ഇരകളുടെ ഇതിഹാസം

0
898

അക്ഷയ് പി. പി.

അതിനുശേഷം*
പകലിനും രാത്രിക്കുമിടയിലുള്ള
ഏതോ ഒരു ഗ്രഹത്തിൽ വച്ച്,
അവൾ സിൽവിയ പ്ലാത്തിനെ വായിക്കും.

ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ
രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം
മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ
പകലിലേക്ക് തിരിച്ചു നടക്കും.

അടയിരുന്ന കവിത വിരിയുന്നതിനു മുന്നേ
മരണപ്പെട്ടുപോയൊരു കവിയുടെ
ആത്മാവുപോലസ്വസ്ഥമാകും
അവളുടെ ആൾക്കൂട്ട ജീവിതം.

അതിനുശേഷമാണവളുടെ മുറി,
വിഷാദഭരിതമായൊരു പുരാതന
നഗരമാകുന്നതും,അതിനകത്തവൾ
ധ്യാനനിരതയാകുന്നതും.

ആത്മഹത്യയെന്ന സാധ്യതയിലേക്ക്
ഒരെടുത്തുചാട്ടം നടത്താനൊരുമ്പെട്ടിരി-
ക്കുമ്പൊഴാണ്,വീണുപോയ ഇലകളുടെ
ഓർമ്മയിൽ നിന്ന് വീണ്ടും കിളിർക്കുന്ന
വസന്തകാലങ്ങൾ വന്ന് വാതിലിൽ മുട്ടിയത്.
അതായിരുന്നു തുടക്കം…

അതിനുശേഷമാണവൾക്ക് ജീവിതവുമായിട്ടൊരു
പുകവലിക്കാരന് മറ്റൊരു
പുകവലിക്കാരനോടെന്നപോലൊരു
അധാർമ്മിക ബന്ധമുണ്ടാകുന്നത്.

രണ്ടുപേരിലൊരാൾ പുകവലി
അവസാനിപ്പിക്കുന്നതുവരെ,മേൽപ്പറഞ്ഞ
അധാർമ്മികതയിൽ നിന്നുന്മാദം
കറന്നെടുക്കാനാണവളുടെ തീരുമാനം.
അതിനിടയിലെവിടെയെങ്കിലും വച്ച്,
അവൾ അവളെത്തന്നെ
കണ്ടെടുക്കില്ലെന്ന് ആരുകണ്ടു?

*പീഡനാനന്തരം.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here