ദേവതാരു മരങ്ങൾക്കിടയിലെ ഏകാന്ത സഞ്ചാരി

0
1289

അയ്യൂബ് ചെരിപ്പൂർ

ഖലീൽ ജിബ്രാൻ അനശ്വരനാവുന്നത് അദ്ദേഹമിവിടെ ബാക്കി വെച്ച ശേഷിപ്പുകളുടെ ശോഭ കൊണ്ടാണ്. ജീവിതത്തിലും എഴുത്തിലും ചിത്ര കലയിലും വ്യത്യസ്തതയുടെ ഓരം ചേർന്നു നടന്ന ജിബ്രാൻ ആകർഷണീയതയുടെ അതുല്യ ലോകമാണ് പണിതുയർത്തിയത്.

ആദ്യമായി ഖലീലിനെ പരിചയപ്പെടുന്നത് ‘കൊടുങ്കാറ്റി’ലൂടെയായിരുന്നു. ദേവതാരു മരങ്ങൾക്കും മുന്തിരിതോട്ടങ്ങൾക്കുമിടയിലൂടെ സമൂഹവുമായി വേർപിരിഞ്ഞ യൂസുഫുൽ ഫിഖ് രിയെ തേടിയിറങ്ങുമ്പോൾ അതിയായ വിശപ്പും ദാഹവും തോന്നി. തല ചതഞ്ഞു പോയ ചെറുപക്ഷിയുടെ നെറുകയിൽ എണ്ണ പുരട്ടി കൊടുക്കുന്ന യൂസുഫുൽ ഫിഖ് രിയുടെ സ്രഷ്ടാവിനെ അറിയാൻ വൈകിയതിൽ വിഷമം തോന്നി. അല്പം വൈകിയാണെങ്കിലും ശക്തമായി വീശിയ  ‘കൊടുങ്കാറ്റിൽ’ തുറക്കപ്പെട്ടത് നിസ്തുലനായൊരു പ്രതിഭയിലേക്കുള്ള കവാടമായിരുന്നു.

കാല്പനികതയുടെ കിരീടം ചൂടിയ,  ദുരിതമനുഭവിക്കുന്നവരുടെ രക്ഷകനായി ശബ്ദിച്ച, പൗരോഹിത്യത്തിന്റെ പാപ്പരത്തങ്ങളെ പരിഹസിച്ച വിശ്വപ്രസിദ്ധനായ ഖലീൽ ജിബ്രാൻ.

മാനുഷിക ഹൃദയങ്ങൾ കൈവരിക്കേണ്ട ആത്മീയമായ ഉണർവിനെകുറിച്ചാണ് ജിബ്രാൻ തന്റെ കൃതികളിലൂടെ പ്രധാനമായും പറഞ്ഞുവെച്ചത്. അതുവഴി ലോകം ശാന്തിയുടെ തീരത്തെ പുണരുമെന്ന് സ്വപ്നം കാണുകയും പ്രസ്തുത ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി നിരന്തരമായ ആവശ്യപ്പെടലുകൾ നടത്തുകയും ചെയ്തു അദ്ദേഹം.

‘ദൈവത്തെ കാണാനല്ല ഞാൻ ജനങ്ങളിൽ നിന്നകന്നത്, എന്റെ അച്ഛനമ്മമാരുടെ ഭവനത്തിൽ എനിക്കെപ്പോഴും ദൈവത്തെ കാണാമായിരുന്നു’വെന്ന് വിളിച്ചുപറഞ്ഞ ജിബ്രാന്റെ കഥാപാത്രങ്ങൾ സമൂഹത്തിന്റെ മിടിപ്പറഞ്ഞു സഞ്ചാരദിശ നിർണ്ണയിക്കുന്നവയാണ്. 

ദുരിതങ്ങളേറെ നിറഞ്ഞ കുട്ടിക്കാലമായിരുന്നു ജിബ്രാന്റേത്. ദാരിദ്രം കുടുംബത്തെ കാർന്നുതിന്നുകൊണ്ടിരുന്നു. ഒപ്പം മദ്യപനും വഴക്കാളിയുമായിരുന്ന പിതാവിന്റെ സമീപനങ്ങളും ജീവിത ചെലവുകൾക്കുവേണ്ടിയുള്ള മാതാവിന്റെ കഷ്ടപ്പാടുകളും ആ കുഞ്ഞുഹൃദയത്തെ മുറിവേൽപ്പിച്ചു.

