കോലഭൂമി 

0
1019
athmaonline-kolabhoomi-thumbnail

അർജുൻ രവീന്ദ്രൻ

കേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിലെ വടക്കൻ ഗ്രാമങ്ങൾ. ചരിത്രപരമായും സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഏറെ സവിഷേതകളുള്ള ഈ നാട് പഴയ കോലസ്വരൂപത്തിന്റെ സിരാകേന്ദ്രമാണ്. ഈ പ്രദേശത്ത് എന്നെ ഏറ്റവും ആകർഷിച്ച ചില കാഴ്ചകളുണ്ട്. മാടായിപ്പാറയിൽ ഏഴിമലക്കരിമേഘങ്ങൾ തീർക്കുന്ന പെരുമഴയിൽ തുടങ്ങി കിള്ളയാറെന്ന കുപ്പം പുഴ വഴി എഴോത്തെ കൈപ്പാടുകളും കാവുകളും വരെ എത്തുന്ന ചില വടക്കൻ കാഴ്ചകൾ.

മാടായി മഴക്കാലം

തെക്ക് കിളിവള്ളിയാർ, പടിഞ്ഞാറ് ഏഴിൽ മല, വടക്ക് ഉച്ചൂളിക്കുന്ന്, കിഴക്ക് അടുത്തിലത്തറ – എല്ലാത്തിനും കേന്ദ്രബിന്ദുവായി തിരുവർകാട്ട് കാവ്. കാവിന്റെ വലത് വശത്തായി മനോഹരമായ ഒരു വഴിയുണ്ട്. മാടായിക്കാവിന്റെ നിഗൂഢതകളിലൂടെ കാവിരുട്ടിന്റെ ആഴങ്ങളെ തൊട്ട് കാട്ടുവള്ളികളെ പുൽകി ഒരൽപ്പനേരം നടക്കാം. കാവിലെ ഇലത്തുമ്പുകൾ തൊട്ട് പാറിപ്പറക്കുന്ന ചിത്രശലഭം പോലെ നടക്കാം. മനസിലൊരേയൊരു വർണമാണ് – പച്ച. ശലഭച്ചിറകുകളിലും മറ്റും ഒളിപ്പിച്ചു വച്ച മറ്റ് വർണങ്ങളുമുണ്ട്.

athmaonline-kolabhoomi-01
മാടായിക്കാവിലെ വള്ളിക്കെട്ട്, ഫോട്ടോ : വിപിൻ ശങ്കർ

കാവിൽ നിന്ന് മാടായിപ്പാറയിലേക്ക് വാതിൽ തീർത്തത് കാട്ടുവള്ളികൾ കൊണ്ടാണ്. വാതിൽ തുറന്ന് പുറത്തെത്തുമ്പോൾ ഏഴിമല തെളിഞ്ഞു കാണാം.

മാടായിക്കാവിൽനിന്നുള്ള ഏഴിമലയുടെ ദൃശ്യം ഫോട്ടോ : വിപിൻ ശങ്കർ

മഴ കഴിഞ്ഞ് പാറ ഒന്ന് തണുത്തു. വേനലിൽ കരിഞ്ഞ പുൽക്കൊടികൾക്ക് വരെ ജീവൻ വച്ചിരിക്കുന്നു. ജൂതക്കുളവും പാറക്കുളവും വടുകുന്നപ്പുഴയും നിറഞ്ഞു. തെക്കിനാക്കീൽ കോട്ടയിലും പുൽനാമ്പുകൾ മുളച്ചിരിക്കുന്നു. പടിഞ്ഞാറൻ ദിക്കിൽ കനത്തു പെയ്യുന്ന മഴയിൽ ഏഴിമല മങ്ങി.

athmaonline-kolabhoomi-06
ഫോട്ടോ – വിപിൻ ശങ്കർ

എത്ര കാലമായി ഇവിടിങ്ങനെ മഴ പെയ്യുന്നുണ്ടാകും. കര കടലായിരുന്നപ്പോഴും മഴ പെയ്തിട്ടുണ്ടാവണം. കോലഭൂപന്റെ തായ് വേരുകൾ ഏഴിമലക്കടപ്പുറത്ത് മരക്കലമിറങ്ങിയപ്പോഴും മഴ പെയ്തിട്ടുണ്ടാവും. മുരിക്കിഞ്ചേരിക്കേളു കോട്ടയ്ക്കൊറപ്പായി നിന്നപ്പോഴും മഴ പെയ്തിരുന്നു. കാരി ഗുരുക്കൾ വിരിഞ്ഞ മാനം നോക്കി മുഖം തണുപ്പിച്ചത് ഈ മഴയിലാണ്. തെക്കനാലും വടക്കനാലും ആലില്ലാത്തറകൾ മാത്രമായ ഈ കാലത്തും മഴയുണ്ട്. വാടിപ്പോയതിനെയെല്ലാം വെള്ളം തളിച്ച് ജീവൻ വയ്പ്പിക്കുന്ന മാതാവാണ് മഴ. പ്രതീക്ഷയാണ്, പ്രകൃതിയാണ്, അമ്മയാണ്, ഈശ്വരിയാണ്. ജഗദീശ്വരിയായി നില കൊള്ളുന്ന അച്ചി തന്നെയാവാം മഴയായി വരുന്നത്.

athmaonline-kolabhoomi-03
ഫോട്ടോ – വിപിൻ ശങ്കർ

മാടായിപ്പാറയിലെ ഒറ്റമരങ്ങൾ മഴ കൊള്ളുന്നത് കാണുമ്പോൾ ഒരു കുളിർമയാണ്, അവർ എത്ര സന്തോഷവാൻമാരാണ്. കനത്ത വേനലിൽ എരിഞ്ഞു തീരാറായപ്പോഴും പ്രകൃതി തന്നെ പുതു മഴ നൽകിയവരെ അതിജീവിപ്പിക്കുന്നു.

മഴ കനത്തതോടെ കുപ്പം പുഴ നിറഞ്ഞു തുളുമ്പി വയലുകളിൽ വെളളമെത്തിത്തുടങ്ങി. ഏഴോത്തിന്റെ തെക്കൻ ഭാഗങ്ങൾ മൊത്തം പുഴയായി. ചെറു തുരുത്തുകൾ രൂപപ്പെട്ടു. ജലപ്പരപ്പ് തൊട്ട് തോണികളൊഴുകിത്തുടങ്ങി. മാനത്തും വയലിലും അമ്പിളിയെ കണ്ടുതുടങ്ങി. തെങ്ങിൻ തലപ്പുകൾ ഇടവപ്പാതിപ്പെരുമഴയിൽ നനഞ്ഞു കുതിർന്നു. കവുങ്ങുകൾ ആടിയാടി നിന്നു. കൈപ്പാടുകൾക്ക് ജീവൻ വച്ചു, വയലിന്നുടയവർ കൈ മെയ് മറന്ന് അദ്ധ്വാനിച്ചതിന്റെ ഫലമായി നെൽക്കതിരുകളെ സ്വപ്നം കണ്ടു തുടങ്ങി.

athmaonline-kolabhoomi-05
ഫോട്ടോ – വിപിൻ ശങ്കർ

ഏഴിമലമുകൾ തൊട്ട മഴമേഘങ്ങളെ കണ്ട് ഉച്ചൂളിക്കുന്നിലെ മയിലുകൾ നൃത്തം ചെയ്തു. ഉച്ചൂളിക്കുന്നിന്റെ പടിഞ്ഞാറേ ചെരുവിലെ നിബിഢവനം മഴയേറ്റ് കുതിർന്നു. മഠത്തിൽ കാവിലച്ചിയും കുന്നിൻ മതിലകത്തപ്പനും വേട്ടയ്‌ക്കൊരുമകനും കോലപ്പെരുമഴയ്ക്ക് സാക്ഷികളായി. പക്ഷികളും ശലഭങ്ങളും വർണങ്ങൾ വിതറി പാറിപ്പറന്നു. പാറയിലെ പച്ചവിരിപ്പിനകത്ത് നിന്ന് പുൽക്കുഞ്ഞുങ്ങൾ പുഞ്ചിരിച്ചു. കുടയും ചൂടി അവർക്കൊപ്പം പാറപ്പുറത്ത് മഴയും കണ്ടങ്ങ് നിൽക്കാനേവരും കൊതിച്ചു.

