെ തറവാട്ടിൽ ഒരു രഹസ്യം തുടൽപൊട്ടിച്ച് പുറത്തുചാടുന്നു. തറവാടുഭരിക്കാൻ അച്ഛനാര് എന്നൊരു ചോദ്യമവശേഷിച്ച് ഒരാൺത്തരിയുടെ ജനനം. അമ്മമനസ്സെന്ന കഥ കമലത്തിൻ്റെ വേദനയുടെ കഥയാണ്.

  അച്ഛനില്ലാത്ത അവൻ വളർന്ന് ഉയരങ്ങളിലെത്തവെ വിവാഹം കഴിഞ്ഞ് നാട്ടിൻപുറത്തെ നാലുകെട്ടും കൃഷിയിടങ്ങളും വിറ്റ് നഗരമധ്യത്തിലേയ്ക്ക് കുടിയേറിയപ്പോൾ കമലം കമലമ്മയായി. ഒറ്റപ്പെടലിൻ്റെ വേദന തിരിച്ചറിഞ്ഞു. ഒരിക്കൽ കൽപ്പനകൾ പുറപ്പെടുവിച്ച കമലമ്മ സ്വരം നഷ്ടപ്പെട്ടവളായി.വാർദ്ധക്യത്തിൽ അധികപറ്റാവുമ്പോൾ പടിയിറങ്ങിപോകേണ്ടിവരുന്ന ഒരമ്മയായി തീരുന്നു കമലമ്മ. ആർക്കും വേണ്ടാതായി മകനുപോലും വേണ്ടാത്ത അവർ അനാഥത്വത്തിൻ്റെ ഭാരത്തിൽ മുങ്ങിതാഴുന്നു.പേരക്കുട്ടി ജനിച്ചെങ്കിലും  അവരെ കാണാനനുവദിക്കുന്നില്ല.എരിഞ്ഞുതീരാറായ അവരുടെ മുണ്ടിൻ്റെ കോന്തലയിൽ പേരക്കുട്ടിയ്ക്കായി കരുതിവച്ചൊരു നാണയം വിലപിക്കുമ്പോൾ കല്ലടിക്കോടൻ മലകടന്നെത്തിയ കാറ്റ് കരയുകയാണ്. “അമ്മമനസ്സിൻ്റെ “തേങ്ങലായി അത് മലനിരകളെ പോലും വേദനിപ്പിക്കുന്നു.

  മാലതിയെന്ന ബാങ്കുദ്യോഗസ്ഥയ്ക്ക് കുടുംബത്തിനോടായി ചെയ്തുതീർക്കാൻ ഒരുപാടു ചുമതലകൾ ഉണ്ട്. വിവാഹം വേണ്ടെന്നു തീരുമാനിച്ചിരുന്ന അവൾക്ക് കുടുംബക്കാരുടെ നിർബന്ധത്താൽ വിവാഹത്തിനു സമ്മതിയ്ക്കേണ്ടി വരുന്നു. തന്നെ പെണ്ണുകാണാൻ വന്ന ഗോപിയോട് തൻ്റെ ജോലിയും സമ്പത്തും കണ്ട് മോഹിക്കരുതെന്നും ഒരുപാടു ബാധ്യതകളുണ്ടെന്നും പറയുന്നു.എല്ലാനിബന്ധനകളും സമ്മതിച്ച് ഒരാർഭാടവുമില്ലാതെ അപ്പോൾ തന്നെ  വിവാഹം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച ഗോപിയുടെ കൈയ്യിൽകൊണ്ടുനടക്കുന്ന  ചളിപിടിച്ചു പഴകിയ ആ “താലിമാല” ഒരുമരണമാല്യമായി പിന്തുടരുകയാണെന്ന നടുങ്ങുന്ന സത്യം  മാലതിയെ പോലെ ‘താലിമാല’ എന്ന കഥ വായിക്കുന്നവരെയും ബോധം കെടുത്തും