ഏക പ്രതീക്ഷയായിരുന്ന ജേഷ്ഠൻ പീറ്ററിന്റെയും പതിനാറു വയസ്സുകാരിയായ പ്രിയ സഹോദരി സുൽത്താനയുടെയും ക്ഷയരോഗം ബാധിച്ചുള്ള അകാലമരണം ജിബ്രാനെ തീവ്രദുഖത്തിലാഴ്ത്തി. അദ്ദേഹം കൂടുതൽ വിഷാദവാനായി കാണപ്പെട്ടു. പിൽകാലത്ത് സ്വന്തം രചനകളിൽപോലും അതു നിഴലിട്ടു.

മരണത്തിന്റ അനിഷേധ്യതയെക്കുറിച്ച്  അദ്ദേഹം ഇങ്ങനെ എഴുതി:

‘സാഗരത്തിന്റെ ഉപരിതലത്തിൽ ഒഴുകി നടക്കുന്ന വെറുമൊരു നുരയാണ് മനുഷ്യൻ.ഒരു കാറ്റടിക്കുമ്പോഴേക്കും അവൻ അപ്രത്യക്ഷനാവും  അതേ വരെ നിലനിന്നിട്ടേയില്ല എന്ന പോലെ’.

വിഷാദം ആനന്ദകരമായ ഏകാന്തതയിലേക്ക് നയിക്കുമെന്നും അത് ഒരുവന്റെ  ഭാവനാശക്തിയെ ബലപ്പെടുത്തുമെന്നും ടർകിഷ് സാഹിത്യകാരൻ  ബർട്ടൻ അഭിപ്രായപ്പെടുന്നുണ്ട്. ഈ ആശയം ജിബ്രാന്റെ ജീവിതത്തിൽ സത്യമായി പുലരുന്നു ചരിത്രത്തിൽ തുല്യതയില്ലാത്ത അദ്ദേഹത്തിന്റെ രചനാപാടവം തന്നെ സാക്ഷി. ഭോജനത്തെക്കുറിച്ചു പ്രവാചകൻ വാചലമാകുന്നതിങ്ങനെ: ഒരു ആപ്പിൾ പഴം പല്ലുകൾക്കിടയിലിട്ടു ചവക്കുമ്പോൾ അതിനു വേണ്ടി നിങ്ങളുടെ ഹൃദയത്തിനോടു പറയുക  നിന്റെ  വിത്ത്  എന്റെ ശരീരത്തിൽ ജീവിക്കും. നാളേക്കുവേണ്ടി തളിർക്കുന്ന നിന്റെ മുളകൾ എന്റെ ഹൃദയത്തിൽ പൂത്തു പുഷ്പിക്കും. നിന്റെ സുഗന്ധം എന്റെ ശ്വാസത്തിലൂടെ നിർഗളിക്കും. അങ്ങനെ നാമൊന്നിച്ച് കാലങ്ങളിലൂടെ  ആനന്ദനൃത്തം ചെയ്യും.

മിതവും മൃതുവുമായ സമീപനങ്ങൾ ഉപയോഗക്രമങ്ങളിൽ കൊണ്ടുവരണമെന്ന് ജിബ്രാൻ ആഹ്വാനം ചെയ്യുന്നു. വ്യത്യസ്തങ്ങളേറെ  നിറഞ്ഞ സമൂഹികജീവിതം നിറവേറ്റേണ്ട ധർമങ്ങൾ തീർത്തും വിപരീതങ്ങളാവും. ഓരോ ജീവികളും അവയുടെ പങ്ക് യഥാവിധി നടപ്പിലാക്കുമ്പോൾ സുശക്തമായ സമൂഹം നിർമിക്കപ്പെടുന്നു. ജിബ്രാൻ പറയുന്നു: തീർച്ചയായും ഫലങ്ങൾക്ക് വേരുകളോട് പറയാനാവില്ല എന്നെ പ്പോലെ പഴുത്ത് പാകമാവണമെന്നും ഉള്ളത് മുഴുവനും നല്കികൊണ്ടിരിക്കുകയും ചെയ്യണമെന്ന്. ഫലത്തിന്റെ ധർമം പ്രദാനം ചെയ്യുക എന്ന പോലെ വേരിന്റെ ധർമം സ്വീകരിക്കുക എന്നതത്രെ. കൂട്ടമായ പരിശ്രമത്തിലൂടെ മികച്ച അന്തരീക്ഷത്തെ സൃഷ്ടിച്ചെടുക്കാമെന്നും ഇരുണ്ട നിലങ്ങളിൽ നന്മയുടെ നിറവിളക്കുകൾ  കത്തിക്കാമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

