എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്കാര (2017) ജേതാവുമായ കൃഷ്ണ സോബ‌്തി ( 93) വിടവാങ്ങി. ഹിന്ദിയിലെ ഐതിഹാസിക കൃതികളുടെ രചയിതാവാണ് കൃഷ്ണ സോബ‌്തി.
1980 ൽ ‘സിന്ദഗിനാമ’ എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1996-ൽ അക്കാദമിയുടെ ഏറ്റവും ഉന്നത പുരസ്ക്കാരമായ സാഹിത്യ അക്കാദമി ഫെലോഷിപ്പിനും അർഹയായിട്ടുണ്ട്. 2010-ൽ സർക്കാർ പത്മഭൂഷൺ അവാർഡ് നൽകിയിരുന്നുവെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു.
പാക്ക്-പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റാത്തിൽ 1925 ഫെബ്രുവരി 18-നാണ് കൃഷ്ണ സോബ‌്തി ജനിച്ചത്. ഡൽഹിയിലും ഷിംലയിലും ലാഹോറിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ലാഹോറിലെ പഠനകാലത്ത് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ദോഗ്രി എഴുത്തുകാരൻ ശിവ്‌നാഥാണ് ഭർത്താവ്. എഴുപതാം വയസ്സിലാണ് അവർ ശിവ്‌നാഥിനെ വിവാഹം ചെയ്തത്. ഡൽഹിയിലായിരുന്നു താമസം.
ഹിന്ദി, ഉര്‍ദു, പഞ്ചാബി സംസ്കാരങ്ങളുടെ വിവിധ ഭാവങ്ങളാണ് സോബ്തിയുടെ സാഹിത്യത്തിന്റെ അന്തര്‍ധാര. വിഭജനകാലത്തിന്റെ ഓര്‍മകളും മാറുന്ന ഇന്ത്യയില്‍ മാനുഷിക ബന്ധങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും കാലത്തിനൊപ്പം ചോരുന്ന മാനുഷികമൂല്യങ്ങളും ആവിഷ്കരിക്കുന്നതാണ് സോബ്‌ദിയുടെ രചനകള്‍.
സാമൂഹിക അനീതിക്കും സര്‍ക്കാരിനുമെതിരെ അവസാനകാലംവരെ ശക്തമായ നിലപാടെടുത്ത എഴുത്തുകാരിയാണ് അന്തരിച്ച കൃഷ്ണ.
2015-ൽ, ദാദ്രി സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തോടെ, (ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയതിലും കന്നടയില്‍നിന്നുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എം എം കലബുര്‍ഗിയെ വധിച്ചതിലും പ്രതിഷേധിച്ച്) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ തിരികെ നൽകി എങ്കിലും അത് തിരികെ സ്വീകരിക്കപ്പെട്ടിട്ടില്ല.
പ്രധാന കൃതികൾ: ദർവാരി, മിത്ര മസാനി, മനൻ കി മാൻ, ടിൻ പഹദ്, ക്ലൗഡ് സർക്കിൾ, ഫ്‌ളവർസ് ഓഫ് ഡാർക്ക്‌നെസ്സ്, ലൈഫ്, എ ഗേൾ, ദിൽഷാനിഷ്, ഹം ഹഷ്മത് ബാഗ്, ടൈം സർഗം