പുതപ്പ്

0
509

കെ എസ് രതീഷ്

ഭൂമിയിലെ പുതപ്പുകൾക്കെല്ലാം
ഒരേ ആകൃതിയാണോ..?
അല്ല,
പുതപ്പിനെപ്പൊഴും ആ  പുതുമയില്ലാത്ത
പുതപ്പിക്കൽ ശീലം തന്നെയല്ലേ.?

ആളിന്റെ ഇഷ്ടത്തിനനുസരിച്ച് മൂടിക്കൊടുക്കുക  മാത്രമല്ലേയുള്ളൂ,
ചില പുതപ്പുകൾക്ക്
മൂടിയങ്ങനെ മരിച്ചുകിടന്നാൽ മാത്രം മതി.
ചെറിയ ചൂടിലും
ചവിട്ടിമാറ്റിയാലും,
പാതിരാ തണുപ്പിൽ
നാലുകോണിലും
അധികാരത്തോടെ  തപ്പിനോക്കാറില്ലേ..?
വലിച്ചവശ്യമ്പോലെ മൂടും
ചൂട്  ആവശ്യത്തിനായാൽ
കാൽചുവട്ടിലേക്ക് പതിയെ
പിൻവാങ്ങണം,
അതുമല്ലെങ്കിൽ തലയുടെ അടിയിൽ ചുരുണ്ടങ്ങനെ പുലരുവോളം
ശ്വാസം മുട്ടി വായ്നാറ്റമേറ്റിരിക്കണം.
ചിലതിന് തന്നോളം വളരാനായില്ലെന്ന് പറഞ്ഞ്
പ്രാകാറുണ്ട്,
ചിലതിനോട്
അതിന്റെ
വളർച്ചകളെ  മടക്കിയോ ചുരുട്ടിയോ വയ്ക്കും.

ജാലകത്തിലൂടെ നൂണുവരുന്ന തണുപ്പൊക്കെ താനും    അറിയുന്നുണ്ടെന്ന് നീന്നോട് പുതപ്പെപ്പൊഴെങ്കിലും പറഞ്ഞിട്ടുണ്ടോ..?
തലയിലും കാലിലും ചുറ്റിവരിഞ്ഞ്
മുറുക്കിപ്പിടിക്കുമ്പോൾ അതിന്റെ കരച്ചിലെപ്പൊഴെങ്കിലും കേട്ടിട്ടുണ്ടോ..?
നിന്റെ വിയർപ്പും വിഴുപ്പും
കാരത്തിൽ അടിയേറ്റ്
കഴുകിക്കളയുന്നത്
കാണാനിടവന്നിട്ടുണ്ടോ ?
നീ
വല്ലാതെ ആർത്തിപൂണ്ട്
ചവിട്ടിക്കിറിയ ഭാഗം
തുന്നിക്കൊടുത്തിട്ടില്ല,
അതു വിട്ടേക്കൂ.
ആ മുറിവിൽ
വിരോടിക്കാൻ എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ..?
മറ്റൊരളുടെ  പുതപ്പ്
മണത്തു നോക്കിയിട്ടുണ്ടോ..?
അവറ്റകൾക്ക് വല്ലാറത്ത ദുർഗന്ധമായി നിനക്കുതോന്നിയല്ലേ..?
ഈ ഗന്ധങ്ങളെല്ലാം നിന്റെ പുതപ്പിലുമുണ്ട്
പക്ഷേ
അതൊന്നും
പ്രകടിപ്പിക്കാത്തത്
നിങ്ങൾക്കിടയിലെ
ആ കുളിരുകളുടെ സ്മരണകൊണ്ടാണ്.

അയൽ വക്കത്തെ
അയയിൽ
വിലങ്ങനെ അലക്കിവിരിച്ച പുതപ്പുകൾ
നിന്നെയെന്തെങ്കിലും  ഓർമ്മിപ്പിക്കാറുണ്ടോ.?

എങ്കിൽ കണ്ണടച്ചുകിടന്ന്
പറയൂ..
നിറമില്ലാത്ത ഈ പുതപ്പിന്റെ നിറങ്ങളെന്തായിരുന്നു.

പുതപ്പുകൾക്ക്
ഒരേ ആകൃതിയില്ലെങ്കിലും
അവ
പുതച്ചു
നിർത്തുന്ന തണുപ്പെന്താണെന്ന്
നീയെന്നാണറിയുക…?


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here