പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കായലാട്ട് രവീന്ദ്രന്‍ (കെ.പി.എ.സി) അവാര്‍ഡിന് നാടക-സിനിമ നടി നിലമ്പൂര്‍ ആയിഷ അര്‍ഹയായി. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബര്‍ 22ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ വെച്ച് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അവാര്‍ഡ് നല്‍കും. ടി.വി ബാലന്‍, വില്‍സണ്‍ സാമുവല്‍, മേലൂര്‍ വാസുദേവന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
സ്ത്രീകള്‍ക്ക് കലാരംഗത്തേക്ക് കടന്നു വരാന്‍ പറ്റാത്ത കാലത്ത് യാഥാസ്തികത്വത്തിന്റെ ഉരുക്കു കോട്ടകള്‍ ഭേദിച്ച് 16-ാം വയസ്സില്‍ നാടകത്തില്‍ അരങ്ങേറി ചരിത്രത്തില്‍ ഇടം നേടിയ കലാകാരി ഇന്ത്യന്‍ നാടകരംഗത്തിനു തന്നെ പ്രചോദനമായിരുന്നു. 80 പിന്നിട്ടിട്ടും ഇന്നും കലാ രംഗത്ത് സജീവമാണ് നിലമ്പൂര്‍ ആയിഷ. നിരവധി നാടകങ്ങളിലും 50 ഓളം സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഫിലിം അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.