ഇങ്ങനെയും ഒരു യാത്ര 

0
473

കാജൽ നായർ

ആരും ആർക്കുവേണ്ടിയും ഒന്നും വിട്ടുകൊടുക്കാൻ ആഗ്രഹിക്കാത്ത ഈ ലോകത്ത് വ്യത്യസ്തമായ ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ആശിഷ് ശർമ്മ എന്ന ഇരുപത്തിയൊമ്പതുകാരൻ. ഡൽഹിയിൽ ജനിച്ചു വളർന്ന മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്‌തിരുന്ന ആശിഷ് തന്റെ ജോലിയും വ്യക്തിജീവിതവും ത്യാഗം ചെയ്തത് ഒരു ലക്ഷ്യത്തോടെയാണ്. ‘ഇന്ത്യയെ ഭിക്ഷാടനവിമുക്തമാക്കുക’ എന്ന യജ്ഞവുമായി ജമ്മുകാശ്മീരിൽ നിന്നും കാൽനടയായി ഇറങ്ങിത്തിരിച്ച അദ്ദേഹം ഇപ്പോൾ കേരളത്തിൽ എത്തിനിൽക്കുകയാണ്. ഇതിന്റെ ഭാഗമായി കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സന്ദർശിച്ചു .

സ്വാതന്ത്ര്യം ലഭിച്ച് 72 വർഷം പിന്നിടുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്ത് ബാലഭിക്ഷാടനം ഇന്നും നിലകൊള്ളുന്നു എന്നതൊരു യാഥാർഥ്യമാണ്. തന്റെ ക്യാമ്പയിൻ ആയ ‘ഉന്മുക്ത് ഇന്ത്യ’യുടെ ഭാഗമായി രാജ്യമൊട്ടാകെ 17,000 കി.മി സഞ്ചരിക്കാനാണ് ആശിഷിന്റെ തീരുമാനം. ഇതിൽ 14,497 കി.മി ഇതിനോടകം പിന്നിട്ട് കഴിഞ്ഞു. ജോലി കഴിഞ്ഞു തിരികെ പോകും വഴി തന്റെ പക്കൽ ഭിക്ഷ യാചിച്ചെത്തിയ നിസ്സഹായകനായ ഒരു ബാലന്റെ കാഴ്ചയാണ് ഇത്തരമൊരു യാത്രയ്ക്കു പ്രേരിപ്പിച്ചത് എന്ന്‍ ആശിഷ് പറയുന്നു. പിന്നീട് മുൻകൈയ്യെടുത്ത് ഈ കുട്ടിയെ സ്കൂളിൽ ചേർക്കുകയുണ്ടായി. ഇതൊരു തുടക്കമായിരുന്നു. ഈ വിഷയത്തിന്റെ സാമൂഹിക പ്രസക്തി തിരിച്ചറിഞ്ഞ അദ്ദേഹം ഒരു ഗഹനമായ പഠനം നടത്തുകയും അതിന്റെ ഫലമായി ‘ദുവായീ ഫൗണ്ടേഷൻ’ എന്ന പ്രസ്ഥാനം രൂപീകരിക്കുകയും ചെയ്തു. ഈ സന്ദേശം ആവുന്നത്ര ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ കാൽനട യാത്ര. ”നേരിട്ടുള്ള ഇടപടലുകളിലൂടെ അല്ലാതെ ഇത്തരം സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കില്ല” എന്ന്‍ ആശിഷ് പറയുന്നു.

2017 ഓഗസ്റ്റ് 22ന് ജമ്മുകാശ്മീരിൽ നിന്ന് തുടങ്ങിയ യാത്ര ഹിമാചൽപ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, സിൽവാസ, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, സിക്കിം, ആസ്സാം, അരുണാചൽപ്രദേശ്, നാഗാലാ‌ൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ, വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്ര പ്രദേശ്, തെലുങ്കാന, കർണാടക എന്നീ സ്ഥലങ്ങൾ പിന്നിട്ട് ഇപ്പോൾ കേരളത്തിൽ എത്തിനിൽക്കുന്നു. ഇവിടെ നിന്ന് അടുത്തത് തമിഴ്നാട് പോകാനാണ് തീരുമാനം. ”കാൽനട യാത്ര ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല. പക്ഷെ എനിക്ക് ലക്ഷ്യത്തിലേക്കു അടുക്കാനുള്ള ആവേശം അതിന് ഉത്തേജകമായി. വഴിയിൽ ഒരുപാട് തടസങ്ങൾ നേരിടേണ്ടി വന്നു. എന്റെ ആത്മവിശ്വാസമാണ് എന്നെ മുന്നോട്ടു നയിച്ചത്” അദ്ദേഹം കൂട്ടിചേർത്തു.

ഒരു ദിവസം 30 മുതൽ 40 കി.മി വരെ പൂർത്തിയാക്കാൻ ആശിഷ് ശ്രമിക്കുന്നുണ്ട്. ഈ യാത്രക്കിടയിൽ കഴിയുന്നത്ര ആളുകളോട് സംവദിക്കുകയും ബാലഭിക്ഷാടനത്തെപ്പറ്റി ബോധവൽകരിക്കുകയും ചെയ്യുന്നു. എന്നാൽ ഉടനെ ഇതിനു മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ഉടനെ ഉണ്ടായില്ലെങ്കിലും കാലക്രമേണ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ത്രിവർണ പതാകയോട് യുവാക്കൾ കൂടുതൽ അടുക്കണമെന്നും അതുപോലെ സാമൂഹിക വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നുമുള്ള അഭിപ്രായക്കാരനാണ് ആശിഷ്. എന്നാൽ മാത്രമേ ഈ രാജ്യത്തിന് ഒരു നല്ല ഭാവി ഉണ്ടാവുകയുള്ളൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here