  “തിരുനാവായ”യിലേയ്ക്ക് ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഒരിക്കൽ എല്ലാമായിരുന്ന സുമിത്രയെ കാണാൻ ചെന്ന വിശ്വനാഥിന് ചിതയിൽ എരിഞ്ഞുതീരായ അവളെയാണ് കാണാനായത്. വൈകിപോയെന്ന ചിന്ത തളർത്തുമ്പോൾ അയാൾ സുമിത്രയുടെ അന്ത്യ കർമ്മങ്ങൾക്കായി കർമ്മിയെതേടുകയും ബലിതർപ്പണവും ചെയ്യുന്നു. എല്ലാബന്ധങ്ങളും നിയമപരമായി മുറിച്ചെറിഞ്ഞാലും മനസ്സിനകത്ത്  ബന്ധങ്ങളുടെ ചരട് മുറിച്ചുമാറ്റാനാവുന്നതെങ്ങനെയെന്ന ചോദ്യത്തിനുത്തരമാകുന്നു “തിരുനാവായ”എന്ന കഥ

   വിവാഹം കഴിഞ്ഞതോടെ സ്വത്തൊക്കെ തൻ്റെ പേരിലാക്കി നഗരത്തിൽ മണിമാളിക കെട്ടി സുഖലോലുപതയിൽ മയങ്ങി അമ്മയെ വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കിയ ഭദ്രൻ ആർത്തിപിടിച്ച് സമ്പാദിച്ചതും വെട്ടിപിടിച്ചതും നേടിയതൊക്കെ വെറുതെയായിരുന്നെന്ന് തിരിച്ചറിയുന്നു. പുരയിടങ്ങളുടെ ആധാരങ്ങളും പണവുമായി അമ്മയെ അന്വേഷിച്ചു വൃദ്ധസദനത്തിൽ ചെന്നപ്പോൾ അയാളുടെ അമ്മ പവിത്രമോതിരം കൂടി അയാൾക്കായി നീക്കിവച്ച് ഈലോകം തന്നെ വിട്ടുപോയ വാർത്തയാണ് നടുക്കത്തോടെ കേൾക്കേണ്ടിവന്നത്.

   മുണ്ടൂരിൻ്റെ കഥകളിൽ നിഗൂഢമായ സത്യങ്ങളുണ്ട്. ആഴങ്ങളിലേയ്ക്കിറങ്ങി ചെല്ലുമ്പോൾ പതുങ്ങിയ ഒരു നിലവിളി ഉച്ചത്തിലാവുന്നു. വിലകൂടിയതെല്ലാം ഒരു നിമിഷം “ആർക്കും വേണ്ടാതെ”യാവുന്നുവെന്ന് ഇക്കഥ ഓർമ്മപ്പെടുത്തുന്നു.

