ജലസ്മരണ

1
598

സൂരജ് കല്ലേരി

ഇപ്പോൾ
പെയ്തുപോയ മഴയിൽ
പറമ്പിലെ കുഴികളിൽ
ശ്വാസം കിട്ടാതെ
നിറഞ്ഞ്
കിടക്കുന്നു
വെള്ളത്തിന്റെ
ദേഹം.
നാവ് നീട്ടി
യാചിക്കുന്നുണ്ടത്
ഒരിണയെ
കൂടി
പെയ്തു കിട്ടാൻ
ഒരു മഴ
മാത്രം
പെയ്തൊഴിയുമ്പോൾ
കാത്തിരുന്ന്
ദാഹിച്ച്
മരിച്ചുപോകുന്നു
വെള്ളക്കെട്ടുകൾ..
ഇടയ്ക്കൊരു
പക്ഷി ഒരു തൂവൽ
കൊഴിച്ച് പറന്ന് പോയി
കലങ്ങിയ
ദേഹത്ത്
ഒരു തൊടൽ.
നീ
ചിലപ്പോൾ
എന്റെ ഉള്ളിലെ
മഴക്കുഴികളിലുണ്ടാവും
വറ്റിയിട്ടില്ല
ഉറപ്പാണ്
ഒറ്റയ്ക്കിരിക്കുമ്പോൾ
വെള്ളമിരുന്ന്
കാലിളക്കുന്നത് കേൾക്കാം
ആ പഴയ വെള്ളിക്കൊലുസ്
തന്നെ..
ദാഹിച്ച് ദാഹിച്ച്
നീ
നീരാവിയാകുന്നു
എനിക്കൊരു
കുമ്പിൾ ജലസ്മരണ.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here