എനിക്കും നിനക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന ദൈവം എഴുതിയ കവിതകൾ

0
357
dr-roshni-swapna

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
ജയൻ k.c.യുടെ കവിതകളുടെ വായന

ഡോ. രോഷ്നി സ്വപ്ന

“There is a time
for many words,
and there is
also a time for sleep.”

Homer, The Odyssey

മരത്തിൻറെ ലിംഗം ഏതെന്ന് തിരക്കാതെ തന്നെ അതിന്മേൽ ചുംബിക്കുന്ന ഒരു പ്രാപഞ്ചിക പ്രേമം(universal love) ഉണ്ട് ജയൻ കെ സി യുടെ കവിതകളിൽ, ‘തനിക്കു മുന്നിൽ സ്നേഹത്തിന്റെ ചില്ലകൾ പടർന്നു നിൽക്കുന്നു’ എന്ന ഒറ്റക്കാരണമാണ് കവിക്ക് ന്യായീകരണമായി തരാനുള്ളത്. ചില വാക്കിന്റെ സാന്നിധ്യം, പെട്ടെന്നൊരു ആശങ്ക, ആന്തൽ നമ്മളിൽ മുളപ്പിക്കും. ഇത്‌ ഉപേക്ഷിക്കാനുള്ളതല്ലേ എന്ന്, ബാധ്യതകൾ ഇല്ലാതെ സ്നേഹിക്കാൻ കവിക്കാവുന്നത് ഒരുപക്ഷേ ഒരേസമയം സ്വീകരിക്കാനും ഉപേക്ഷിക്കാനും സാധ്യമാകുന്ന സ്നേഹത്തിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാവാം. ഭോഗതൃഷ്ണയിൽ അമർന്ന മനസ്സുകളെ സാധാരണ മനുഷ്യനെക്കാൾ കവി മനസിലാക്കുന്നത് യോഗിയായത് കൊണ്ടാണ് എന്നത് കുമാരനാശാനിൽ നാം മുമ്പേ വായിച്ച് അനുഭവിച്ചതാണ്. ഇതൊരു നിഷ്പക്ഷത ആയിരിക്കാം. ഈ നിഷ്പക്ഷത കവിക്ക് അധിക ബാധ്യത ആവുകയും ചെയ്യുന്നു ചിലപ്പോൾ.
പുല്ലിംഗങ്ങളെ കവിതയിൽ പകർത്തുമ്പോഴും “അവൾ” ചാരിയിരിക്കുന്ന മരത്തിന്റെ ഇലകളും അവയുടെ അടിവയറ്റിൽ പിണഞ്ഞു കിടക്കുന്ന ഞരമ്പുകളും എണ്ണുമ്പോഴും അവൾ സംശയിക്കുന്നുണ്ട്.
“Are you gay?”
ആ ചോദ്യത്തിന് മറുപടി പറയാൻ അവനാകുന്നില്ല.
സ്വപ്നങ്ങളുടെ അടരുകളിലേക്ക്, അവനവനിലേക്ക് ,മുഖം തിരിച്ചു കൊണ്ടു മാത്രമേ കവി ഉത്തരം പറയുന്നുള്ളൂ
“താൻ ഒരു മരം” ആണെന്ന് സംഗരം എന്ന കവിതയിൽ പുരുഷന്റെ അസ്തിത്വത്തെ തിരിച്ചറിയുന്ന കവിയേയും കാണാം.
“വികാരങ്ങളുടെയോ
യുദ്ധങ്ങളുടെയോ
ഭൂപടത്തിൽ
ഏകാന്തവും
വന്യവുമായ
മഹാഘോരതയാണ്
പൗരുഷം”
ഈ തിരിച്ചറിവ് ഒരേ സമയം ബാധ്യതയാകുന്നു എന്ന് കവി തന്നെ മുഖക്കുറിപ്പിൽ പറയുന്നുണ്ട്. “എനിക്ക് വഴങ്ങാത്ത ഒരു സ്ഥലത്തെയും കാലത്തെയും അടയാളപ്പെടുത്താനുള്ള ഒരു ശ്രമത്തിനിടയിൽ കാലദേശങ്ങൾക്കപ്പുറം ഒരു ഇടവിതാനത്തിലേക്ക് ഒലിച്ചുപോയ എന്റെ ബോധത്തിന്റെ തിക്കുമുട്ടലിലാണീ കവിതകൾ.എന്ന്, ഈ ഒലിച്ചുപോക്കിലാണ് കവി കണ്ണാടിയിൽ നോക്കുമ്പോലെ ആത്മപരിശോധനയ്ക്ക് വിധേയനാകുന്നത്. “സമയം
