സൂര്യ സുകൃതം
ഓടുന്നുണ്ട്,
ഒരുപാട്.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്.
അറിയുന്നുണ്ട്..
എന്റെ കിതപ്പുകളിൽ
നീ ശ്വാസം മുട്ടുന്നത്.
കെട്ടിപ്പിടിച്ചോടണമെന്ന
എന്റെ വാശികളിൽ
നീ വലഞ്ഞ് പോവാറുണ്ട്.
ഇടയ്ക്കൊക്കെ
എന്റെ കാൽവേഗത്തിൽ
നീ ഇഴഞ്ഞിട്ടുണ്ട്.
എന്നിട്ടും എന്റെ പരാതികൾ
തുടലു പൊട്ടിച്ചോടി വന്ന്
നിന്നെ കടിക്കുന്നു.
ഒട്ടും സഹതാപമില്ലാതെ
കുരയ്ക്കുന്നു.
കൊതിയുടെ ഉമിനീരൊലിപ്പിച്ച്
വീണ്ടും നിർത്താതെ ഓട്ടം.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ ) സ്വപ്നങ്ങളിലേക്ക്.
എന്റെ (നിന്റെ) പൂതികളൊക്ക
ഞാനിപ്പോൾ പൊതിഞ്ഞ്
വയ്ക്കാറുണ്ട്.
ഒടുവിലൊന്നിച്ച-
വിടെയെത്തുമ്പോൾ ,
കയ്യിൽ വച്ച് തരും
അക്കാലമത്രയും നമ്മൾ
(കണ്ടിട്ടും) കാണാതെ പോയ
കാഴ്ച്ചപ്പൊതികൾ.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in