മാടായിപ്പെരുങ്കലശം

പാഴിക്കുന്നു കയറി… നന്നന്റെ വാളൊച്ചകള്‍, കാരി ഗുരുക്കളുടെ കളരിയിലെ ഉറുമിത്തിളക്കം, മുരിക്കിഞ്ചേരി കേളുവിന്റെ പോര്‍ചമയങ്ങള്‍, കുതിരക്കുളമ്പടികള്‍, കച്ചവടത്തിന് വന്ന ജൂതന്മാര്‍, ധ്യാനത്തിന് വന്ന ബുദ്ധന്മാര്‍, മാടായിനഗരമെന്ന ജോനകര്‍, തോക്കേന്തിയ വെള്ളക്കാര്‍… ഒക്കെ കേട്ടു, കണ്ടു… കരിപ്പൂരം വെള്ളിത്തട്ടിലെ വേട്ടയ്ക്കൊരു മകനെ കണ്ടു… ഏഴിമല മുകളില്‍ വിലസുന്ന കോലമന്നന്റെ കൊട്ടാരക്കെട്ടു കണ്ടു… കോലനന്മലനാട് കണ്ടു…

athmaonline-kolabhoomi-07
മാടായിക്കാവിന്റെ ഉപക്ഷേത്രമായ ചാലിൽ , ഫോട്ടോ – അർജുൻ രവീന്ദ്രൻ

ഇടവത്തിലെ ഇളം തണുപ്പുള്ള ഉച്ചവെയില്‍. കലശപ്പകല്‍… ചുവപ്പുടുത്ത് പച്ചക്കച്ച ചുറ്റിക്കെട്ടി ചുരിക ധരിച്ചു പെരുവണ്ണാന്‍. പാറപ്പുറത്ത് ചാരി വച്ച ഓലക്കുട. ധ്യാനനിമഗ്നനായി തലപ്പാളി തൊഴുതു കെട്ടി ചെക്കിത്തണ്ടയും അതിനു മേല്‍ പട്ടവും അണിഞ്ഞു. വടുകുന്ദത്തപ്പന്റെ തെക്ക് ഭാഗത്ത് കടലിനോടഭിമുഖമായി നിന്നു. പള്ളിവാള്‍ ഉയര്‍ത്തി. കര നീങ്ങി കടലായ മാടായിലെ ഭഗവതിയുടെ ചൈതന്യം ആവാഹിച്ച് ഒരു സ്മരണ പുതുക്കല്‍ പോലെ… നൂലിട്ടാല്‍ നില കിട്ടാത്തൊരു സമുദ്രം മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് വ്ളാകി മാടാക്കി ചമച്ച മാടായിക്കാവിലച്ചി. അത്ഭുതം തോന്നേണ്ട, അതിനുത്തരം ഞാനെന്ന പോലെ പാറപ്പുറത്ത് അങ്ങിങ്ങായി ആണ്ടിറങ്ങിയ കക്കകള്‍, കടല്‍ ശേഷിപ്പുകള്‍…

കലശ സന്ധ്യ… കാവകത്തെ അണിയറയില്‍ നിന്നും തെയ്യങ്ങള്‍ ഓരോരുത്തരായി വടക്കേം വാതിലിലേയ്ക്ക്‌ നടന്നു വരികയാണ്. പെരുമഴ കുത്തിയൊലിപ്പിച്ച കാവിലെ മണ്ണ് ചെറു തോടായി ഒഴുകി. തോട് മുറിച്ചു കടന്നു തെയ്യങ്ങള്‍ വന്നു പീഠം കൈക്കൊണ്ടു. പെരുവണ്ണാന്‍മാര്‍ മുടി ഉയര്‍ത്തി. അമ്മയുടെ തിരുമുടി. ദാരികവധത്തിനു ശേഷം തിരുവര്‍ക്കാട്ടു വടക്കേം ഭാഗം വിരിത്തുറഞ്ഞ ഭദ്രകാളി… മാടായിക്കാവിലമ്മ… മാടായി പെരുവണ്ണാന്‍ തിരുമുടി ശിരസ്സിലേന്തി… കലശം കയ്യേറ്റു…

athmaonline-kolabhoomi-08
തിരുവർക്കാട്ട് ഭഗവതി

പെരുങ്കലശങ്ങള്‍ പെരുമഴക്കാലത്തിലേയ്ക്ക് വഴി മാറിയിരിക്കുന്നു. നീലേശ്വരത്തെയും മാടായിയിലേയും ചിറക്കലേയും നാട്ടുവഴികളില്‍ തെയ്യച്ചോപ്പ് മാഞ്ഞു തുടങ്ങി. മനയോലയും ചായില്യവും മഴയേറ്റ് കുതിര്‍ന്ന മണ്ണില്‍ വീണു പടര്‍ന്ന് വളപട്ടണം പുഴയിലൊഴുകിയെത്തി. മാടായി പെരുങ്കോട്ട പെരുമഴയത്ത് ഏകാകിയായി നിന്നു. താഴ്‌വാരത്തെ കാവുകളില്‍ അന്തിത്തിരി മാത്രം നിറഞ്ഞു കത്തി. വാളും വിളക്കും ഓലക്കുടയും മായ്ക്കാത്ത മുഖത്തെഴുത്തുമായി പെരുവണ്ണാന്‍ ദൂരേയ്ക്ക് നടന്നകന്നു. പൂരക്കടവും പൂവിടും കല്ലും ചാലിക്കാവും ആയിരം നെല്ലിച്ചാലും വടുകുന്ദപ്പുഴയും കാലത്തിനു വിട ചൊല്ലി. അടുത്തിലപ്പള്ളിപ്പെരുങ്കൂലോത്തും ഉദയമംഗലം കൂലോത്തും മഴത്തുള്ളികൾ വീണ് ചിതറി. വടക്കേം വാതിലിലെ കലശത്തറയ്ക്ക് ചുറ്റും ചെക്കിപ്പൂക്കള്‍ തണുപ്പ് പറ്റി കിടന്നു. ദാരികന്‍ വീണ ചാലില്‍ രക്തവും മഴവെള്ളവും കൂടിക്കലര്‍ന്ന് വേറാഭേദമില്ലാതെയായി …

തീച്ചാമുണ്ഡി

കരിപ്പൂരം വെള്ളിത്തട്ടും പൂരക്കടവും പൂവിടും കല്ലും ചാലിക്കാവും തെക്കിനാക്കീൽ കോട്ടയും ദാരികൻ വീണ ചാലും അറുവര് മടമങ്കമാരുടെ കോവിലും എറുകാട്ട് കാവും തൊട്ട് തലമുറകളുടെ അനുഗ്രഹവർഷം പൊഴിയാൻ തുടങ്ങി. കടല് കടന്നോ മരക്കലമേറിയോ ഏഴിമല മുകളിൽ നിന്നോ തളിപ്പറമ്പത്ത് നിന്നോ ശ്രീ കൈലാസത്തു നിന്നോ എങ്ങു നിന്നോ വന്നണഞ്ഞ മാതൃചൈതന്യം ഒന്നു കൂടെ വിശാലമായി. അമ്മയുടെ തിരുവുള്ളം പ്രസാദിച്ചു കണ്ടു. മാടായി എരിഞ്ഞ പാറമ്മേൽ ആയിരത്താണ്ടുകളുടെ സ്മൃതികളുയിർത്തെഴുന്നേറ്റു. കനലു കൈയ്യേറ്റ പെരുമലയൻമാരുടെ വീര ചരിതങ്ങൾ നിറഞ്ഞു നിന്നു. വടക്കേ ചെരുവിറങ്ങിപ്പൊങ്ങിയുയർന്നു നിൽക്കുന്ന ഉച്ചൂളിക്കുന്നിലെന്നോ കൊളുത്തിവച്ച നങ്കൂരങ്ങൾക്ക് വരെ പിടിയിളകി. കടൽ നീങ്ങി കരയായ ദേശം ആവേശത്തിരയിൽ കുതറിയോടി.

athmaonline-kolabhoomi-18
തീച്ചാമുണ്ഡി, നീലേശ്വരം അച്ചാം തുരുത്തി , ഫോട്ടോ – വൈശാഖ് ആർ ചന്ദ്രൻ

കത്തിയ കുംഭമാസ വെയിൽ അണഞ്ഞു തുടങ്ങും നേരം ഏഴിമലത്തലപ്പിലേയ്ക്കർക്കൻ യാത്ര തുടങ്ങി. അതിലും പതിൻമടങ്ങഞ്ചിയ സൂര്യശോഭയോടെ കത്താൻ ചെങ്ങൽ കുന്നിന്റെ തെക്കേ ചെരുവിൽ കനൽക്കുന്ന് ഉഷ്ണതാപങ്ങളെ വരവിളിച്ച് തപസ്സിരുന്നു. വിറക് കൊള്ളികൾ മല പോലുയരുന്നു. പാലായി പരപ്പേനെന്നും അടുത്തില പള്ളിപ്പെരുമലയനെന്നുമുള്ള പൂർവിക സ്മരണയിലൂറ്റം കൊണ്ട കനലാടി പള്ളിയറ തൊഴുത് മേലേരിത്തട്ട് വന്ദിച്ച് ചെങ്ങൽ കുന്ന് കയറി പാറപ്പുറത്തു കൂടെ എറുകാട്ട് കാവ് ലക്ഷ്യമാക്കി യാത്ര തുടങ്ങി.

