കൊതി കൂട്ടും ജല പ്രാണി

0
296

കോമ്പൗണ്ട് ഐ
വിജയകുമാർ ബ്ലാത്തൂർ

പല തരം ഷഡ്പദങ്ങളെയും തേളിനേയും പഴുതാരയേയും  വറുത്തും പൊരിച്ചും തിന്നുന്ന  തെക്ക്കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ആളുകളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ – അറപ്പും വെറുപ്പും കൊണ്ട് “ശ്ശെ ! ” എന്ന് മുഖം ചുളിച്ച് പ്രതികരിക്കുന്നവരുടെ എണ്ണം ഇപ്പോൾ നമ്മുടെ നാട്ടിലും കുറവാണ്. (ചെമ്മീനേയും ഞണ്ടിനേയും തിന്നുന്നവർ ആണ് ഈ അറപ്പ് പറയുന്നത് എന്ന് കാണുമ്പോൾ എനിക്ക് ചിരി വരാറുണ്ട്). ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പല ഇടങ്ങളിലും മാർക്കറ്റുകളിൽ ഇവയൊക്കെ വിൽപ്പനയ്ക്ക് വെക്കാറും ഉണ്ട്.  എന്നാൽ പല തെക്ക് കിഴക്കൻ ഏഷ്യൻ  രാജ്യങ്ങളിലും ഏറ്റവും  വില കൂടിയ ചില ഭക്ഷ്യ  വിഭവങ്ങൾ  ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് Lethocerus indicus  എന്ന ഇനം ജലപ്രാണികളെയാണ് (ജയ്ൻറ് വാട്ടർ ബഗ്). 6 മുതൽ 8 സെൻ്റീമീറ്റർ വരെ നീളമുള്ളതാണ്  കറുപ്പ് നിറമുള്ള ഈ  പ്രാണികൾ. വെള്ളത്തിലെ മീനുകൾ, തവളക്കുഞ്ഞുങ്ങൾ, തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണം. കാഴ്ചയിൽ പരന്ന കൂറയാണോ എന്ന് തോന്നിക്കുന്ന ഒരു പ്രാണിയാണ് ജയിന്റ് വാട്ടർ ബഗ് .
ലോകത്തെങ്ങുമായി  Belostomatidae കുടുംബത്തിൽ പെട്ട, ശുദ്ധജലത്തിൽ ജീവിക്കുന്ന ഭീമൻ ജല പ്രാണികളുടെ  170 ൽ പരം സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട് . toe-biters, Indian toe-biters, electric-light bugs, (രാത്രികളിൽ ജലാശയങ്ങളിൽ നിന്ന് കരയിലെ ഇലക്ട്രിക് ബൾബ് പ്രകാശത്തിനടുത്തേക്ക് പാറി വരുന്ന ശീലമുള്ളതിനാൽ കിട്ടിയ പേരാണ്), alligator ticks  (കാഴ്ചയിൽ ഒരു ഭീകരരൂപി ആണല്ലോ ഇവർ ) തുടങ്ങിയ നാട്ടു പേരുകളിൽ അറിയപ്പെടുന്നവയാണ് ഇവ. മീനുകളെയും തവളക്കുഞ്ഞുങ്ങളേയും ഒച്ചുകളേയും മാത്രമല്ല ഇവയിലെ വലുപ്പം കൂടിയ സ്പീഷിസുകൾ ചെറിയ ആമക്കുഞ്ഞുങ്ങളേയും ജലപ്പാമ്പുകളേയും വരെ ആക്രമിച്ച് വിഷമുള്ള വദനദ്രാവകങ്ങൾ കുത്തിച്ചെലുത്തി കൊന്നു തിന്നും. മനുഷ്യരെപ്പോലെ വലിയ ശത്രുക്കളെക്കണ്ടാൽ ചത്തതു പോലെ അഭിനയിച്ച് രക്ഷപ്പെടാനും ഇവർക്ക് അറിയാം.

