കനല് കത്തുന്ന കണ്ണുകൾ

0
690

അജ്മൽ എൻ.കെ

ചിത്രത്തിൽ നാലുടലുകൾ. മൂന്നുടലുകൾ ശേഷിക്കുന്ന ഒന്നിലേക്ക് ചാഞ്ഞിരിക്കുന്നു. തളർന്നുവീണ ആ ഉടലുകളുടെ കണ്ണുകൾ അടഞ്ഞുകിടപ്പാണ്. മൂവരുടെയും ഭാരം തോളിലായേറ്റുവാങ്ങിക്കൊണ്ട് നാലാമുടൽ വികാരത്തിന്റെ വേലിയേറ്റങ്ങളൊന്നുമില്ലാതെ കണ്ണുയർത്തി, തലയുയർത്തി ഇരിക്കുന്നു. പേര് ജോസഫ്. കണ്ണുകാണാത്ത കേരളം കണ്ണ് ചൂഴ്ന്നുകൊന്ന കെവിന്റെ പിതാവ്.

ആ കണ്ണുകളിലെ തിളക്കത്തിന് അർത്ഥതലങ്ങൾ ഒരുപാടാണ്. ഇനിയെന്നെയെന്ത്‌ ചെയ്യാനാവും എന്നവ ചോദിക്കുന്നുണ്ട്. ബ്രേക്കിംഗ് ന്യൂസിനായി നിർദാക്ഷിണ്യം കൊത്തിക്കീറുന്ന, നാണവും നെറിയുംകെട്ട മാധ്യമപ്രവർത്തകരെ അയാൾ തെല്ലും കൂസാതെ നേരിടുന്നുണ്ട്. തളർന്ന കുടുംബത്തെ, തകർന്ന കുടുംബമാക്കരുതെന്ന നിശ്ചയദാർഢ്യം ആ കൺകളിൽ വായിച്ചെടുക്കാനാവുന്നുണ്ട്. തന്റെ ശരീരം കൂടി പതറിയാൽ, തന്റെ വാക്കുകൾ കൂടി ഇടറിയാൽ, കരഞ്ഞുതളർന്ന, തന്നോടൊട്ടിക്കിടക്കുന്ന, തന്നിൽ തലചായ്ച്ചിരിക്കുന്ന ശരീരങ്ങൾക്ക് മറ്റാരുമില്ലെന്ന ബോധ്യമയാൾക്ക് കൂടുതൽ കരുത്തുപകരുന്നു. മകന്റെ പെണ്ണിനെ, അവന്റെ പെങ്ങളെ, അവന് ജന്മമേകിയ മാതാവിനെ, അയാൾ തന്റെ നെഞ്ചോട് ചേർക്കുന്നു. തോൽക്കാൻ മനസില്ലെന്നയാൾ പറയാതെ പറയുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here