ഹിലാൽ അഹമ്മദ്
കൂട്ടുകാരി ചോദിക്കുന്നു
ഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?
ക്രിസ്മസോ കരോളോ?
നാട്ടിലെ ഏക ക്രിസ്ത്യാനി,
ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്ന
കൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.
പിന്നെ ഓർമ്മ വന്നു,
രാവിലെ മദ്രസയിൽ പോവുമ്പോൾ
കാണുന്ന പോസ്റ്റിലെല്ലാം
തേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽ
വ്യാകരണം പിഴച്ച ഒരു വാക്യം.
“നമുക്ക് മറക്കാതിരിക്കുക”
കൂടെ
നരച്ച ഒരു ചിത്രം,
അതിലേറെ നരച്ച മൂന്നു താഴികക്കുടങ്ങളുടേത്.
കാണുമ്പോഴൊക്കെ
പതിനാലു ഭാഷകളിൽ മൗനം
വിലപിക്കുന്ന ഒരു പൂജാമുറിയെ
അതോർമ്മിപ്പിച്ചു
രാമൻ നോവിക്കുമ്പോൾ
ആരെ വിളിച്ചു കരയണം
എന്ന് ചോദിച്ച തവളയെ ഓർമ്മിപ്പിച്ചു
കർസേവക്കു പോയ വീട്ടിനടുത്തെ
ഏട്ടനെ ഓർമിപ്പിച്ചു
ഒടിഞ്ഞ ഒരു നീല പെൻസിൽ ഓർമ്മിപ്പിച്ചു
ഒരു തിരുത്തോർമ്മിപ്പിച്ചു
ഒന്നും തിരുത്തപ്പെടാത്തത്
തീർച്ചയായും ഓർമിപ്പിച്ചു.
ബാബറെ ഓർക്കാറുണ്ട്
പക്ഷെ അയാൾക്ക്
വൃദ്ധനും അവശനുമായ
ആ പള്ളിയിലെ മുക്രിയുടെ
മുഖമാണെന്ന് മാത്രം.
രക്തമോർക്കാറുണ്ട്
കറുത്ത കോട്ടിൽ
കാൽനൂറ്റാണ്ട് കിടന്നിട്ട്
അത് കാണാനില്ല എന്ന് മാത്രം
വോട്ടോർക്കാറുണ്ട്
ഒരു സേഠ്നെയും
നമ്മുടെ എല്ലാം ശഹാദത്തിന്റെ മാസം
വേറെ എന്തോർക്കാനാണ്?
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in