ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

0
741

രാത്രിമഴ

ഒരു രാത്രിയെ അലക്കിപ്പിഴിഞ്ഞ്
കരികളഞ്ഞ് ഉണക്കാനിടുമ്പോള്‍
പകലേ പകലേയെന്ന് വിളിച്ച് മഴ വരുന്നു,
മനസ്സു പോലെ നനച്ചു കളയുന്നു..

നമ്മള്‍

നീ അറിഞ്ഞില്ലേ പെണ്ണേ,
നമ്മുക്കിടയിലെ രാജ്യം ചുരുങ്ങിപ്പോയത് ?
അതിര്‍ത്തിവേലികള്‍ പൂക്കള്‍ നിറഞ്ഞ
പരുത്തിച്ചെടികളായ് മാറിയിരിക്കുന്നു
അതിലെ രണ്ടുപൂക്കാളായ് കാറ്റത്ത്
തലയാട്ടി, തലയാട്ടി നമ്മള്‍ ചേര്‍ന്നിരിക്കുന്നു
ഇപ്പോള്‍ കാറ്റിനു പോലും കടന്നുപോകാന്‍
ഇടയില്ലാത്തവിധം നമ്മള്‍ ചേര്‍ന്നിരിക്കുന്നു

മായാജാലക്കാര്‍

നീ വായിച്ചു കഴിയുമ്പോള്‍ മാത്രം
എന്റെ മനസ്സായ് മാറുന്ന
മായാജാലക്കാരാണീ അക്ഷരങ്ങള്‍

സത്യം

നിന്നെക്കുറിച്ചെപ്പോഴും ഓര്‍ക്കുന്നു
എന്നതിനേക്കാള്‍ വലിയ കള്ളമില്ല

ഡിമന്‍ഷ്യ (ദി മനുഷ്യ)

ഓര്‍മ നശിച്ചവര്‍
മരണത്തെപ്പറ്റി വേവലാതിപ്പെടുന്നില്ല,
ഇപ്പോള്‍ ജനിച്ച കുഞ്ഞിനെപ്പോലെ
അത്രയും നിര്‍മലമായവര്‍ മരിച്ചുപോകുന്നു

വൈറസ്

നീ ഒരു വൈറസാണ്
എന്റെ മൂലകോശത്തിന്റെ
ഡി എന്‍ എ ഘടന വ്യതിചലിപ്പിച്ച്
പ്രണയകോശങ്ങള്‍ നിറയ്ക്കുന്ന
റെട്രോ വൈറസ്

 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here