ഇവയുടെ ചിറക് പേശികൾക്ക് പ്രത്യേക ഗന്ധവും രുചിയും ഉണ്ട്.  മധുരച്ചിപ്പി ഇറച്ചിയുടെയും  ചെമ്മീൻ ഇനങ്ങളുടെയും സമാന രുചി. വളരെ കുറഞ്ഞ അളവിൽ ആണെങ്കിലും അത് മൊത്തം ഭക്ഷണത്തിൻ്റെ രുചിയെ പെരുപ്പിച്ച്  മാംസാഹാരികളെ കൊതിപ്പിച്ച് ഉണർത്തും.
വിയറ്റ്നാമിൽ ഈ ജല പ്രാണികളെ  കാ ക്വോങ് (cà cuống ) എന്നാണ് വിളിക്കുന്നത്. പ്രാണിയെ പിടികൂടി  മൊത്തം പുഴുങ്ങിയോ വറുത്തോ ഭക്ഷണമാക്കും. വിയറ്റ്നാമിൽ വളരെ വില കൂടിയ ഭക്ഷ്യവിഭവം ആണ് ഈ ജലപ്രാണി ഫ്രൈ !. ഇവയെ മൊത്തമായി തിന്നുന്നതിന് പകരം   ഈ ആൺ പ്രാണികൾ  ഇണകളെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന  ഫിറമോൺ എന്ന  രാസവസ്തു ഗ്രന്ഥികളും അവ  ശേഖരിക്കപ്പെട്ട കുഞ്ഞ് ഡക്റ്റുകൾ മാത്രമായി വേർതിരിച്ച് എടുക്കുന്ന പരിപാടിയും ഉണ്ട്. ഫിറമോൺ മാത്രമായി  സ്ഫടിക കുപ്പികളിൽ ആക്കി സൂക്ഷിക്കും. നൂറുകണക്കിന് ജല പ്രാണികളിൽ നിന്നും മാത്രമാണ് ഇത്തിരി സത്ത് കിട്ടുക. ഈ സത്ത് ഉണ്ടാക്കാൻ ഇത്രയധികം വിഷമം ഉള്ളതിനാൽ മുടിഞ്ഞ വിലയാണ്. എങ്കിലും  ആവശ്യക്കാർ ഏറെയുള്ളതിനാൽ വ്യാജ സത്തുകളും മാർക്കറ്റിൽ ധാരാളമായി ഉണ്ട്. പല്ലിടകുത്തിയുടെ മുനയിൽ കൊള്ളുന്നത്ര സത്ത് മതിയത്രെ ഒരു പാത്രം സൂപ്പും അരി നൂഡിൽസും  പലഹാരവും ഒക്കെ അത്ഭുത രുചിയും മണവും ഉള്ളതാക്കാൻ. ധനികർ ആർഭാടപ്രദർശനത്തിനായി പ്രത്യേക വിരുന്നുകളിൽ ഈ പ്രാണി സത്ത് ഉള്ള വിഭവങ്ങൾ വിശിഷ്ടമായി വിളമ്പും. 
തായ്ലാൻ്റിലും ഫിലിപ്പീൻസിലും ജലപ്രാണി സത്ത് വിവധ തരം ഭക്ഷണങ്ങളിൽ ചേർത്ത് കഴിക്കാനും പ്രാണികളെ മുഴുവനായി തിന്നാനും  ആളുകൾക്ക് വലിയ താത്പര്യമാണ്. ഒരു പ്രാണിക്ക് തന്നെ നാൽപതിനായിരം ഡോങ് വരെ വിലയുണ്ട് (നമ്മുടെ 125 രൂപയ്ക്ക് അടുത്ത് ). വലിയ വരുമാനം ലഭിക്കുമെന്നതിനാൽ ഇവയെ രാത്രികളിൽ ജലാശയങ്ങൾക്ക് അരികിൽ ഇലക്ട്രിക് ബൾബുകൾ കെട്ടി ആകർഷിച്ച് കെണിയിൽ കുടുക്കി ആളുകൾ പിടിക്കും. കൂടാതെ നല്ല  വരുമാനത്തിനായി ഇത്തരം ജലപ്രാണികളെ ശാസ്ത്രീയമായി  വളർത്തുന്ന കൃഷി  ഫാമുകളും പലയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 

വിജയകുമാർ ബ്ലാത്തൂർ

റഫറൻസ്:
1. P. J. Perez-Goodwyn (2006). Taxonomic revision of the subfamily Lethocerinae Lauck & Menke (Heteroptera: Belostomatidae)”. Stuttgarter Beiträge zur Naturkunde. A (Biologie) 695: 1–71.
2. http://www.thaibugs.com/edible%20insects.htm
3 Chapter 24 SE Asia Thailand Archived 2012-02-23 at the Wayback Machine

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here