വിഷ്ണു സുജാത മോഹൻ
കുളിമുറി, ഗർഭപാത്രം പോലെ
അത്രമേൽ സ്വകാര്യത
കാത്തു സൂക്ഷിക്കുന്നൊരിടമാണ്.
അവിടെ എനിക്കു മാത്രം
കേൾക്കാനുള്ള പാട്ടുകൾ
ഉണ്ടാകുന്നുണ്ട്.
ഭാഷയിലെ വ്യാകരണം
പഠിച്ചു തീരാത്തതു കൊണ്ടു
മാത്രമാണ്
ഗർഭപാത്രത്തിൽ നിന്ന്
ഒരു മൂളിപ്പാട്ടു പോലും
കേൾക്കാത്തത്.
ആടുമേക്കാൻ പോകുന്ന പോലെ –
യാണെന്റെ കുളിക്കാൻ പോക്ക്
എന്നെ ആരേയോ കുളിപ്പിക്കാ-
നേൽപ്പിച്ച്
മനസ്സിനേയും കൂട്ടി ഞാൻ ഏതോ
ഉയർന്ന സ്ഥലത്ത് പോയിരിക്കുന്നു
നോക്കൂ,
എന്റെ നിറവും കറുപ്പാണ്
നിങ്ങളെ വശീകരിക്കുന്ന
പുഞ്ചിരിയും
പക്ഷേ,
പുല്ലാങ്കുഴൽ വായിക്കാനറി-
യാത്തതു കൊണ്ടു മാത്രം
നിങ്ങളെന്നെ തിരിച്ചറിയുന്നില്ല.
തിരിച്ചിറക്കം
പ്രസവം പോലെ ക്ലേശകരമാണ്
വേദന തുടങ്ങിക്കഴിഞ്ഞാൽ
പിന്നെ
ആകെയൊരു വെപ്രാളമാണ്.
ഒടുക്കം
ആരോ നിന്നെ പ്രസവിക്കുന്നു.
ഞാനെന്റെ കവിതക്ക്
തലക്കെട്ട് തിരഞ്ഞു പോകുന്നു.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in