കെ. വി ജ്യോതിഷ്
ആചാരപ്പെരുമയിൽ
നാട് കുതിക്കുമ്പോഴാണ്
മാറ് മറച്ചവരുടെ നഗ്നത വാരിയെടുത്ത്, കോരൻ കഞ്ഞി വാരി കുടിച്ച കുമ്പിൾ തേടി
ആർത്തവത്താൽ കുടിയൊഴിപ്പിക്കപ്പെട്ട
പെണ്ണിനേയും കൂട്ടി പരശുരാമന്റെ മഴുവിൽ നാണം കൊണ്ട് കേരളം ഒളിച്ചത്.
ചക്ര വാഹനങ്ങളെ കേരളത്തെ
ഇടവഴികൾ വളഞ്ഞിട്ട് തല്ലി
കൈവണ്ടി കയറ്റിപ്പോയ അക്ഷരങ്ങളുടെ ബോർഡിങ്ങ് പാസ്സിൽ ജാതി നിർഭരം മനോഹരം എന്നെഴുതാൻ മറന്നില്ല പാണൻമ്മാർ പാടിയ പാട്ടിനാൽ
മാത്രം വിശേഷങ്ങളറിഞ്ഞവർ
മറ്റൊന്നും അറിഞ്ഞതുമില്ല
ചന്ദന നിറമുള്ള മുണ്ടിന്റെ കര വലിച്ച് കുടഞ്ഞ് ചുളിവ് മാറ്റാൻ പല കനലുകൾ വാരിയിട്ട ഇസ്തിരിപ്പെട്ടി ദിശ തെറ്റാതെ
നാക്കിലയുടെ പച്ച നിറത്തിൽ ഒളിച്ച് നിന്ന മാറ്റുവിൻ ചട്ടങ്ങളെ എന്ന വരികളെ ഞെരിച്ച് പൊള്ളിച്ച് കടന്നു പോയ്.
അന്ന്
മീ റ്റൂ ഉണ്ടായിരുന്നെങ്കിൽ പ്രളയകാലത്ത് പ്ളാസ്റ്റിക് മാലിന്യം ഇലയടരുകളിൽ തൂങ്ങി കിടന്ന പോലെ തമ്പുരാക്കമ്മാർ
കുരുങ്ങി പോയേനേ
കേരളം മറച്ചിടുന്നവരെ നോക്കി
നവോത്ഥാന നായകരുടെ ദയനീയ നോട്ടം കൊണ്ട് നിങ്ങൾക്ക് പൊള്ളാതിരിക്കാൻ
കേരളത്തിൽ ജനിക്കാതിരിക്കണം
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in