കാവിൽ തൊഴുത് അമ്മയെ മനസ്സുരുകി വിളിച്ച് ഉടുത്തു കെട്ടി വനമാലയണിഞ്ഞ് ദർശനപ്പെട്ട് ഉറഞ്ഞോടി അടുത്തില ചാമുണ്ടിക്കോട്ടം കിഴക്കോട്ട് തിരിഞ്ഞ് വന്ദിച്ച് ചെങ്ങൽ ചെരിവിലെ വമ്പിച്ച പുരുഷാരത്തിനിടയിലേക്ക് തോറ്റം വരവ്. ചെങ്ങൽ കുന്നിറിങ്ങി മേലേരിത്തട്ടിലേയ്ക്ക് കൺമഷിയിട്ട കണ്ണുകളിൽ കത്തുന്ന കനലോടെ, വീരരസം മുറ്റിയ മുഖപങ്കജത്തിൽ കരുണ രസം കൂടിക്കലർന്ന് വീരഗംഭീരഭാവത്തോടെ, പൊന്നു പൊടിക്കുന്ന നേരത്ത് നിലയ്ക്കാത്ത വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ നിലയുറക്കാത്ത പദചലനങ്ങളോടെ പടിക്കെട്ടുകളിറങ്ങി വന്ന് പുകഞ്ഞു തുടങ്ങിയ കുന്നോളം കൂട്ടിയ കത്തുന്ന കനലാഴി തൊട്ടുവണങ്ങി പളളിയറത്തിരുമുറ്റത്തേക്ക് പാഞ്ഞടുത്ത് കൊടിയില പിടിച്ചു വാങ്ങി പരദേവതയാൽ ശേഷിപ്പെട്ട് ഉറഞ്ഞുതുള്ളി. പരകായപ്രവേശം കൈക്കൊണ്ട കനലാടിയെ പിടിച്ചു നിർത്തി തലപ്പാളിപ്പട്ടം പിടിച്ചുകെട്ടുമ്പോഴേക്കും വീണ്ടും ഉറഞ്ഞുതുള്ളി ചെണ്ടത്തലപ്പിൽ രണ്ടടിച്ച് വരവിളിച്ച് ഹിരണ്യവധം ചെയ്ത് ജ്വലിക്കും വേഗത്തോടെ മേലേരിത്തട്ടിലേയ്ക്ക് പടികൾ കയറി പാഞ്ഞടുത്ത് കരക്കാരുടെ ശബ്ദഘോഷങ്ങളിലും ഗോവിന്ദാവിളികളിലുമാറാടി. നിറഞ്ഞു കത്തുന്ന കനലാഴി മതിമറന്ന് പ്രദക്ഷിണം ചെയ്യുകയും ഒട്ടൊന്ന് ശ്രദ്ധ തെറ്റിയപ്പോൾ അതിലേയ്ക്കോടിക്കേറാൻ ശ്രമിച്ചും പൊള്ളുന്ന ചൂടിലും ചുട്ടുപഴുത്ത കാൽപാദങ്ങളോടെ പരദേവതയുടെ ഉച്ചത്തോറ്റം നെരിപ്പിന്റെ ഹുങ്ക് ശമിപ്പിച്ചു.

അന്തിത്തോറ്റവും കോലവും ബാക്കിയുണ്ടെന്നിരിക്കിലും അത്യാവേശത്തോടെ കനലാടി പരദേവതയിലേയ്ക്ക് ശേഷിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പൊന്നു പൊടിക്കുന്ന മാനത്തേയ്ക്ക് തൂവിയ നീലഭസ്മത്തോടൊപ്പം ഉയരെയുയരെപ്പോകുന്ന മേലേരിത്തീപ്പൊരികൾ അന്തിത്തോറ്റത്തെ വരവേൽക്കാനൊരുങ്ങിയുയർന്ന പോലെ.

ഏഴിലം  

മഞ്ഞണിഞ്ഞ വടക്കൻ മൊട്ടകളെ തൊട്ട് പരന്നിറങ്ങി സമതലങ്ങളുടെ ചൂടും ചൂരുമറിഞ്ഞ് കാവുകൾക്കുള്ളിൽ ചൂളം വിളിച്ച് പുല്ലാഞ്ഞിവള്ളികളിലൂയലാടി ചിത്രകൂടക്കല്ല് തഴുകി പഴമയുടെ ഗർഭഗൃഹങ്ങളായ കൂറ്റനരയാലുകൾ താണ്ടി മരങ്ങൾ കടന്ന് ഇലകളെ പുൽകി പക്ഷിവൃന്ദങ്ങളുടെ ചിറകടിപ്പാടുകളെ പിന്തുടർന്ന് താഴ്ന്നിറങ്ങി വയൽപ്പരപ്പിലെ തെക്കൻ കതിരുകളെയിളക്കി ഒറ്റത്തുരുത്തുകൾ ചാടിക്കടന്ന് കിള്ളാനദിയോരത്തലതല്ലുന്ന അഭൗമ സൗന്ദര്യ സരസ്സിന്റെ പേരാണ് ഏഴോം.

athmaonline-kolabhoomi-09
ഏഴോത്തെ ഒരു പഴയ വീട്

എഴോത്തിന്റെ കിഴക്കൻ ദിക്കിലൊരു വാതിലുണ്ട്. കാട്ടുവള്ളിപ്പടർപ്പാൽ മൂടപ്പെട്ട പടിപ്പുര വാതിൽ. ഒരായിരം പൂവുകൾ തളിർക്കുകയും കൊഴിയുകയും ചെയ്തിരുന്ന വസന്തകാല വാതിൽ. പൂവും പൂരവും വിരുന്നിനെത്തിയിരുന്ന മുറ്റത്ത് കാട്ടുപുല്ലുകളും മഴ കലക്കിയ കറപ്പൻ വെള്ളവും. നാഗങ്ങളിഴയുന്ന പൂമുഖപ്പടി. കാടുകയറിയ പറമ്പിലെ ചെക്കിപ്പൊന്തകളിൽ ചൊകചൊകെ തെളങ്ങ്ന്ന മാണിക്യങ്ങൾ. ഏഴിമലക്കെതിരെയായി വിരിഞ്ഞു നിൽക്കുന്ന എടുപ്പുള്ള കെട്ടിടത്തിലങ്ങിങ്ങായി കാലം മാന്തിയ പാടുകൾ. മഴ കനത്ത് വെള്ളം ചാറി പൊട്ടിത്തകർന്ന ചിതൽപ്പുറ്റുകളിൽ നിന്ന് ചിതൽക്കുഞ്ഞുങ്ങൾ ജീവനും കൊണ്ടോടി. അതിനേക്കാളും വലിയ ചിതൽപ്പുറ്റുകൾ പറമ്പിലുണ്ടായിരുന്നു. വലിയ പുറ്റുകളിൽ നാഗങ്ങൾ വസിച്ചിരുന്നെന്നമ്മമ്മ പറഞ്ഞു. മഴയൂറ്റം കൊണ്ട നേരത്ത് കുടയും ചൂടി ആ വഴി നടക്കാനിറങ്ങിയ ഞാൻ കണ്ട കാഴ്ചകളാണ്. ഒരു വ്യാഴവട്ടത്തിലൊരിക്കൽ മാത്രമുള്ള നടത്തം. ഒരു പെരുങ്കളിയാട്ടത്തിന്റെ ആവേശമുള്ളത്.

