അവളുടെ മഴകൾ

0
325

കിരൺ ദാസ് കെ മംഗലത്ത്

അതങ്ങിനെയാണ്, കരച്ചിലങ്ങനെ തിങ്ങിനിറഞ്ഞു കണ്ണിലേക്കെത്തുന്നതിനു മുൻപ് മഴ പെയ്യും. മഴ വരുമ്പോ കരയണതാണോ, അതോ കരയുമ്പോൾ മഴ പെയ്യണതാണോ എന്നറിയാത്തത്‌ കൊണ്ട്, മഴയോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. പക്ഷെ ഈയിടെയായി തികച്ചും അപരിചിതമായ ഈ ടൗണിൽ മഴ മാത്രമേ പരിചയമുള്ളതുള്ളു.

ആദ്യമായി മഴ പെയ്തത്, അല്ലെങ്കിൽ മഴ പെയ്യുന്നത് ഞാൻ മനസ്സിലാക്കിയത് എട്ടാം ക്ലാസ്സിൽ വെച്ചായിരുന്നു. സ്കൂൾ ഗ്രൗണ്ടിൽ PT പീരീഡിന് എന്തോ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചിത്രയാണ് പറഞ്ഞത്, “എടീ നിന്റെ പാവാട നഞ്ഞിരിക്കുന്നു”.

ചുവന്ന പാവാടയിൽ നനവ് കണ്ടപ്പോൾ പുല്ലിലെ വെള്ളമോ മറ്റോ ആയിരിക്കും എന്നാണ് കരുതിയത്. ആദ്യം ഓർമ്മ വന്നത് അമ്മയെയാണ്, യൂണിഫോമിൽ കറ കണ്ടൊരു ദിവസം , മുറ്റത്തെ വരിക്ക ചക്കേടെ താഴെ അമ്മക്കെഴുതാനിട്ടിരിക്കുന്ന ഊഞ്ഞാല് വരെ എന്നെ ഇട്ട് ഓടിച്ചതാണ്. പാല് പോലെ വെളുത്ത ഷർട്ടും, ചോര ചൊകപ്പുള്ള പാവാടേം ഇടാൻ വേണ്ടി വാശി പിടിച്ചാണ്, താഴെക്കാവ് UP സ്കൂളിൽ തന്നെ അഡ്മിഷൻ വാങ്ങിച്ചെടുത്തത്. ഗൾഫിൽ നിന്ന് എത്തിയ അച്ഛനെ പകുതിയിലധികം ദിവസവും എന്റെ സ്കൂൾ അഡ്മിഷന് വേണ്ടി നടത്തിച്ചുവെന്നു പറഞ്ഞു മുത്തശ്ശി ഇടക്കിടക്ക് ചീത്ത വിളിക്കാറുണ്ട്. “അശ്രീകരം!
എന്റെ കുട്ടിയെ എത്രയാന്ന് വെച്ചിട്ടാ ഓടിച്ചേ…”. കേട്ട് കേട്ട് തഴമ്പിച്ചത് കൊണ്ട്, ഉത്സവത്തിന് പോകുമ്പോ കണക്ക് മാഷിനെ കണ്ടാൽ തിരിഞ്ഞു നടക്കണത് പോലെ ഞാനും അങ്ങട് ഇറങ്ങി വരും. അന്നങ്ങനെ തല്ലാൻ ഓടിച്ചതിന് അമ്മയെ കുറ്റം പറയാനും തരമില്ല, പക്ഷെ ഞാനല്ല ഉത്തരവാദി എന്നു മാത്രം. ഖാദറിന്റെ വാപ്പ പേർഷ്യയിൽ പോയി വന്നപ്പോ കൊണ്ട് വന്ന ഹീറോ പേന കൊണ്ട്, നിഷയുടെ തലയിൽ വന്നിരുന്ന കൊതുകിനെ തുരത്താൻ ശ്രമിച്ചതാണ്, മഷി മുഴോനും എന്റെ ഷർട്ടിൽ. നീല തുള്ളികളങ്ങനെ നിരന്നു കെടക്കുവല്ലേ. വീട്ടിൽ കയറുന്നതിനു മുൻപ് തന്നെയായിരുന്നു അമ്മയുടെ ഓട്ടൻ തുള്ളൽ.

