സുധീഷ് തൊടുവയൽ
ഓരോ മെഴുകുതിരിയും സ്വയം കത്തിയെരിയുന്നതിന് മുമ്പ് ഒരു കവിതയെഴുതിയിട്ടുണ്ടാവും
അതിലെ ഓരോ അക്ഷരച്ചില്ലയിലും പണി തീരാത്ത പക്ഷിക്കൂടുകളുണ്ടാവും
അതിന് ചുംബനവുമായി ശലഭങ്ങളെ കാത്തിരുന്ന വാടിയ പൂവിന്റെ വ്യഥയുണ്ടാവും…
വാക്കുകളിൽ ചുടുനിണവും വരിയിൽ എരിയുന്ന ചിതയുമുണ്ടാവും
വരികൾക്കിടയിൽ കൈവിട്ട സ്വപ്നങ്ങളുടെ പുഴയൊഴുകുന്നുണ്ടാവും .
അതിൽ കാർമേഘങ്ങൾ തീർക്കുന്ന ഇരുട്ടിൽ, ആളിക്കത്തുന്ന തിരികളുടെ ചുമർചിത്രമുണ്ടാവും
തടഞ്ഞു നിർത്തിയ മലകളും വസന്തം കൈവിട്ട താഴ്‌വാരങ്ങളുമുണ്ടാവും ..
ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് പ്രതീക്ഷകളുടെ നടപ്പാതകളുണ്ടാവും …
ഒളിച്ചുവച്ച വേദനയും നിരർത്ഥകമായ ജീവിതവും അവസാനവരിയിലേക്ക് കൊണ്ടു പോവുന്ന യാത്രയുണ്ടാവും
വഴിതെറ്റിപ്പോവുന്ന ഒടുവിലത്തെ വാക്കിലായിരിക്കണം അത് സ്വയം കത്തിയെരിഞ്ഞു പോവുന്നത്
മെഴുകുതിരികൾ ഓർമ്മകളിൽപ്പോലും മരിച്ചു പോവുന്നതിങ്ങനെയാണ് …
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
സുധീഷ് മെഴുക് തിരികൾ നന്നായി.. ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക്…