ചരസ് വലിച്ചൂതിയ ഭ്രാന്തന്റെ ചിന്തകൾ പോലെ ഭ്രമം ബാധിച്ച മനസിനെ താങ്ങി വലിച്ചോരു നടപ്പുണ്ട്. അതിൽ ഭൂതത്തെ വർത്തമാനം പറയിപ്പിക്കാനാകാതെ ഞാൻ വലയും. ഏഴോത്തെ ആൾത്താമസമില്ലാത്ത പഴയ വലിയ സൗധങ്ങളിലെ ഇരുട്ടറകളിലേക്ക് നോക്കി സ്വയം ഭയപ്പെടും. ഏതൊരു പഴയ വീട്ടിലും യക്ഷിയുണ്ടെന്ന മിഥ്യാധാരണ ബാല്യത്തിലേ എന്നെ പിടികൂടിയിരുന്നു. പോത്തേര വീടിന്റെ പടിപ്പുര വാതിൽക്കൽ ഞാൻ നിന്നു. മുറ്റമില്ല, പൂമുഖപ്പടിയില്ല, ആ വലിയ സൗധമില്ല. എല്ലാം എന്റെ സങ്കൽപ്പങ്ങൾ, ഭൂതകാല ഓർമച്ചിത്രങ്ങൾ. ഭൂതത്തിനപ്പുറത്തുള്ള ഭൂതത്തെ വരെ കുപ്പിയിൽ നിന്നിറക്കി ഞാൻ.

athmaonline-kolabhoomi-10
ഏഴോം കൈപ്പാട്

മഴ കനത്ത് കനത്ത് ഒച്ച കേൾക്കാൻ വയ്യാതായി. ‘മഴയത്ത് കുട ചൂടി ഒരു റൗണ്ട് നടക്കാനിറങ്ങിയാലെന്താ ‘ എന്ന ഒരു തോന്നലായിരുന്നു രാവിലെ മുതൽക്കെ. ഉച്ചയ്ക്കാണതിനു വകയുണ്ടായത്. പടിപ്പുര വാതിൽക്കൽ തന്നെ കൊറേ നേരം നിന്നു. പണ്ട് ഇത് പോലൊരുച്ചയ്ക്ക് ഇവിടെ വച്ചാണ് തെയ്യത്തെ കണ്ടത്. പനി പിടിച്ചില്ല. ഒരുപാട് സന്തോഷമായി. എന്നും കാണാനാഗ്രഹിക്കുന്ന രൂപങ്ങൾ പ്രതീക്ഷിക്കാതെ കൺമുന്നിൽ വരുന്നത് ഒരനുഗ്രഹം അല്ലേ. ആദ്യം പേടിക്കണോ എന്ന് തോന്നി. അവരുടെ മുഖത്ത് നോക്കിയപ്പോൾ പുഞ്ചിരി മാത്രം. പിന്നെ ഇരുകൈയ്യും കൂപ്പി തൊഴുത് തിരികെ നടന്നു. കുട്ടിക്കാലത്തെ ഭ്രമമാണോ യാഥാർത്ഥ്യമാണോ എന്നറിയില്ല.

athmaonline-kolabhoomi-11
കാനായി വയൽ

നടപ്പു തുടർന്നു. കാനായി വയലിൽ കെഴക്കൻ വെള്ളം കയറിയിരുന്നു. നീർക്കോലികൾക്ക് സുരഭില കാലം. വയൽപ്പരപ്പിലും തോട്ടിലും ചെറുമീനുകൾ വന്നെത്തി. വരമ്പത്ത് വല്ല അണലിക്കുഞ്ഞുങ്ങളുമുണ്ടോ എന്ന് ഞാൻ സംശയത്തോടെ നോക്കി. പാമ്പുകളെ പണ്ടേ ഇത്തിരി പേടിയാണ്. നിങ്ങളുടെ മലബാറിൽ വിഷപ്പാമ്പുകൾ കൂടുതലാണ് എന്ന് തെക്കൻ തിരുവിതാംകൂറുകാരൻ സുഹൃത്ത് പറഞ്ഞിരുന്നു. അത് സത്യവുമാണ്.
നടന്നു നടന്നെത്തിയത് കപ്പാലത്തിനരികിലെ വരമ്പിനോട് ചേർന്നുള്ള തെങ്ങിൻ തോപ്പിലാണ്. ഇവിടെ വച്ചാണ് പണ്ട് ഞാനും രാഹുലും ഭൂമിക്കടിയിലെ സ്പന്ദനങ്ങളറിയാൻ മണ്ണിൽ ചെവിയും വച്ച് കിടന്നത്. വരമ്പിനപ്പുറത്ത് വയൽപ്പരപ്പിലെന്നോ തുള്ളി നടന്ന കാറ്റ് പോയ ഫുട്ബോളിന്റെ പ്രേതം എന്നെ നോക്കി കണ്ണുരുട്ടി. ഒരു നടത്തത്തിലൂടെ കിട്ടിയത് എത്രയെത്ര ഓർമകളാണ്. അജ്ഞാതമായ ഭ്രമങ്ങളും അഭൗമമായ മറവികളുമാണ്.

athmaonline-kolabhoomi-12
കിള്ളയാർ എന്ന കുപ്പം പുഴ

എഴോത്തിനപ്പുറം നാടില്ല 

കിള്ളാനദിക്ക് വടക്ക് വയല്‍പ്പരപ്പുകളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമം. തുരുത്തും പുഴയും കൈവഴികളും കൈപ്പാടുകളും സമതലങ്ങളും ചെമ്മണ്‍ കുന്നുകളുമായ് ഉയര്‍ന്നുയര്‍ന്നു പോകുന്ന ഒരു ഗ്രാമം. മാടായിക്കാവിലമ്മയുടെ കോലസ്വരൂപവും സോമേശ്വരിയുടെ നേരിയോട്ട് സ്വരൂപവും അതിര് പങ്കിടുന്ന ഗ്രാമം. അതിരായി എരുവള്ളിത്തോട്. വയല്‍ക്കരയില്‍ ശീലത്ത് ഭഗവതിയും ചേരിക്കല്‍ ഭഗവതിയും പൂക്കുന്നത്ത് ഭഗവതിയും നാട്ടു കാവല്‍ക്കാര്‍.

എഴോത്തിന്റെ നെല്ല് പൂത്ത വയലുകളില്‍ ദൈവക്കരുവായ നമ്പോലന്‍. വയലിന് നടുവില്‍ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന പൊന്നരയാലിനു ചുറ്റും കരിഞ്ചാമുണ്ടി തറ. നീല വെളിച്ചമൂര്‍ന്ന രാവുകളില്‍ കലശപ്പാട്ടിനു ശേഷം വിടര്‍ന്ന ചന്ദ്രപ്രഭയില്‍ വരവിളിച്ച് പുറപ്പെടുന്ന കരിഞ്ചാമുണ്ടിയമ്മ. ആലിലകള്‍ക്കിടയിലൂടെ നോക്കിയാല്‍ ദൂരെ മാനത്ത് പൂര്‍ണപ്രഭയില്‍ ചന്ദ്രന്‍ ഉണ്ടാവും. അന്നേ ദിവസം മാത്രം.

നാട്ടിപ്പണിക്ക് പോകുന്ന മുത്തശ്ശിമാര്‍ കണ്ടു ഭയന്നിട്ടുണ്ട് അമ്മയെ. പലവട്ടം ..

തെക്കന്‍ ദിക്കില്‍ പുഴയ്ക്കക്കരെ പഞ്ചുരുളിയമ്മ. ഇക്കരെ മൂത്ത സഹോദരി കക്കര ഭഗവതി. മുഖാമുഖം നോക്കിയിരിക്കുന്നു അവര്‍. മൂത്തേടത്ത് തന്ത്രിയുടെ താഴെ കക്കരക്കാവില്‍ നിന്നും എളേടത്ത് തന്ത്രിയുടെ മേലെ കക്കരക്കാവിലേയ്ക്ക് ഭഗവതിയുടെ സഞ്ചാരമുണ്ട് രാത്രികാലങ്ങളില്‍. എന്റെ കാലുംപലകയും തിരുവായുധവും വലിച്ചെറിഞ്ഞു എന്റെ കാളകാട് എന്ന് വിലപിച്ചു കൊണ്ട് നിറപന്തവുമായി ദാരികാന്തകിയായ മഹാകാളി. കൂടെ ചങ്ങാതി നരമ്പില്‍ ഭഗവതിയും.

ചീറുംബയും പുതിയവരും നാടെഴുന്നള്ളത്ത് നടത്തുന്ന ഭൂമിക. കത്തുന്ന പന്തവുമായി കുരുത്തോല കൊണ്ട് വസൂരി തഴുകിയൊഴിപ്പിക്കുന്ന പുതിയ ഭഗവതി. വസൂരിയുള്ള വീട്ടിലേയ്ക്ക് തീപ്പന്തങ്ങളുമായി ഓടിക്കയറുന്ന രാമപ്പെരുവണ്ണാന്റെ നാഗം താഴ്ത്തിയെഴുതിയെഴുതിയ എകിറ് വച്ച തിരുമുഖം നാട്ടുമുത്തിമാരുടെ മനസ്സില്‍ ഇന്നുമുണ്ട്.

