പ്രളയ പ്രദേശത്തെ കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കായി പുസ്തകം സമ്മാനിക്കുന്നതിനേക്കാള്‍ ഉചിതം സ്കൂളുകളില്‍ ക്ലാസ്സ് ലൈബ്രറികള്‍ സൃഷ്ടിക്കാന്‍ ഇവയെ ഉപയോഗിക്കുന്നതാണ് എന്ന് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയ കുട്ടികള്‍ക്കുവേണ്ടി റുബിന്‍ ഡി ക്രുസ് തുടങ്ങിവെച്ച പുസ്തകശേഖരണ ക്യാമ്പയിന്‍ ആവേശകരമായി മുന്നേറുന്ന സാഹചരത്തില്‍ റുബിനെ അഭിനന്ദിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ അഭിപ്രായം മന്ത്രി പങ്കുവെച്ചത്.
‘പ്രളയത്തില്‍ പുസ്തകങ്ങള്‍നഷ്ടപ്പെട്ടു പോയ കുട്ടികള്‍ക്ക് വേണ്ടി Rubin DCruz തുടങ്ങി വച്ച പുസ്തകശേഖരണ ക്യാമ്പയിന്‍ ആവേശകരമായി മുന്നേറുന്നതില്‍ സന്തോഷമുണ്ട്. ഇനി തിരുവനന്തപുരത്ത് വരുമ്പോള്‍ ഞാന്‍ വീട്ടില്‍ ഇല്ലെങ്കിലും റൂബിന് എന്റെ പുസ്തകശേഖരത്തില്‍ നിന്ന് കുട്ടികളുടെ പുസ്തകങ്ങളില്‍ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്. പക്ഷെ എനിക്ക് ഒരു നിര്‍ദ്ദേശമുണ്ട്. പ്രളയ പ്രദേശത്തെ കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കായി പുസ്തകം സമ്മാനിക്കുന്നതിനേക്കാള്‍ ഉചിതം സ്കൂളുകളില്‍ ക്ലാസ്സ് ലൈബ്രറികള്‍ സൃഷ്ടിക്കാന്‍ ഇവയെ ഉപയോഗിക്കണം എന്നതാണ്. കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും സമ്മാനമായി നല്‍കുന്നതിന് പ്രസക്തി ഉണ്ടെങ്കിലും കൂടുതല്‍ സ്ഥായിയായ നേട്ടം സമ്മാനിക്കുക ക്ലാസ് ലൈബ്രറികള്‍ ആയിരിക്കും. ഇപ്പോള്‍ പല സ്കൂളുകളിലും ക്ലാസ് ലൈബ്രറികള്‍ ഉണ്ട് . ക്ലാസിലെ ഒരു കുട്ടി തന്നെ ലൈബ്രേറിയന്‍ ആയി പ്രവര്‍ത്തിക്കുന്നു .ഏതൊരു കുട്ടിക്കും പുസ്തകം എടുക്കാം വായിച്ച ശേഷം തിരിച്ചു നല്‍കാം. ഇനി വായിക്കാന്‍ എടുത്തില്ലെങ്കിലും ക്ലാസ് മുറിയിലെ ഷെല്‍ഫില്‍ ഇരിക്കുന്ന പുസ്തകങ്ങള്‍ ഒന്ന് എടുത്തു മറിച്ച് നോക്കാനെങ്കിലും ഭൂരിപക്ഷവും തയ്യാറാവും. ഇങ്ങനെ ഒരു ലഘു ഗ്രന്ഥ ശേഖരം കുട്ടികള്‍ക്കായി ഒരുക്കിയാല്‍ മാത്രം പോര, അവ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള അഭ്യാസങ്ങള്‍ക്കും രൂപം നല്‍കാം. കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങള്‍ സംബന്ധിച്ച് സൂക്ഷിക്കേണ്ടുന്ന ഡയറി, വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ച ആസ്വാദന കുറിപ്പുകള്‍, പുസ്തകങ്ങള്‍ സംബന്ധിച്ച ചര്‍ച്ച തുടങ്ങി ഒട്ടേറെ അഭ്യാസങ്ങള്‍ക്ക് രൂപം നല്‍കാം. ചുരുക്കത്തില്‍ ക്ലാസ് മുറി ലൈബ്രറി വെറുമൊരു ഗ്രന്ഥ ശേഖരം ആവരുത്, വായന ശീലത്തെ മാത്രമല്ല, ആസ്വാദക-സംവാദക കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഉപാധി കൂടിയാണ്. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നവരില്‍ മേല്‍പ്പറഞ്ഞ അഭ്യാസങ്ങളില്‍ താല്‍പ്പര്യമുള്ളവരെ ഇത്തരത്തിലുള്ള പരീക്ഷണങ്ങളുടെ മെന്റര്‍മാരായി പങ്കാളികളാക്കാനും കഴിയണം’.
Posted by Dr.T.M Thomas Isaac on Monday, September 3, 2018