സുബിന്‍ ഉണ്ണികൃഷ്ണന്‍
രാത്രിയുടെ ഭൂമിശാസ്ത്രം വേറെ
എന്നും ഞാനെന്റെ വീട്ടിലേക്കുള്ള ഇടവഴി തെറ്റുന്നു..
ഒരൊറ്റയടിപ്പാതയിലൂടെ നടന്ന്
കെട്ടിപ്പോയ കാമുകിയുടെ,
അമ്മയുടെ അസ്ഥിമാടത്തിലെത്തുന്നു.
അവരില്‍ നിന്ന് അവളുടെ മാറിലെ
അര്‍ബ്ബുദത്തെപ്പറ്റി കേട്ട്
എന്റെ ചുണ്ടു വറ്റുന്നു.
‘അവളുടെ കെട്ടിയോന്‍ തല്ലുമോ?’
ഞാന്‍ ചോദിക്കും
‘എത്ര കുഞ്ഞുങ്ങളുണ്ട്?’
ഞാന്‍ ചോദിക്കും
‘മരിച്ചാല്‍ അവളെ ഇങ്ങോട്ട് കൊണ്ടു വരണേ’
ഞാന്‍ യാചിക്കും
അവര്‍ എന്റെ കൈ മുറുകെപ്പിടിക്കുമ്പോള്‍
ഇരുട്ട് അത്രമേല്‍ രാത്രിയുടേതാകും
ഭൂമിശാസ്ത്രം ചരിത്രത്തോടടുക്കും.
ഇതേ സമയം മറ്റൊരാള്‍ വഴി തെറ്റി
ഞാനായി, എന്റെ വീട്ടിലേക്കെത്തിയിരിക്കാം
എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി, ബ്രാണ്ടി ചുവക്കുന്ന
പരിപ്പുവടകള്‍ സ്‌നേഹത്തോടെ കൊടുത്തേക്കാം,
ഭാര്യയെ പുണര്‍ന്നേക്കാം
രാവിലെ എഴുന്നേറ്റ് അടുത്ത രാത്രിയിലേക്ക് നടന്നിരിക്കാം….
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in