അഞ്ചു തെങ്ങിലെ പുലിദൈവങ്ങള്‍. പുലിഗര്‍ജനം ഉയരുന്ന പുലിമട. കൂടെ തുളുനാട്ടില്‍ നിന്നും മലനാട്ടുരാജ്യം കയ്യെടുത്ത കുണ്ടോറ ചാമുണ്ഡിയും കുറത്തിയും. പാപ്പനോട്ടു മന്ത്രശാലയും നാലുകെട്ടും കരിങ്കുട്ടിച്ചാത്തനും ദൈവത്തറയും. ആറളത്ത് ഭഗവതിയും ഒന്നുകുറെ നാൽപതും. എരുവള്ളിത്തോടിനരികെ കോലസ്വരൂപത്തിന്റെ അതിര് കാക്കുന്ന എരുവള്ളിക്കക്കരക്കാവ്. അരികിലായി കാലിയാരുടെ അമ്പലം.

മലവാഴുന്ന പെരുമാളുടെ പൊടിക്കളങ്ങള്‍. പൊട്ടനുറഞ്ഞാടിയ വയല്‍പരപ്പുകള്‍. വടക്ക് കുന്നിന്‍ ചെരുവില്‍ പടക്കത്തി ഭഗവതിയോടൊപ്പം വാനര രാജന്‍ ബാലി. തൊട്ടടുത്ത് ദൈവമിരുവരും കാവായ കാവുകളില്‍ കുടി കൊണ്ട പരദേവതയും. പടിഞ്ഞാറന്‍ കുന്നിന്‍ ചെരുവില്‍ ചൂളിയാര്‍ ഭഗവതിയോടൊപ്പം മൂവാളം കുഴി ചാമുണ്ടി. സമതലങ്ങളില്‍ ആദി തീയ്യനും കേളനും വീരനും തോട്ടുംകര ഭഗവതിയും പുറമണ്‍ചേരിക്കാവില്‍ ഭഗവതിയും വീരഞ്ചിറ ഭഗവതിയും. അല്‍പ്പം തെക്കായി കപ്പലിറങ്ങിയ മരക്കലത്തമ്മമാര്‍. കൊഴിച്ചിയിൽ കാവിന് തൊട്ട് തെക്ക് വരെ കുപ്പം പുഴയായിരുന്ന ഏതോ കാലത്തായിരിക്കണം മരക്കലം വന്നത്.

മേലെ കക്കരക്കാവിലെന്നോ നടന്ന ഒറ്റക്കോലത്തിന്റെ തീച്ചൂട്. കനലെരിയുന്ന കാവിന്‍ പുറം. വടക്കേ കുന്നിന്റെ താഴ്‌വാരത്ത് കിരാതസൂനുവും ചങ്ങാതിയും. അതിനരികിലായ് വാനരരാജനോടൊത്ത് പടക്കത്തി ഭഗവതിക്കാവുകളീരണ്ട്.

കുളവും കല്‍പ്പടവും തിരുവുത്സവവും ഉള്ള എഴോത്തമ്പലം. കുറച്ചകലെ മൂത്തേടത്ത് മനയും ഇല്ലത്തെ കുളവും പൊളിഞ്ഞു കിടക്കുന്ന ശങ്കര നാരായണ ക്ഷേത്രവും. പൊളിഞ്ഞമ്പലത്തിന് ചുറ്റും തുമ്പപ്പൂക്കള്‍ വിടരും. വെണ്മയുടെ കുഞ്ഞു കാൽപാദങ്ങളായ തുമ്പപ്പൂക്കള്‍. ഇല്ലപ്പറമ്പില്‍ എവിടെയോ പണ്ടെന്നോ പെരുംകളിയാട്ടം നടന്ന മുപ്പത്തൈവര്‍ തറ. കക്കറ ഭഗവതിയുടേയും ചങ്ങാതിമാരുടേയും സാന്നിധ്യമുള്ള മണ്ണ്. നടയിലാട്ട് നടന്ന മണ്ണ്. മൂത്തേടത്ത് മല്ലിശ്ശേരി. തലയുയര്‍ത്തി നിൽക്കുന്ന എട്ടുകെട്ട്. മന്ത്രധ്വനികള്‍ ഉയരുന്ന മന്ത്രശാല. വെളിച്ചം കയറാത്ത അകത്തളങ്ങള്‍. കാട് കയറിയ പറമ്പ്. അലഞ്ഞു നടക്കുന്ന ബ്രഹ്മരക്ഷസ്സുകള്‍.

athmaonline-kolabhoomi-13
ഭൈരവർ, മുരിക്കിഞ്ചേരി തറവാട് – ഫോട്ടോ : മിഥുൻ എം.കെ.വി

തൊട്ടു കിഴക്കായി ചേണിച്ചേരി കോട്ടം. കാട്ട് ചിറക്കല്‍ ഭഗവതിയും മടയില്‍ ചാമുണ്ഡിയും പരദേവതയും. അതിനും കിഴക്കായി മുരിക്കിഞ്ചേരി വീട്. കന്നിക്കൊട്ടിലിലെ നെടും തൂണില്‍ കത്തിച്ച് വച്ച തീനാളം. സാക്ഷാല്‍ തിരുവര്‍ക്കാട്ട് ഭഗവതിയും വിഷ്ണുമൂര്‍ത്തിയും ഭൈരവാദി മന്ത്രമൂര്‍ത്തികളും കന്നിക്കൊരു മകനും. ഉച്ചിട്ട ഭൈരവന്‍ കുട്ടിശാസ്തന്‍. മന്ത്രശാലയ്ക്ക് സമമായ കൊട്ടിലകം. എഴോത്ത് കോലപ്പെരുമലയന്മാര്‍ ഉറഞ്ഞാടിയ തിരുമുറ്റവും കാവൽക്കാരനായി ഇരു കയ്യിലും ചൂട്ടും പിടിച്ച് അട്ടഹസിച്ച് കൊണ്ട് തറവാട്ടു പറമ്പില്‍ അങ്ങിങ്ങായി നടക്കുന്ന ശ്രീഭൂതവും.

athmaonline-kolabhoomi-14
നെടുബാലിയൻ ദൈവം, ആനക്കോട്ടം – ഫോട്ടോ : മിഥുൻ എം.കെ.വി

നിറയെ മാവുകളുള്ള പറമ്പ്. തെക്ക് പടിഞ്ഞാറേ മൂലയ്ക്ക് സർപ്പക്കാവ്. പാലമരത്തില്‍ പത്തി വിടർത്തിയാടുന്ന നാഗത്താന്മാര്‍. നാഗരാജാവും നാഗകന്നിയും അവിടെയുണ്ട്. ഉച്ചിട്ടമ്മയുടെ മേലേരിയ്ക്ക് അടുത്തായി നിറയെ ചെമ്പക മരങ്ങള്‍. തണല്‍ വിരിച്ചു കൊണ്ട് ഭീമന്‍ പുളിമരങ്ങള്‍. അനുഗ്രഹമേകി കൂവളമരം.

എഴോത്തിനാകെ ഒരു നെല്ല് പൂത്ത മണമാണ്, കൂടെ ചുവന്നു തുടുത്ത ആശയങ്ങളും തെയ്യച്ചുവപ്പും ഗുല്‍മോഹറിതളിട്ട പാതകളും …

athmaonline-kolabhoomi-15
അഞ്ചുതെങ്ങിൽ കളിയാട്ടം – ഫോട്ടോ : മിഥുൻ എം.കെ.വി

കിള്ളയാറിൽ നിന്നും തേജസ്വിനിയിലേയ്ക്ക് 

മഴക്കാലം കഴിഞ്ഞിട്ടില്ലെങ്കിലും അന്നൊരിത്തിരി വെയില്‍ വെട്ടം ഉണ്ടായിരുന്നു. ചാറി ചാറി പെയ്യുന്ന മഴ തെല്ലൊരു ഭീതി പടർത്തിയെങ്കിലും മനസ്സില്‍ സ്വരുക്കൂട്ടി വച്ച ഓർമകളെ ആവാഹിച്ചു ചെപ്പുകുടത്തിലാക്കി തോളത്തിട്ട് യാത്ര തിരിക്കാന്‍ തന്നെ തീരുമാനിച്ചു. കടലും പുഴയും തലോടുന്ന പഴയങ്ങാടിയില്‍ നിന്ന് പൂർവ ഗിരിശൃംഗങ്ങളാല്‍ ആലിംഗനം ചെയ്യപ്പെട്ട പാടിച്ചാലിലേയ്ക്ക്. ശാന്തഗംഭീരമായി ഒഴുകുന്ന കിള്ളായാറിന്റെ തീരങ്ങളിൽ നിന്ന് കുത്തിപ്പാഞ്ഞൊഴുകുന്ന തേജസ്വിനിയുടെ കിഴക്കൻ മണ്ണിലേയ്ക്ക് ..