മതത്തെ സ്വകീയ താൽപര്യങ്ങളുടെ സംരംക്ഷണത്തിനുവേണ്ടി  ദുരുപയോഗം ചെയ്യുന്നതിനെതിരെ   ജിബ്രാനെന്നും സമരമുഖത്തുണ്ടായിരുന്നു. അങ്ങനെയാണ് ഭ്രാന്തൻ ജോൺ മുതൽ മനുഷ്യപുത്രനായ യേശു വരെയുള്ള കൃതികൾ വിരചിതമാവുന്നത്. യേശുവിനെ സ്‌നേഹിച്ചവരും വെറുത്തവരുമായ എഴുപതെട്ടു കഥാപാത്രങ്ങളിലൂടെ ക്രിസ്തുവിന്റെ ജീവിതം അടയാളപ്പെടുത്തുന്നതും, ജിബ്രാന്റെ ഏറ്റവും ദീർഘമേറിയതുമായ മനുഷ്യപുത്രനായ യേശു ഏകദേശം രണ്ടു പതിറ്റാണ്ടുകളുടെ തയ്യാറെടുപ്പോടെ രചിക്കപ്പെട്ടതാണ്.

അധികാര മോഹികളായ പുരോഹിത വർഗം രൂപപ്പെടുത്തിയ സങ്കല്പങ്ങളിൽ നിന്നും യേശുവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് ‘ഭ്രാന്തൻ ജോണി’ൽ നിറഞ്ഞുനിൽക്കുന്നത്.തണുത്ത മൺ കുടിലുകൾക്ക് നടുവിൽ കൂറ്റൻ പള്ളികൾ നിർമിക്കുന്നതിലെ  അപഹാസ്യതയെ അദ്ദേഹം വെറുക്കുകയും പരിഹസിക്കുകയും ചെയുന്നു.

സമൂഹത്തിൽ അരങ്ങേറുന്ന വിരോധഭാസങ്ങൾക്കെതിരെ തീക്ഷ്ണമായ വാക്കുകളെഴുതിയ ജിബ്രാൻ അതേ സമയം സ്നേഹത്തെയും ആനന്ദത്തേയും കുറിച്ച് പാടിപ്പറഞ്ഞു. പ്രണയം മനുഷ്യമനസ്സുകളെ തളിരിതമാക്കുമെന്നഭിപ്രായപ്പെട്ട കവി വേർപാടിൻ നിമിഷം വരെ  പ്രണയം സ്വന്തം അഗാധതയെ അറിയുന്നില്ലെന്നും മൃത്യുവിൻ വെൺചിറകുകൾ നിങ്ങളുടെ ദിനങ്ങളെ ശിഥിലമാക്കിയാലും നിങ്ങളൊന്നിച്ചാവണമെന്നു പ്രണേതാക്കളോട് പ്രഖ്യാപിക്കുകയും ചെയ്തു. ജിബ്രാൻ തൻ്റെ യൗവ്വനകാല പ്രണയത്തെ ആവിഷ്കരിച്ചിരിക്കുന്ന ‘ഒടിഞ്ഞ ചിറകുകളി’ൽ പ്രിയതമയുടെ ശവകുടീരത്തിനരികെ സർവ്വവും സമർപ്പിക്കുന്ന യുവാവിനെ ദർശിക്കാൻ സാധിക്കും. ജിബ്രാൻ എഴുതുന്നു: സമുദ്രങ്ങൾക്കപ്പുറം സ്നേഹത്തിൻ്റെ തടവുകാരനായി കഴിയുന്ന ജിബ്രാൻ്റെ എല്ലാ ആശകളും ഇവിടെ അടക്കം ചെയ്തിരിക്കുന്നു. ഈ സ്ഥലത്ത് വെച്ച് അവൻ്റെ കണ്ണുനീർ പൊഴിഞ്ഞുവറ്റി. അവൻ മന്ദഹാസം മറന്നു. കേവലം നൽപ്പത്തിയെട്ടു വർഷം മാത്രം ഭൂമിയിൽ ചിലവഴിച്ച കലയുടെ ഉപാസകൻ വിടപറഞ്ഞു എട്ടുപതിറ്റാണ്ടു പിന്നിട്ടിട്ടും ഇന്നും അനശ്വരനായി തുടരുന്നു. താനെഴുതിവെച്ചപ്പോലെ:

‘ ഞാനെന്റെ ഏകാന്തതയിലിരുന്ന് ചെയ്യുന്നത് നാളെ ആയിരമായി പ്രതിധ്വനിക്കും. ഞാനിന്ന് ഏകഹൃദയത്തോടെ മന്ത്രിക്കുന്നത് നാളെ ആയിരം ഹൃദയങ്ങളേറ്റു പാടും’.

LEAVE A REPLY

Please enter your comment!
Please enter your name here