ചത്ത കടല്‍ മീനുകള്‍

0
803

ശിവപ്രിയ സാഗര

ചത്ത മീനിന്റെ
കണ്ണില്‍ ഘനീഭവിച്ചൊരു കടല്‍ !.

ആ കടലിനെ
പച്ചവെള്ളത്തിലിട്ട്
കഴുകിയെടുക്കുന്ന ഒരുവള്‍ ..
കടലിന്റെ ആഴങ്ങളില്‍
ചിറകുവിരിച്ച്
പറന്നവര്‍
ഇവര്‍….!-
ചത്ത മീനുകള്‍……
സ്വപ്നങ്ങളൊക്കെ
നിരത്തില്‍ വിരിച്ചിട്ട്
മരണത്തിന്റെ
നിഴലുകളിലേക്ക്
കുടഞ്ഞിട്ട്
കൂട്ടംക്കൂടി പാഞ്ഞവരിവര്‍ …..
ആരോ നെയ്തുവിരിച്ച
വലകളിലേക്ക്
സ്വയമൊരു
ഇരയായ്
ചാടി ജീവിതം ഹോമിച്ചവര്‍ ….!
ശ്വാസം കിട്ടാതെ പിടയുമ്പോളും
അവരുടെ കനവിലൊരു കടലുണ്ടായിരുന്നിരിക്കണം …..
ചിറകുകള്‍ അരിഞ്ഞു വീഴ്ത്തി
വയറുപൊളിച്ച്
കുടലുകള്‍ വലിച്ചെടുത്ത്
ചെകിളകള്‍ പറിച്ചെടുത്ത്
മുളകും ഉപ്പും കുഴച്ചെടുത്ത്
ദേഹത്തില്‍ അടിവരയിട്ട
മുറിവുകളിലേക്കവളത്
തേച്ചുപിടിപ്പിക്കുന്നു …..
വറചട്ടിയിലേക്ക്
തിളച്ചുമറിയുന്ന
വെളിച്ചെണ്ണയിലേക്ക്
അവള്‍
അവരെ പറഞ്ഞയക്കുമ്പോളും
ആ മീനിന്റെ കണ്ണിലൊരു
കടലുണ്ടായിരുന്നു ……..
ആവോളം വറുത്തെടുത്ത്
പാകമായ
മൊരിഞ്ഞൊരു കടലിനെ
മെരുക്കിയെടുത്തവള്‍
അവള്‍ .

തന്റെ പൊരിക്കലില്‍
അവള്‍ ആനന്ദം കണ്ടെത്തിയിരിക്കണം ………

നിനക്കറിയാമോ
പെണ്ണേ?

നീയും ചത്തുപോയൊരു
മീനാണ് …….

നിന്റെ കണ്ണിലും
കാണുന്നത്
അതേ കടല്‍ ……
നീയും ഒരുങ്ങും
ഒരാളുടെ വായിലേക്ക്
ചുരുങ്ങിയൊതുങ്ങി
സ്വയം ഒടുങ്ങാന്‍ ……..!


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here