ബൈക്ക് സ്റ്റാർട്ടാക്കി കാലത്തെ വരവിളിച്ച് തോറ്റിയുണർത്തി പൊലിപ്പാട്ടും പാടി ഉത്തരകോലസ്വരൂപത്തിന്റെ അതിരുകൾക്കുള്ളില്‍ ഇനിയും തുറക്കാത്ത അനുഭവ പേടകങ്ങള്‍ തേടി പലവുരു പിന്നിട്ട വഴികള്‍ താണ്ടിയുള്ള യാത്ര. ഒരതിരിനുള്ളില്‍ തന്നെ കറങ്ങുന്നുവെങ്കിലും പുതുമ നഷ്ടപ്പെടാത്ത അനുഭൂതികളെ വീണ്ടും വീണ്ടും അറിയാനുള്ള കൊതിയോടെ…

athmaonline-kolabhoomi-16
ഉച്ചൂളിക്കുന്നിൽ നിന്നുള്ള വയലപ്ര പരപ്പിന്റെയും ഏഴിമലയുടെയും ദൃശ്യം

ശങ്കരനാരായണസ്ഥലിയില്‍ തലയുയർത്തി നിൽക്കുന്ന ഭീമന്‍ പുളിമരങ്ങൾക്ക് പിറകിലെ ചെറിയ കുന്നില്‍ വിടർന്നു  നിന്ന ചെന്താമരദളം പോലെ ശോഭയാർന്ന അമ്പലം. പൂമാലക്കാവിനു മേലെ എരിവേനലില്‍ കരിഞ്ഞ പാറയില്‍ മഴനൂലുകള്‍ നെയ്ത കാക്കപ്പൂമാലകള്‍. ഏഴിമലമുകള്‍ തൊട്ട് അറബിക്കടലിലേയ്ക്ക് പാഞ്ഞടുക്കുന്ന വടക്കന്‍ കാറ്റിനെതിരെ വരുന്ന പഴയ മരക്കപ്പലുകളുടെ സൂക്ഷ്മശരീരങ്ങള്‍. ആര്യറു നാട്ടില്‍ നിന്നും കപ്പലില്‍ വന്നിറങ്ങിയ ദേവിമാരുടെ കാൽപ്പാദം പുൽകിയ എടത്തൂരാഴിക്കടപ്പുറം, ഉച്ചൂളിക്കടവ്, പുന്നക്കടവ്. മാടായിത്തട്ട് കടലിറങ്ങിയ കാലം ഉച്ചൂളികള്‍ വന്നുനിറഞ്ഞാണ്ടുപോയ ഉച്ചൂളിക്കുന്ന്. ഏഴിമല മുകളോളം പറന്നു കത്തിയ മേലേരിത്തീപ്പൊരികളുയരുന്ന ചെങ്ങല്‍ കുന്നിന്റെ തെക്കേ ചെരുവ്. ചെങ്ങല്‍ കൃഷ്ണനും വടുകുന്ദ തേവരും മാടായിക്കാവിലച്ചിയും കുടി കൊണ്ട പാഴിക്കുന്നും പരിസരവും. നൂറ്റാണ്ടുകളുടെ കച്ചവടസ്മരണകള്‍ പുതുക്കുന്ന മാടായി നഗരം. തലമുറകളുടെ ബാങ്ക് വിളികളുയരുന്ന പുണ്യമാം മാടായിപ്പള്ളി. കാരി ഗുരുക്കളുടെ വാൾതിളക്കങ്ങള്‍ കണ്ട മാടായിക്കളരിയുടെ ഓർമകൾ. പട്ടുനൂല്‍ നെയ്ത തെരുവുകളാല്‍ സമ്പന്നമായിരുന്ന അടുത്തില. നാടിന്നഴകായ് പള്ളി ഉദയമംഗലം കോവിലകങ്ങള്‍. കോലത്തുനാടിന്റെ ആദ്യകാല തലനഗരം. അതിരായൊഴുകുന്ന വപ്രാനദിയെന്ന രാമപുരം പുഴ.

athmaonline-kolabhoomi-17
വെങ്ങര മുച്ചിലോട്ട് കാവ്

പുഴയ്ക്കക്കരെ ചെറുതാഴ്‌വാരം എന്ന ചെറുതാഴം. താഴ്‌വാരത്ത് നിറയെ വയലുകളും ആമ്പൽപ്പൂക്കളും. നെഞ്ചും വിരിച്ച് കോട്ടക്കുന്ന്. ചെരുവുകളില്‍ നിറയെ മനകളും തറവാടുകളും. ഗോകർണത്ത് നിന്നും വിരുന്നെത്തിയ തുളു ബ്രാഹ്മണരുടെ പിന്‍ഗാമികള്‍. കുത്തുപന്തങ്ങളും ഭദ്രചൊട്ടയും വട്ടമുടിയും അണിഞ്ഞു രൗദ്ര നടനമാടുന്ന ഭഗവതിമാരുടെ ദൃശ്യങ്ങള്‍.

കാഴ്ചകള്‍ ഒരുപാടങ്ങനെ കണ്ട് പിലാത്തറയില്‍ എത്തി. പിലാത്തറയുടെ വടക്ക് കിഴക്കായി ഇനിയുമേറെ ഗ്രാമങ്ങളുണ്ട്. അതുവഴിയാണ് പോകേണ്ടത്.

മാതമംഗലം എന്നുമൊരു നല്ല കാഴ്ചയാണ്. എൺപതുകളുടെ തണുപ്പുണ്ടിവിടെ. യാത്ര തുടരുന്നിടത്ത് പാതയ്ക്കിരുവശവുമായി തണല്‍ മരങ്ങളുണ്ടായിരുന്നു. നീല വാനിലേയ്ക്ക് പടർന്നു  പന്തലിച്ച് അവ അവർണമനീയമായ ആകാശക്കാഴ്ചകളേകി.
ചാറി പെയ്യുന്ന കുഞ്ഞു മഴ കൂട്ടിനെത്തി. ഇളവെയിലും മഴയും ഒരു നല്ല രസക്കൂട്ടാണ്. റോഡിനിരുവശവും പാടങ്ങളും ചെറുതോടുകളും കവുങ്ങുകളും വെയിലും മഴയും ചേർന്ന് മനസ്സിന്റെ അകത്തളങ്ങളില്‍ മാഞ്ഞു തുടങ്ങിയിരുന്ന നല്ല ഓർമകളെ തിരികെ കൊണ്ടത്തന്നു.

ചന്തപ്പുരയും കണ്ടോന്താറും കൈതപ്രവും പിന്നിട്ടു.

പെരുമഴയത്ത് ചുവന്ന വെള്ളവുമായി നിറഞ്ഞൊഴുകുന്ന പൂർണപ്രഭാമയി വണ്ണാത്തിപ്പുഴ. വണ്ടിയില്‍ നിന്നിറങ്ങി ഞാന്‍ അൽപനേരം ആ കാഴ്ച ഒന്നാസ്വാദിച്ചു. വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കള്‍ കണ്ണാടി നോക്കുന്ന നേരമല്ലെങ്കില്‍ കൂടിയും അതീവ സുന്ദരിയായി അവള്‍ മലവെള്ളവുമായി പരന്നൊഴുകുന്ന കാഴ്ച കണ്ടു. മഴയില്‍ നിന്ന് പൂർണയായവള്‍ കണ്ടല്‍ കാടുകളും കവുങ്ങുകളും തെങ്ങുകളും തലോടിയൊഴുകി. തീരത്ത് ഒട്ടേറെ പക്ഷിജാലങ്ങള്‍, ചെറുജീവികള്‍ ഒക്കെ അവളുടെ കുളിര് പറ്റിക്കൂടി.

അവളെ വിട്ടു പിരിയാന്‍ മനസ്സില്ലാ മനസ്സോടെ യാത്ര തുടർന്ന് മാതമംഗലത്തെത്തി.