ഇഴയുന്ന ഒച്ചല്ല
തന്റെ ഭൂപടം എന്ന് കണ്ടെത്തുന്നത്
ഇലകളിൽ മുറിഞ്ഞു വീഴുന്ന നാലുമണി സൂര്യന്റെ
മഞ്ഞ ജീവിതത്തിനുമേൽ അവളുടെ ചുണ്ടുകളുടെ സ്ട്രോബറി ചുവപ്പ്
പഴങ്ങളിൽ പ്രണയം നിറഞ്ഞ പഴുതാരപ്പാടുകൾ
അയഞ്ഞ തൊലി മടക്കുകൾക്ക്
അഴുകിയ പുഞ്ചിരിയുടെ മണം, ശവനീലക്കണ്ണുകൾ
തിളക്കുന്ന പകലിലേക്ക് നീട്ടി..
അവൾ സൂര്യനിൽ ഒരു വിരൽത്തുളയിട്ടു
പിന്നെ വേവുന്ന
വിരൽവഴിയിൽ നനഞ്ഞു നാവു പുളച്ച്
ഭൂമിക്കുമേൽ സന്മാർഗത്തിന്റെ പർദ്ദ വലിച്ചിട്ടു”
ഈ മട്ടിലാണ് ഈ കവിതകളുടെ യാത്ര.
നിശബ്ദത വീണു പൊള്ളിയ നടപ്പാതയിൽ ചുവപ്പു രേഖ വീഴ്ത്തിക്കൊണ്ട് ഒരു കുട്ടി അമ്മയിൽ നിന്ന് ഊർന്നു പോയ നിക്കർ, ഇടം കൈകൊണ്ട് താങ്ങി പട്ടയുരുട്ടിക്കൊണ്ട് നീങ്ങുന്ന ചിത്രം ജയൻ കെ സി യുടെ മറ്റൊരു കവിതയിലുണ്ട് അനുഭവവും കാഴ്ചയും ബോധവും ഒരേസമയം തീർക്കുന്ന ചിത്രമാണ് ഈ കവിത. പിടികൂടാനാകാതെ വാക്കുകളെ കവിതയിലേക്ക് വലിച്ചിട്ടു പിടിക്കുകയാണ് എന്നു തോന്നും വിധം ഭാഷ! തീരെ ചെറിയ മൂളലുകൾക്കു പോലും കാതോർക്കുന്നുവെന്ന് ,തോന്നിപ്പിക്കുന്ന ഘടന.
കാഴ്ചയുടെയും കേൾവിയുടെയും അനുഭവത്തിന്റെയും സ്ഥല ഭൂപടങ്ങളെ മാറ്റിവയ്ക്കുന്ന വാങ്മയങ്ങൾ, ആഴങ്ങളെയും ഉയരങ്ങളെയും കൂട്ടികെട്ടാനുള്ള അതിതീവ്രമായ അധ്വാനങ്ങൾ. അവനവനെ മറികടക്കാൻ ഈ കവിതകൾ അല്ലാതെ മറ്റൊന്നും ഇല്ല എന്നറിയുമ്പോൾ ബോധ്യമാകുന്ന ദർശനം. ഒരു കാലത്തിൽ ,താൻ ജീവിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുമ്പോഴും മറ്റേതോ കാലങ്ങളിലേക്ക് പര ,അപര ശരീരങ്ങളായി പടർന്ന് , കവിതയെ ആ കാലത്തിൽ കൂടി സൗന്ദര്യമായി, പ്രതിരോധ ചിഹ്നമായി അരച്ചെടുക്കുന്ന കൈത്തഴക്കം. തീവ്രമായ ആത്മവിമർശനത്തിന്റെ വക്കോളമെത്തുന്ന അനുഭവലോകം. മലയാളകവിതയിൽ മറ്റൊരു കാലം പ്രാപ്തമാക്കാൻ കെല്പുള്ള രചനകൾ. മുൻ വിധികൾ ഇല്ലാതെ പറയാം. എങ്കിലും ഈ കവിതകൾ ഭ്രമാത്മകങ്ങളാണ് .
“ആരംഭിക്കാതെ
അവസാനിച്ച
എല്ലാ
അന്വേഷണങ്ങളുടെയും നാഭിയിൽ
ഒരു
പ്രവാചകൻ
മുളക്കും “”
എന്ന് പറയാൻ ആവുന്നത്ര..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here