കെ. എസ്. കൃഷ്ണകുമാർ
ഒരു വീട്ടമ്മ
എന്തെല്ലാം നോക്കണം.
അയാൾ
അവറ്റ
അത്
അയൽ
അയില
അവൽ
അരി
അച്ചിങ്ങ
അച്ഛൻ
അമ്മ
അമ്മി
അരവ്
അരണ.
പ്രണയമില്ലാത്ത
വീട്ടമ്മ
അടുക്കളശബ്ദങ്ങളാൽ
പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം
പൂരിപ്പിക്കുന്നുണ്ടാകും.
പ്രണയിനിയായ
വീട്ടമ്മ
അടുക്കളശബ്ദങ്ങളുടെ മറവിൽ
പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം
നിറയ്‌ക്കുന്നുണ്ടാകും.
പണ്ട്
സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന്
രണ്ട് തവി കല്ലുപ്പ്
ഒഴക്ക് വെളിച്ചെണ്ണ
ഒരു പിടി പുളി
ഇച്ചിരി കടുക്;
ഇന്ന്
മനസ്സിനു
പിരിയും മുറുക്കവും
പോരാഞ്ഞ്
സീരിയലുകളിൽ നിന്നും
നിത്യവും കടം വാങ്ങുന്നു,
ജീവിതമുറിയിലോടിച്ചെന്ന്
മനസ്സ് നിറയെ തിരുകുന്നു,
സംശയം പോർ കുനുറ്റ്
അവിഹിതം അനാശാസ്യം
അശ്ലീലം അസൂയ കണ്ണീർ.
പ്രണയിനിയായ
ഒരു വീട്ടമ്മ
അതൊന്നും കാണുന്നില്ലെന്നല്ല;
അവളിലേക്കുള്ള
എല്ലാ ചാനലുകളും
അവന്റെ ഒരൊറ്റ ഫോൺകോളിൽ
ഓഫാകുന്നുവെന്നു മാത്രം.
ഒറ്റ കോളിംഗ് ബെല്ലിൽ
ഇടവേളയിടുന്നു
ചില പ്രണയങ്ങൾ;
ഒറ്റ കോളിംഗ് ബെല്ലിൽ
തുടങ്ങുന്നു
ചില പ്രണയങ്ങളും.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in