റോഡിനിടത് വശത്ത് നീലിയാര്‍ കോട്ടം. കൈതപ്രത്തിന്റെ തീച്ചാമുണ്ടി എന്ന ഗാനം മനസ്സിലെത്തി. ആർപ്പു വിളിക്കുന്ന പുരുഷാരത്തിനിടയിലൂടെ പാഞ്ഞു കുതിക്കുന്ന തീച്ചാമുണ്ടി തോറ്റവും പടുകരിന്തിരി എരിയാതെ ഉടയോലത്തട മുറിയാതെ മേലേരി പുൽകുന്ന കോലവും കാണാക്കാഴ്ചകളായി കണ്ടു. എഴിമലയോളം കത്തി നിന്ന മേലേരിത്തീയും നട്ടുച്ചയ്ക്ക് കണ്ടു. എഴിമലയോളം മേലേയ്ക്കും എഴുകോലാഴം താഴേയ്ക്കും ഞാന്‍ പോയി.

മഴ മാറി നിറവെയില്‍ ശോഭയില്‍ ആകാശം തെളിഞ്ഞു കത്താന്‍ തുടങ്ങി.

മാതമംഗലത്ത് നിന്ന് സഹ്യന്റെ പ്രത്യന്ത പർവ്വതസ്ഥലിയായ എരമത്തേയ്ക്ക് യാത്ര തിരിച്ചു. മുതുകാട്ട് ശാസ്താവിനെ ഒന്ന് കാണണം. പാതകള്‍ ഒരുപാട് വളഞ്ഞു ചുറ്റി. നെടുബാലിയന്‍ ദൈവം കുടി കൊണ്ട മണ്ണുമ്മല്‍ വിശ്വകർമാവിന്റെ കന്നിരാശിയും എരമം മുച്ചിലോടും കുന്നും പുറത്ത് നിന്നും ഒരു നോക്ക് കണ്ടു. താഴ്‌വാരത്ത് വയലുകള്‍ കണ്ടു. ഹരിത വനങ്ങള്‍ കണ്ടു. പോകുന്ന വഴി ഇടത് വശത്ത് ഒരു പഴയ അമ്പലമുണ്ടായിരുന്നു. കൃഷ്ണന്റെ അമ്പലം. വഴിയടയാളമായി ആൽമരം. പാതയില്‍ വീണു കിടക്കുന്ന ആലിലകള്‍.

കുന്നിന്‍ ചെരിവില്‍ നിത്യമായ് വിലസുന്ന ശാസ്താവിന്റെ കാവ് കണ്ടു. കൊത്തുപണികളോടെ മനോഹരമായിരിക്കുന്ന വാതില്‍ മാടങ്ങള്‍ കണ്ടു. പുരാതനമായ കാവ്. പുതുമ തീണ്ടിയിട്ടില്ല. ഭാഗ്യം. കാവില്‍ തൊഴുതു. കാവിന്‍ മുന്നിലെ തോട് കണ്ടു. തോടിനപ്പുറം വയലും വരമ്പും.

കാവിന്നരികത്തെ വയല്‍ വരമ്പില്‍ കൂടി മുണ്ടും മുറുക്കിയുടുത്ത് നടന്നപ്പോള്‍ എൺപതുകളിലെ ഒരു സിനിമാപ്പാട്ട് പാടണം എന്ന് തോന്നി. തീർച്ചയായും ഞാന്‍ ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ല എന്ന് അവിടുത്തെ കാഴ്ചകള്‍ എന്നെ കൊണ്ട് തോന്നിപ്പിച്ചു. വയലിന് ചുറ്റും ചെറുമലനിരകള്‍. കുന്നിൻ പുറങ്ങള്‍.

കണ്ട കാഴ്ചകളില്‍ പൂർണ സംതൃപ്തിയോടെ ഞാന്‍ അവിടുന്ന് തിരിച്ചു. മലകളോടും മരങ്ങളോടും ഉപചാരം ചൊല്ലി പിരിഞ്ഞു. വണ്ടി കുറ്റൂര്‍ പിന്നിട്ടു വളഞ്ഞു പുളഞ്ഞ റോഡുകളിലൂടെ ഓലയമ്പാടി ലക്ഷ്യമാക്കി തിരിച്ചു. അതുവരെ കണ്ട മരങ്ങള്‍ നിറഞ്ഞ ചെറു കുന്നുകളാല്‍ ചമഞ്ഞൊരുങ്ങിയ കാട്ടുപച്ചപ്പ് പടർന്നു കയറി ഹരിതാഭം കൊണ്ട പ്രകൃതി അതിന്റെ മറ്റൊരു ഭൂമി ശാസ്ത്രത്തിലേയ്ക്ക് മാറുകയായി …

കയറി കയറിയെത്തിയത് മറ്റൊരു സ്വർഗത്തിലായിരുന്നു. പാറപ്പുറവും സ്വർണവർണ പുൽക്കൊടികളും ഒറ്റമരങ്ങളും കുറ്റിക്കാടുകളും കാട്ടുവള്ളിപ്പടർപ്പുകളും നിറഞ്ഞ സമതല ഭൂമി

നീല വാനത്തിനു കീഴെ ദൂരെ നീലിമയോടെ തന്നെ കിഴക്കന്‍ പടുമലകള്‍.

റോഡിനരികെ ഒരൽപം വലതു വശത്തായി മീങ്കുളം അമ്പലം. മനോഹരമായ ഒരു കുഞ്ഞു ക്ഷേത്രം. നടയ്ക്കു മുൻപിലായി വച്ചിരിക്കുന്ന മഞ്ചാടിമണികള്‍ ഒരൽപ്പം വാരിയെടുത്തു. അകത്തു കയറി കണ്ണനെ കണ്ടു തൊഴുതു.

അമ്പലത്തിനു മുന്നിലായൊരു കുഞ്ഞുകാവുണ്ട്. എന്തൊരു ശാന്തതയാണവിടെ. തൂങ്ങിയാടുന്ന ചെറുവള്ളികള്‍. കരിയിലപ്പുതപ്പ്. കാട്ടുമരപ്പച്ച. മനസ്സിനെയതിലൂടങ്ങനെ സ്വച്ഛമായി ഒഴുക്കി വിട്ടു. കുറുമ്പിലോട്ട് ഭഗവതിയും ചെക്കിച്ചേരി ഭഗവതിയും പെരുവാമ്പ ചാമുണ്ഡിയും വിഷ്ണുമൂർത്തിയും കുടികൊള്ളുന്ന കാവ്.

വെയില്‍ വീഴുന്ന പാറപ്പുറത്ത് മരുപ്പച്ച പോലെ വിലസുന്ന കാവ്.  അതിനടുത്തായി അമ്പലക്കുളം. വഴി നീളെ പലവർണപ്പൂക്കള്‍ നിറഞ്ഞ നടവഴി. ഒരൽപം  ദൂരെയായി വില്വമംഗലം സ്വാമിയാരുടെ മഠം. ഉണ്ണികൃഷ്ണന്‍ അവിടെയൊക്കെ ഓടി നടക്കുന്നതായി കണ്ടു. മയിൽപ്പീലി പോലെ സുന്ദരമായ കൃഷ്ണ സങ്കൽപം.

നിറഞ്ഞ മനസ്സോടെ അമ്പലം വിട്ടകന്നു. സമതല ഭൂവിലൂടെ ഇത്തിരി ദൂരം കൂടെ പോയി. ഓടിയോടി പാടിച്ചാലിലെത്തി.