ഈശ്വരാ വെള്ളം തന്നെയായിരിക്കണേ എന്ന് വിചാരിച്ചു തുടച്ചു. കയ്യിലാകെ ചുവന്നു കിടക്കുന്നു. ചോരയുടെ മണം, കാര്യം പിടി കിട്ടി. കഴിഞ്ഞ മാസം സ്വപ്ന വലിയ കുട്ടിയായിരുന്നു. അവൾക്കും ഇങ്ങനെ തന്നെയാ സംഭവിച്ചേ. സന്തോഷമോ, സങ്കടമോ, പേടിയോ എന്തൊക്കെയോ ഇങ്ങനെ ഉള്ളിലൂടെ പോകുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. വലിയ കുട്ടിയായ ശേഷം സ്വപ്ന ഒന്ന് ഒതുങ്ങിയിട്ടുണ്ട്. ചാടാനും ഓടാനും ഒന്നും അവളെ ടീച്ചർമാരോ വീട്ടുകാരോ സമ്മതിക്കാറില്ല. എന്തോ പൊട്ടിപ്പോവുംത്രേ.

PT പീരീഡുകളിൽ ഇണ ചത്തുപോയ ലൗ ബേർഡിനെ പോലെ അവൾ ക്ലാസ്സിലിരിക്കുകയാണ് പതിവ്‌. എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, ഇനി എനിക്കും അത് തന്നെയാണ് വിധി. ടീച്ചറോട് കാര്യം പറയാൻ ഓടിയ ചിത്രയെ അനുനയിപ്പിച്ച് ബാത്ത്റൂമിലേക്ക് എത്തിക്കാൻ ഞാൻ പെട്ട പാട് ഇപ്പൊ ഓർക്കുമ്പോ എന്നെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കിയാൽ പാകിസ്താനെ അനുനയിപ്പിച്ച് കാശ്മീർ മുഴുവനും നമ്മളെടുത്തേനെ.

പക്ഷെ കാര്യങ്ങൾ കൈ വിട്ടു പോയത് അവിടെ വെച്ചാണ്. വില്ലനായത് വയറു വേദന ആയിരുന്നു. കണക്കു മാഷിന്റെ ചൂരലിനെക്കാൾ വേദന ആയിരുന്നു അന്നെനിക്ക്. അവിടിരുന്നു കരഞ്ഞു കൊറേ നേരം. വേദന കുറഞ്ഞപ്പോഴേക്കും കൂട്ടമണി അടിച്ചു. പണ്ടാരങ്ങൾ ഇപ്പൊ എല്ലാം കൂടെ കേറി വരും. ഇവർക്കൊക്കെ ഇപ്പോ മൂത്രമൊഴിക്കാതിരുന്നലെന്താ? അശ്രീകരങ്ങൾ, അമ്മമ്മേടെ പ്രയോഗം കടം എടുത്തു.

ചിത്ര കൂടെ നിന്നതു കൊണ്ട് അവിടേം ആരും അറിയാതെ രക്ഷപെട്ടു. പാവാട അഴിച്ചു കഴുകി, അവിടിരുന്നു ഉണക്കീട്ടാണ് വീടുത്തിയത്. 5 മണിയായി. പതിവ് പോലെ അമ്മയുണ്ടായിരുന്നു, വൈകിയതിന് ചൂരലും പിടിച്ചോണ്ട്. ഓടാനൊന്നും പോയില്ല, അടുത്തു വന്നപ്പോഴും ക്ലാസ്സുണ്ടായിരുന്നു എന്ന് പറഞ്ഞു മിണ്ടാതെ നടന്നു. അന്ന് ആരോടും അങ്ങനെ സംസാരിച്ചില്ല. ബാല മാമ വന്നിരുന്നു, സാധാരണ ഓടി പോയി മാമേടെ സഞ്ചിയിൽ കൈയ്യിടാറുള്ളതാണ്. പറ്റിയില്ല. തോന്നിയില്ല, മുറിയിൽ തന്നെ കിടന്നു. അമ്മയോട് പറയാൻ നല്ല പേടിയായിരുന്നു. PT പീരീഡ് നഷ്ടമാവുന്നതായിരുന്നു ഏറ്റവും വലിയ വിഷമം. പറഞ്ഞില്ലെങ്കിലെന്താ… ഹാ… ഞാനിങ്ങനെ തന്നെ ആയിരിക്കൂലോ… എല്ലാവിടേം കളിക്കാൻ വിടുംല്ലോ.
രാത്രി അത്താഴം കഴിക്കാൻ വിളിച്ചപ്പോഴാണ് എല്ലാം തീർന്നുവെന്ന് തോന്നിയത്. പാവാടയിൽ ഉണ്ടായിരുന്ന നനവ് ‘അമ്മ പിടിച്ചു. പക്ഷെ ഞാനെന്തോ നുണ പറഞ്ഞൊപ്പിച്ചു.

