ഇനി കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് അഴിയും

0
226

കൊയിലാണ്ടി നഗരത്തിലെ ട്രാഫിക് പരിഷ്കരണങ്ങള്‍ക്കായി നാറ്റ്പാകിന്‍റെ സഹായത്തോടെ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം തയ്യാറാക്കിയ 2 കോടി 98 ലക്ഷം രൂപയുടെ പദ്ധതിക്ക് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇന്നലെ ചേര്‍ന്ന സംസ്ഥാന റോഡ് സുരക്ഷാ സമിതി അംഗീകാരം നല്‍കി. നഗത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് എം.‍എല്‍.എ യുടെ നേതൃത്വത്തില്‍ നേരെത്തെ തന്നെ ഒട്ടനവധി യോഗങ്ങള്‍ ഗതാഗത മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തുകൊണ്ട് കൊയിലാണ്ടിയില്‍ വെച്ച് നടക്കുകയുണ്ടായി.

ഇതിന്റെ ഭാഗമായി റോഡ‍് സേഫ്റ്റി കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ന്ന് നാറ്റ്പാകിന്‍റെ സഹായത്തോടെ പദ്ധതിയുടെ അന്തിമ രൂപ രേഖ തയ്യാറാക്കുകയും ചെയ്തു. ഈ പദ്ധതിക്കാണ് ഇപ്പോള്‍ പണം അനുവദിച്ചു കൊണ്ട് സര്‍ക്കാരിന്റെ അനുമതിയായത്. ഇതോടെ എം.എൽ.എ.യുടെയും നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായി കൊയിലാണ്ടി മറ്റൊരു സൗഭാഗ്യംകൂടി പൂവണിയുകയാണ്.

കൊയിലാണ്ടി പഴയ ബസ്റ്റാന്‍റ് ഭാഗം കൂടി ഉള്‍പ്പെടുന്ന നഗര കേന്ദ്രത്തില്‍ നിന്നും ഇരുവശത്തേക്കും തെക്ക് പഴയ ആര്‍.ടി.ഒ ഓഫീസ് വരെയും വടക്ക് ഗവ.ബോയ്സ് സ്കൂള്‍ ജംഗ്ഷന്‍ വരെയുമാണ് ട്രാഫിക് പരിഷ്കാരത്തിന്‍റെ ഭാഗമായുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുക. പഴയ ബസ്റ്റാന്‍റിന് മുന്‍വശത്തായി പുതിയ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കും. ഇപ്പോള്‍ വടക്കു ഭാഗത്തേക്കുള്ള ലിമിറ്റഡ് ബസ്സുകള്‍ നിര്‍ത്തുന്ന ഭാഗത്ത് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറും സ്ഥാപിക്കും.

കൊയിലാണ്ടി കോടതിയുടെ ഭാഗത്ത് നിന്നും ചുറ്റുമതില്‍ നിര്‍മ്മിക്കുന്ന വേളയില്‍ വിട്ടുകിട്ടുന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തി ആ ഭഗത്തുള്ള ഓടകള്‍ മാറ്റിപ്പണിത് വീതി വര്‍ദ്ധിപ്പിക്കും. കൂടാതെ ബോയ്സ് സ്കൂള്‍ ജംഗ്ഷന്‍ മുതല്‍ പഴയ ആര്‍.ടി.ഒ ഓഫീസ് വരെയുള്ള ഭാഗങ്ങളില്‍ റോഡ‍ിന് ഇരുഭാഗത്തുമുള്ള ഓവുചാലുകളില്‍ ആവശ്യം വേണ്ടുന്നവ പുനര്‍നിര്‍മ്മിക്കുകയും, ടൈലുകള്‍ പാകുകയും, കൈവരികള്‍ നിർമ്മിക്കുകയും ചെയ്യും.

ഇതിന് മുന്നോടിയായി ഈ ഭാഗങ്ങളിൽ സര്‍വ്വെ നടത്തി കൈയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ആവശ്യം വേണ്ടുന്ന ഭാഗങ്ങളില്‍ സുരക്ഷയുടെയും ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെയും ഭാഗമായി ക്യാമറകള്‍ സ്ഥാപിക്കും. എന്നാല്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ സിഗ്നല്‍ സിസ്റ്റം ഇല്ലാത്ത രീതിയില്‍ ആണ് പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്. നഗര കേന്ദ്രത്തില്‍ ഇപ്പോഴുള്ള ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി തൂണുകളും അടിയന്തരമായി മാറ്റി സ്ഥാപിച്ചു കൊണ്ടാണ് പ്രവൃത്തികള്‍ ആരംഭിക്കുക. പൊതുമരാമത്ത്
ദേശീയ പാതാ വിഭാഗത്തിനാണ് പരിഷ്കരാങ്ങളുടെ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here