    മത്തൻവള്ളി ഒരു പ്രതീകമാകുന്നു. പൊടുന്നനെ അപ്രത്യക്ഷമാകുന്ന ചില പെൺകുട്ടികൾ നോവായി പടർന്നു കയറുന്നു.  മകളെ നഷ്ടപ്പെട്ട അമ്മയുടെ അരികിലേയ്ക്ക് “മത്തൻവള്ളി” ഇഴഞ്ഞുകയറുന്നു. അത് ചുമരിലൂടെ കയറി ജനാലയിലൂടെ ഇറങ്ങി മുറിയിലെത്തി .മത്തൻവള്ളി അമ്മയ്ക്ക് കൂട്ടാവുന്നു. അവരുടെ കരയുന്ന കൺപീലികളെ തഴുകുന്നു.ചെറുതെങ്കിലും ശക്തമായ കഥയാണ് ‘മത്തൻവള്ളി’. രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച് ചില പ്രതീകങ്ങളിലുടെ കഥ പറയുന്ന ശൈലി വായനക്കാരനെ വേറൊരുതലത്തിലേയ്ക്ക് എത്തിയ്ക്കും. നോവായി പടർന്നുകേറും.സന്തോഷത്തിൻ്റേയും സ്നേഹത്തിൻ്റേയും ചിഹ്നമാണ് “പായസം”. സ്നേഹത്താൽ കുറുക്കിയെടുത്ത പാലട പായസത്തിൻ്റെ രുചി നാവിൽ നൊട്ടിനുണയാത്തവരുണ്ടാവില്ല. വിശ്വൻ ഭാര്യ മാലതിയോട് പാലട പായസത്തിന് കൊതി പറയുമ്പോൾ മാലതിയുടെ ചിന്തയിൽ ഒരു മഴക്കാറു കെട്ടികിടക്കുകയാണ് . പണ്ട് പിറന്നാൾ ദിനത്തിലുണ്ടായ മകൻ്റെ വേർപാട് ഹൃദയം നുറുക്കുന്ന വേദനയായി അവരെ വേട്ടയാടുമ്പോൾ പായസം ഒരു വേദനയുടെ ചിഹ്നമായി പ്രതിഷ്ഠിക്കപ്പെടുന്നു. 

  പ്രഭാതത്തിൽ നടക്കാനിറങ്ങിയപ്പോൾ  വഴിവക്കിൽ  മരിച്ചുവീണ പെൺകുട്ടി ഒരിക്കലും അയാളുടെ ഹൃദയത്തെ വേദനിപ്പിക്കുന്നില്ല .പലപ്പോഴും ഒരപകടം മറ്റാർക്കെങ്കിലും പറ്റുകയാണെങ്കിൽ അതിൽ നമുക്കെന്ത് കാര്യം  എന്ന രീതിയിൽ പ്രതികരിക്കുന്ന വരാണ് നാമൊക്കെ.എന്നാൽ അതു നമ്മെ ബാധിക്കുമ്പോഴാണ് മറ്റുള്ളവരുടെ വേദനയും നടുക്കവും നമ്മളിൽ തിരിച്ചറിവുണ്ടാകുന്നത് .വഴിയോരത്ത് മരിച്ചു വീണ പെൺകുട്ടി “ആരുടെയോ ഒരു കുട്ടി” അല്ല അത് തൻ്റെ മകളാണെന്ന് അറിയുമ്പോളുണ്ടാകുന്ന ഒരു നെഞ്ചിടിപ്പും ഹൃദയം നുറുങ്ങുന്ന വേദനയും നടുക്കവും വായനക്കാരിലേയ്ക്കും പടർന്നു കത്തുകയാണ്.

   ഒരു യഥാർത്ഥ മനുഷ്യനെങ്കിൽ മറ്റുള്ളവരുടെ വേദനകളും നമ്മുടെ വേദനയായി കാണാനുള്ള ഹൃദയമുണ്ടായിരിക്കണം. അതെല്ലാം എത്ര പേർ തിരിച്ചറിയുന്നുണ്ടെന്നുള്ള ഒരു സത്യം ഇക്കഥ നമ്മെബോധ്യപ്പെടുത്തും അല്ലെങ്കിലും ആവശ്യം വരുമ്പോൾ മാത്രം ഓർക്കുകയും അതുകഴിഞ്ഞ് വിസ്മരിക്കപ്പെടുകയും ചെയ്യുകയാണ് സ്വന്തവും ബന്ധവും .ഓണമുണ്ണുവാനുള്ള ആശയോടെ മാധവനുണ്ണി കൂടപ്പിറപ്പുകളെയും നഗരത്തിൽ  തനിക്കു രക്ഷയായ ലളിത യേയും ഓർക്കുന്നു . എല്ലാവർക്കും തിരക്കാണ്. അവസാനമാണ് അമ്മയെ ഓർക്കുന്നത്. അമ്മയോടൊപ്പമെങ്കിലും ഒരോണമുണ്ണാമെന്ന് കണക്കുകൂട്ടൽ നടത്തി എന്നോ വൃദ്ധസദനത്തിലാക്കിയ അമ്മയെ തേടിയെത്തുമ്പോൾ അമ്മ മരണത്തിലേയ്ക്കു നടന്നുപോയിരുന്നു. ‘ചിങ്ങത്തിൻ്റെ കണ്ണ് ‘എന്ന കഥ അങ്ങിനെ ഒരു നോവാവുന്നു.