സഹ്യന്റെ മടത്തട്ടില്‍ ശാന്തമായുറങ്ങുന്ന മനോഹര ഭൂമിക. മഞ്ഞക്കിളി മല, കാളകാട്ടു മല തുടങ്ങിയ മലനിരകള്‍. ഓടിയോടിയൊടുവിലെത്തിയത് കാളകാട്ടു മലയുടെ അടിത്തട്ടിലാണ്. കവുങ്ങുകള്‍ നിരനിരയായി നിൽക്കുന്ന പറമ്പിലെ നടവരമ്പില്‍ കൂടി ചന്ദ്രനെല്ലൂര്‍ അമ്പലത്തിലേയ്ക്ക് നടന്നു. കാലവർഷം പുൽകിയ നിറഞ്ഞ തോടുകളുടെ കിലുക്കം കാതില്‍ കേട്ടു. ഒരായിരം നിഗൂഢതകളൊളിപ്പിച്ച് വച്ച് കൊടിയ മന്ത്രമൂർത്തികൾ കുടി കൊള്ളുന്ന കാളകാട് മല. കരിങ്കുട്ടിശാസ്തൻ കളിച്ചു വളർന്ന ഇല്ലപ്പറമ്പ്. പഴയ അമ്പലങ്ങൾ. ഞാറു നട്ട ചന്ദ്രവയൽ. ഉയരുന്ന അട്ടഹാസങ്ങള്‍. നിഗൂഡമായ ചില അനുഭവങ്ങള്‍. രഹസ്യമായ കാഴ്ചകള്‍.

athmaonline-kolabhoomi-04
തേജസ്വനി കാമ്പല്ലൂരിൽ

ഉത്തരകോലസ്വരൂപത്തില്‍ നിന്നും പതിയെ അള്ളടത്തിലേയ്ക്ക് കടന്നു. കാവേരി മലനിരകളും കർണാടക വനങ്ങളും ചെറുപുഴയും ആയന്നൂരും കമ്പല്ലൂരും തഴുകി കുത്തിപ്പാഞ്ഞൊഴുകുന്ന തേജസ്വിനി. കൊള്ളാടത്തെ കൃഷിയിടങ്ങളിലെ പളുങ്ക് പോലുള്ള കുഞ്ഞു ജലാശയങ്ങളിൽ നിന്ന് ഈന്തും കവുങ്ങും തൊട്ടൊഴുകുന്ന മറ്റൊരു നീരൊഴുക്കും ചാലായി പുഴയുടെ കാണാക്കയങ്ങളിലലിയാൻ മോഹം തോന്നി. നീലേശ്വരത്ത് എത്തുമ്പോള്‍ ശാന്തഗംഭീരമായൊഴുകുന്ന പുഴയുടെ കിഴക്കന്‍ ദൃശ്യങ്ങള്‍ കണ്ടു മനം കുളിർത്തു. തീരത്ത് അനേകം തെയ്യക്കാവുകളുണ്ട്. ചന്ദ്രവയലും കമ്പല്ലൂർ കോട്ടയും ഇരുകരകളിൽ നിന്നും അൽപ്പം മാറി നില കൊള്ളുന്നു. വടക്കേ കരയിൽ കാക്കടവ് വനം. കാസറഗോഡൻ ഗ്രാമങ്ങൾ ..

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഒരു കുഞ്ഞുയാത്രയുടെ മൊത്തം ഓർമകളേയും താലോലിച്ചു കൊണ്ട് വന്ന വഴിയിലൂടെ തന്നെ മടക്കം. മലയിറങ്ങി നിലാവണിഞ്ഞ സമതലങ്ങള്‍ പിന്നിട്ട് കുന്നിൻ ചെരുവുകളിലൂടെ വയൽപ്പരപ്പുകൾക്കിടയിലൂടെ വണ്ണാത്തിപ്പുഴയും വപ്രാനദിയും കടന്നു പഴയങ്ങാടിയിലേയ്ക്ക്.

കോലത്തുനാട് 

കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ചിലത് വടക്കൻ കണ്ണൂരിലാണ്. ഏഴോം, പട്ടുവം, ചെറുകുന്ന്, മാടായി, ചെറുതാഴം, കുഞ്ഞിമംഗലം, മാതമംഗലം, രാമന്തളി, തുടങ്ങിയ ദേശങ്ങളുടെ ഭംഗി വാക്കുകളിലൊതുങ്ങില്ല. പഴയ ഏഴിമല രാജ്യം. പിന്നീട് കോലത്തുനാടെന്ന വിശാലമായ നാട്ടുരാജ്യമാവുന്നതിനു മുൻപേ തിരുവർകാട്ട് കാവിന് ചുറ്റുമുള്ള ഈ പ്രദേശങ്ങളായിരിക്കണം കോലം വാഴ്ചയുടെ ഭരണസിരാകേന്ദ്രവും മൂലസ്വരൂപവും. തൊട്ടടുത്തു തന്നെയുള്ള തളിപ്പറമ്പ്, പയ്യന്നൂർ, ചിറക്കൽ പ്രദേശങ്ങളും പ്രാദേശിക ചരിത്രത്തിലും സാംസ്കാരിക മേഖലയിലും തിളങ്ങി നിൽക്കുന്നു. സാംസ്കാരിക കേരളത്തിന് കനത്ത സംഭാവനകൾ നൽകിയ, ഇന്നും നൽകിക്കൊണ്ടിരിക്കുന്ന നീലേശ്വരം, കാഞ്ഞങ്ങാട് മേഖലകളെയും വിസ്മരിക്കാനാകില്ല.

എന്തുകൊണ്ടോ വടക്കൻ കേരളത്തിനപ്പുറത്തുള്ളവർക്ക് ഇന്നും അപ്രാപ്യമാണ് കോലത്തുനാട്. കേരളചരിത്രത്തിൽ പലപ്പോഴും വിസ്മരിക്കപ്പെടുന്ന വടക്കൻ ദേശങ്ങൾ അറബിക്കടലിന്റെ ചുടുകാറ്റ് കടക്കാതെ ഏഴിമലയുടെ തണലേറ്റ് ശാന്തഗംഭീര നിർവാണാവസ്ഥയിലിരിക്കുന്നു. നെയ്തിരയാറും കിളിവള്ളിയാറും നീലിയാറും വണ്ണാത്തിപ്പുഴയും തേജസ്വിനിയും പയസ്വിനിയും ആദിതമിഴ് മൊഴിഞ്ഞ കാലം തൊട്ടിങ്ങോട്ട് തിരിഞ്ഞും മറിഞ്ഞുമൊഴുകുന്നു. നദികൾ പലതും ഗതിമാറിയൊഴുകി, പുതിയ ദേശങ്ങൾ രൂപപ്പെട്ടു. പുതിയ കാവുകളും കഴകങ്ങളും വന്നു. പുതിയ ദേവതമാർ പാറിപ്പറന്നു നാടു കയ്യേറ്റു. വെളിച്ചപ്പാടൻമാർ മഞ്ഞക്കുറിയെറിഞ്ഞ് എതിരേറ്റു. ആര്യർ നാടും അറബിക്കരയും താണ്ടി ദേവതമാർ വന്നു. തുളുനാട് കടന്നും കൊടകുമല കടന്നും ദൈവങ്ങൾ വന്നു.

സഞ്ചരിക്കുന്ന ദൈവങ്ങൾ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. മിക്കവരും കോലനൻമലനാട് കിനാക്കണ്ടെത്തിയവരാണ്. ഏഴിമലക്കടപ്പുറത്ത് പല മരക്കലങ്ങളടുത്തു. വന്നവർ വന്നവർ കാവായും കരയായും ഈ മണ്ണിൽ കുടിയിരുന്നു. കടൽ താണ്ടിയും കരതാണ്ടിയും പലവിധ മനുഷ്യരെത്തി. അവരൊക്കെ അവരുടെ ദൈവങ്ങളേയും കൊണ്ടുവന്നു. ഇവിടെയുണ്ടായിരുന്നവരും വന്നവരുമൊന്നായി, ഏകരാജ്യമെന്ന പേരുണ്ടായി. പല സംസ്കാരങ്ങളൊന്നു ചേർന്നു കോലവൻകടലായിന്നുമൊഴുകുന്നു. ചരിത്രം തോറ്റംപാട്ടായും വടക്കൻ പാട്ടായും ആർക്കും പിടിതരാതെ വപ്രാനദിയിലൂടെ വാകൈപ്പെരുംതുറൈ ചുറ്റിയൊഴുകുന്നു.

വളളുവനാട്ടിലും വടക്കുന്നാഥന്റെ മണ്ണിലും കുട്ടനാട്ടിലും മാത്രമായി ഒതുങ്ങിനിന്ന കേരളീയത പഴയകാല സിനിമകളിലൂടെയും സാഹിത്യകൃതികളിലൂടെയും ഉണ്ടാക്കിയെടുക്കപ്പെട്ടതിനാൽ വടക്കൻ കേരളത്തിന്റെ നാട്ടുഭംഗിയും ചരിത്രപ്രാധാന്യവും ഇന്നും വിസ്മരിക്കപ്പെടുന്നതും ഇവിടങ്ങളിൽ മാത്രമൊതുങ്ങി നിൽക്കുന്നതും അത്ഭുതമുളവാക്കുന്നില്ല. ഒരു കണക്കിന് അത് തന്നെയല്ലേ നല്ലത്, ഇവരൊക്കെയിങ്ങനെ ശാന്തമായൊഴുകട്ടെ.

athmaonline-arjun-raveendran
അർജുൻ രവീന്ദ്രൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)

editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here