അനിൽ കുര്യാത്തി
ചോളം വിതച്ച വയലേലകളില്‍ നിന്നും
ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു
“എന്റെ നാവിൽ പൂട്ടാന്‍ വിലങ്ങുണ്ടോ”
രജസ്വലയല്ലാത്ത അവളുടെ
കന്യാചര്‍മ്മം പിളർത്തിയൊഴുക്കിയ
പ്രാണന്റെ കണ്ണുനീരിന്
ആർത്തവ ചുവപ്പില്ലായിരുന്നു
സ്വര്‍ഗ്ഗം തേടുന്ന
ചെന്നായ്ക്കളോടൊരുവൾ
അക്ഷര ഭിക്ഷയാചിച്ചു
അവര്‍ ദൈവത്തെ ചൂണ്ടിക്കാട്ടി
അവളുടെ നാവരിഞ്ഞു
വിശുദ്ധ ഗ്രന്ഥങ്ങള്‍
ഉയര്‍ത്തിപ്പിടിച്ചു
മുലകളറുത്തെറിഞ്ഞു
ദൈവമപ്പോള്‍ കരഞ്ഞു
കണ്ണുകള്‍ പൊത്തി…
ധീരനായൊരു പോരാളിയാെരു ദിനം..
പതിനാലു തികയാത്ത
ഒരുവളുടെ നട്ടെല്ലില്‍
ഉന്നം തെറ്റാതെ വെടിയുണ്ട കൊള്ളിച്ചു….
അന്നവൻ സ്വര്‍ഗ്ഗ ലോകത്തിന്റെ
താക്കോല്‍ കൈപ്പറ്റിയത്രേ…
വിഡ്ഢികളെ ദൈവമിപ്പോള്‍
സ്വര്‍ഗ്ഗത്തിലില്ല….
അമ്പലങ്ങളിലും, പള്ളികളിലുമില്ല
മൃതപ്രായനായൊരു ജീവനോട്
മുലപ്പാലിന്റെ വെളുപ്പിൽ നിന്നും
ആർത്തവത്തിന്റെ ചുവപ്പിലേക്കെത്ര
ദൂരമുണ്ടെന്ന് ചോദിച്ചറിയാനായി
ഒരാശുപത്രി വരാന്തയില്‍
കണ്ണിമ ചിമ്മാതെ..
കാത്തിരിക്കുകയാണ്
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)