രാത്രി മുഴുവനും ആലോചിച്ചു. വയറു വേദന വന്നാൽ പ്രശ്‌നമാണ്. ചോര കഴുകി കളഞ്ഞാൽ പോവുന്നതെ ഉള്ളു, മറ്റെതങ്ങനെയല്ല. പറഞ്ഞേ പറ്റുള്ളൂ, ഇന്നലെ പറയാത്തതിനു ‘അമ്മ ചീത്ത പറയോ?

അറിയില്ല, എന്തായാലും ഇതുള്ളത് കൊണ്ടുള്ള പ്രയോജനങ്ങൾ സ്വപ്ന പറഞ്ഞത് ഓർമ വന്നു. അന്ന് ആഹ് സാമൂഹ്യപാഠം ഭൂതം വന്ന് കേട്ടെഴുത്ത് നടത്തിയ ദിവസം അവൾ വന്നില്ല. ഇങ്ങനെയുള്ള ദിവസങ്ങളിലൊന്നും അവൾടെ ‘അമ്മ സ്കൂളിലേക്ക് വിടില്ല ത്രേ, പിന്നേ, എന്റെ അമ്മ, സ്കൂളിലേക്ക് പോവേണ്ട ന്ന്… ഇപ്പൊ പറയും, അച്ഛൻ വരുന്ന ദിവസം പോലും ഉച്ച വരെ സ്കൂളിലേക്ക് പറഞ്ഞയച്ചതാ.

പിന്നെയുള്ളത് പലഹാരങ്ങളൊക്കെ കൊണ്ടുള്ള അമ്മയിമാരുടെയും വല്യമ്മമാരുടെയും വരവാണ്. ലഡ്ഡു, ജിലേബി, മധുരസേവ, മൈസൂർ പാക്ക്, അങ്ങനെ ഒരുപാട്. മാത്രമല്ല, പുതിയ ഡ്രസ്, മാല, വള… ഹോ… 7 ദിവസമായിരുന്നു സ്വപ്ന അവധിയായിരുന്നത്. അവൾ അത് കഴിഞ്ഞെത്തിയ ബുധനാഴ്ച ഒരു രാജകുമാരിയെ പോലെ ആയിരുന്നു. അത് ഞാനവളോട് പറയുകയും ചെയ്തു. പറഞ്ഞു കഴിഞ്ഞതും എനിക്ക് കിട്ടിയതോ, 2 ലഡ്ഡു, ഹോ… അതിനെന്തൊരു സ്വാദായിരുന്നു. മധുരം മാത്രമല്ല, എല്ലാവർക്കും ഒന്ന് എനിക്ക് മാത്രം മൂന്ന്‌. അതിന്റെ അഭിമാനവും കൂടിയപ്പോഴാണ് അതിനിത്ര സ്വാദുണ്ടായത്.

രാവിലെ പതിവ്‌ പോലെ തോന്നിയില്ല. എന്തൊക്കെയോ മാറ്റം, കാലും കൈയ്യുമൊക്കെ മൃദുവായിരിക്കുന്നു. അമ്മയോട് പറയണം, പക്ഷെ വൈകിയതിന് തല്ല് കിട്ടുമോയെന്നുള്ള പേടി. അവസാനം അത് തീരുമാനിച്ചു. ‘അമ്മയ്ക്ക് എഴുതാൻ അച്ഛൻ വെച്ചു കൊടുത്തിരിക്കുന്ന ഊഞ്ഞാലിന്റെയടുത്തുള്ള കൊച്ചു മുറിയിലെ പേപ്പർ കെട്ടിൽ നിന്നൊരെണ്ണമെടുത്തു കത്തെഴുതാം. കാരണം വേറെവിടെ വെച്ചാലും ‘അമ്മ കാണുമോ എന്ന സംശയമുണ്ട്. ഹാ… ‘അമ്മ എഴുതാറൊക്കെയുണ്ട്, ഒരിക്കൽ അമ്മയുടെ ഒരു കവിത സ്കൂളിൽ ചൊല്ലിയതിന് ഒന്നാം സമ്മാനം കിട്ടുകയും, ജഡ്ജായി വന്ന 3 വയസ്സന്മാർ അവരുടെ ശിഷ്യ എഴുതിയ കവിതയാണ് എന്ന് സ്റ്റേജിൽ വെച്ചു പറഞ്ഞപ്പോ ആരോ പറഞ്ഞു, മല്ലിക ടീച്ചറുടെ മോള് തന്നെയാ..ന്ന്. അപ്പോഴവർക്ക് സ്നേഹം കൂടുകയും എനിക്ക് അഭിമാനമോ അഹങ്കാരമോ അങ്ങനെയെന്തൊക്കെയോ കൂടുകയും ചെയ്തിരുന്നു. പിന്നീട്‌ അമ്മയെപ്പോലെയാവാനുള്ള ശ്രമമായിരുന്നു.