 പുഴയ്ക്കക്കരെ സുലോചനയുടെ വീട്ടിലേക്ക് ഗോപിക്കുട്ടൻ അവളുടെ മകൾ സുനന്ദയുടെ വിവാഹമാണെന്നറിഞ്ഞ് യാത്രയാവുന്നു. കാട്ടാനകൾ മദിച്ചുനടക്കുന്ന പുഴയിലൂടെ ഭയമില്ലാതെ അയാൾ  നടക്കുമ്പോൾ പുഴയ്ക്കരയിലെ സുലോചനയുടെ വീടുമാത്രമാണ്  ലക്ഷ്യം.           സുലോചന അറിയാതെ ഗോപിക്കുട്ടൻ മനസ്സിൽ പ്രണയിച്ചു നടന്ന അവളെ വേറൊരാൾ കെട്ടുകയും മകൾ പിറന്നതോടെ വേറൊരു കാമുകനുമായി ഒളിച്ചോടുകയും ചെയ്തെങ്കിലും അയാൾ ”സുലോചനയുടെ വീട് ”മറന്നില്ല.

    ഓർമ്മകളിൽ സുലോചന പവിഴമല്ലിപൂക്കളായി വിരിഞ്ഞു നിന്നു. ആരുമല്ലാതിരുന്നിട്ടും ക്ഷണിച്ചിട്ടില്ലെങ്കിൽ പോലും സുലോചനയുടെ മകൾ സുനന്ദയുടെ വിവാഹത്തിന് പുഴ നീന്തി കടന്ന് ചെളിനിറഞ്ഞ വരമ്പിലൂടെ സുലോചനയുടെ വീട്ടിലേക്ക് അയാൾ നടന്നു.  പാടം കയറിയപ്പോഴാണ് പൂത്തുലഞ്ഞ പവിഴമല്ലി കടപുഴകികിടക്കുന്നത് കണ്ടത്.പരിഭ്രാന്തനായി അയാൾ ദിശയറിയാതെ വഴി അറിയാതെ എവിടെയോ ചെന്നുപെടുന്നു.കാഴ്ചകളില്ലാത്ത ആകാശം ഉറങ്ങികിടന്ന വഴികളിൽസുലോചനയുടെ വീടും സുനന്ദയും അപ്രത്യക്ഷമാകുന്നു. ഒരാനയുടെ ചിന്നം വിളി ഉയരുകയും അയാൾക്കുമേൽ അമർന്നതും മിഥ്യയോ സത്യമോ എന്നറിയാതെ പിടഞ്ഞു പോകുന്നു.
                 
  ആനവരമ്പ് നോവലൈറ്റാണ്. ചെറുകഥയ്ക്കും നോവലിനിടയിലുമുള്ള രൂപം. കനകവും ഗോപിക്കുട്ടനും ഉണ്ണിയും ദിവാകരനുമാണ് കഥാപാത്രങ്ങൾ .കനകത്തെ വിവാഹം ഉറപ്പിച്ചു പോയ  ഗോപിക്കുട്ടനെ കാണാതാവുന്നു.അയാൾ ജോലിസ്ഥലത്തും എത്തിയിട്ടില്ലെന്നറിയുന്നതോടെ എല്ലാവരും വിഷമിക്കുമ്പോഴും ഒരു
പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട് അവൾ. ഗോപിക്കുട്ടൻ്റെ തിരോധാനത്തോടെ കമ്പനിയിലെ  ജോലി അനുജൻ ഉണ്ണിക്ക് ലഭിക്കുന്നു. കനകത്തിൻ്റെ ഓഫീസിലെ  ദിവാകരനുമായുള്ള ബന്ധം അവൾക്ക് ഇഷ്ടമായിരുന്നില്ല.