അമ്മയുടെ കണ്ണട വെച്ച്, സാരി ഉടുത്ത്, ഒരിക്കലൊരു ഞായറാഴ്ച അവിടെയിരുന്നെഴുതിയ കവിത ഇപ്പഴും നാലാള് കൂടുമ്പോ ‘അമ്മ പറഞ്ഞു കളിയാക്കും, ദുഷ്‌ട.
ഹാ… അങ്ങനെ കാര്യം ഒരു കത്തിലാക്കി എഴുതിവെച്ചു. ഇറങ്ങാൻ വൈകിയതിന് അമ്മേടെ കൈയിൽനിന്ന് കിഴുക്കും കിട്ടി. സ്കൂളിലെത്തിയപ്പോൾ വീട്ടിലെ വൈകുന്നേരത്തെ അവസ്ഥ ആലോചിച്ചിരിപ്പായിരുന്നു. ചിത്രയുടെ ശല്യമാണ് സഹിക്കാൻ പറ്റാതിരുന്നത്, ആ സാമദ്രോഹി രണ്ട് കടലമുട്ടായി കിട്ടിയപ്പോഴാണ് ഒന്നടങ്ങിയത്.

സ്കൂൾ വിട്ടതും തിരിച്ചോടി. ഓടാനൊന്നും പഴയപോലെ പറ്റിയില്ല, എങ്കിലും സ്പീഡ് കൂട്ടി നടന്നു. പൊട്ടി പോവുന്നത് പൊട്ടാതിരിക്കാൻ ശ്രദ്ധിച്ചായിരുന്നു നടത്തം. എന്താണ് സംഭവമെന്നറിയാത്തത് കൊണ്ട്, എന്തൊക്കെയോ ചെയ്തിട്ടാണ് നടക്കുന്നത്. വീട്ടിട്ടിനടുത്തുള്ള പറമ്പിലെത്തിയപ്പോഴേക്കും ‘അമ്മ ഓടി വരുന്നത് കണ്ടു, തല്ലാനാണെന്നു മനസ്സിലായതോടെ തിരിഞ്ഞോടി. എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു, അമ്മയ്ക്ക് വേഗം കൂടുതലായിരുന്നത് കൊണ്ടും, എന്റെ പൊട്ടിപോകുമെന്ന പേടിയുള്ളത് കൊണ്ടും, ഞാൻ കീഴടങ്ങി. പക്ഷെ ‘അമ്മ വാരിയെടുത്തു, ഉമ്മ തന്നു, എന്നിട്ട് എടുത്തുകൊണ്ടു തന്നെ വീട് വരെ പോയി. അവിടെയാണെങ്കിലോ, ഒരു ഉത്സവത്തിനുള്ള ആളുകളും, എന്തായാലും എനിക്ക് കാര്യം പിടി കിട്ടി. പലഹാരം, ഡ്രസ്, മാല, വള, ഹോ ഞാനങ്ങട് സുഖിച്ചു.
പക്ഷെ എനിക്ക് ചുറ്റും എന്തോ കെട്ടിയിട്ട പോലെയായിരുന്നു. അതിൽ നിന്നൊക്കെ ഒരു സ്വതന്ത്ര്യം തന്നതും അമ്മയായിരുന്നു. അമ്മയുടെ എഴുത്തായിരുന്നു. വിപ്ലവങ്ങൾ അമ്മയുടെ കവിതകളിലൂടെ എന്നിലേക്കെത്തി, അതെന്റെ സ്വാതന്ത്ര്യത്തിന്റെ ജനലുകളായിരുന്നു.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

LEAVE A REPLY

Please enter your comment!
Please enter your name here