   അനുജൻ ഉണ്ണിയുമായി കനകം അടുക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിൻ്റെ സുദിനത്തിൽ ഗേറ്റ് കടന്നെത്തിയ ജടപിടിച്ച മുടിയും കീറിപ്പറിഞ്ഞ വസ്ത്രധാരിയുമായ ദിവാകരനെ കണ്ട്  ഞെട്ടുന്നു. കാണാതെപോയ ഒരാൾ പെട്ടെന്ന് തിരിച്ചെത്തുമ്പോൾ അയാളുടെ അഭാവത്തിൽ അയാളുമായുള്ള ഓരോ ബന്ധങ്ങളുടേയും കണ്ണികൾ അറ്റുപോയിട്ടുണ്ടായിരിക്കും. ഒരിക്കൽ കാണാതെപോയവർ, മരണത്തിൻ്റെ വക്കിൽ നിന്നും തിരിച്ചെത്തുമ്പോൾ പലരുടേയും കണക്കുകൂട്ടലുകളാണ് തെറ്റുന്നത്. എന്നാൽ അയാൾ അപ്പോഴേക്കും മരണത്തിലേക്ക് വീണുപോയിരുന്നത് ഒരാശ്വാസമാകുന്നു പലർക്കും. പഴയൊരു സിനിമാകഥയിലെ രംഗം പോലെ ഉണ്ണി കനകത്തിനോടൊപ്പമുണ്ടെന്നു പറഞ്ഞ് അവളെ ആശ്വസിപ്പിക്കുന്നതോടെ കഥ അവസാനിക്കുകയാണ്.

   അപ്രതീക്ഷിതമായ കാണാതാവലും വർഷങ്ങൾക്കുശേഷം തൻ്റെ പ്രിയപ്പെട്ടവളുടെ വിവാഹ ദിനത്തിൽ തിരിച്ചെത്തുന്നതും മരിച്ചുവീഴുന്നതുമൊക്കെ അവിശ്വസനീയമായി തോന്നുന്നുണ്ട്. ഒട്ടേറെ കഥകളിൽ പറഞ്ഞുപോയ വിഷയമായും അനുഭവപ്പെട്ട ഇക്കഥയിൽ പുതുമയൊന്നുമില്ല.എന്നാൽ കഥയിലെ ശിൽപ്പനിർമ്മിതി നന്നായിട്ടുണ്ട്.പാലക്കാടൻ ഗ്രാമത്തിൻ്റെ ചെത്തും ചൂരും നിറഞ്ഞ നാട്ടുഭാഷകളും നാട്ടിടവഴികളും കഥകളിലേയ്ക്കാവാഹിച്ച് സാധാരണ ജീവിതങ്ങളുടെ വേദനകളും പിടച്ചിലുകളുമാണ് ഹൃദ്യമായി മുണ്ടൂർ പറഞ്ഞുവയ്ക്കുന്നത്. നിഗൂഢമായതെന്തൊക്കെയോ എവിടെയൊക്കെയോ പുകച്ചിലുണ്ടാക്കുന്നുണ്ട്.
കാച്ചികുറുക്കിയ പദങ്ങൾ കുറിക്കുകൊള്ളുന്ന വാക്കുകൾ ഉള്ളുലയ്ക്കുന്ന മുഹൂർത്തങ്ങൾ
അതുകൊണ്ടുതന്നെയാണ് മുണ്ടൂരിൻ്റെ കഥാസവിശേഷത വായനക്കാരനെ ഹൃദയപക്ഷത്തോടു ചേർത്തുനിർത്തുന്നതും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here