കൂട്

0
789

ആര്യ രോഹിണി

നിഴൽ ഭിത്തിയുടെ തെക്കേയറ്റതായി,
ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ
സൂര്യനസ്തമിക്കാത്ത ഭാഗത്തായി
കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.

ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ
ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ
നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.

ചിറകിനും ആകാശത്തിനുമിടയിൽ
ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത
അഴികളിൽ തട്ടാതെ അവർ പറന്നു.

പറന്നു കൂടു കാണാതെയവർ
പാറക്കാടുകളിലെ നീർതുള്ളിക്കുള്ളിൽ
ഇമ വെട്ടാതെ കിടന്നു.

നക്ഷത്രകുത്തുകൾ കൂട്ടി യോജിപ്പിച്ചു
എരിഞ്ഞടങ്ങിയ കുഞ്ഞുങ്ങളെയും
കരിഞ്ഞു തീർന്ന കൂടിനെയും വരച്ചെടുത്തു.

പറക്കാടുകളിലെ നീർത്തുള്ളിയിൽ
മഞ്ഞു മൂടുന്നത് കണ്ടു
ബിയർ ബോട്ടിലുകൾക്കുളളിൽ നിന്നും
ഉറുമ്പുകൾ ഉറക്കെയുറക്കെ പുലമ്പി….
“ഇറയത്തെ കരി പുരണ്ട റാന്തലിൽ
നിലാവെളിച്ചം തീ പടർത്തി പൊള്ളലേൽപ്പിച്ച
കുഞ്ഞുങ്ങൾ ഭൂപടത്തിന്റെ സൂര്യനുദിക്കാത്ത
അതിരിൽ തല ചായ്ച്ചു ഉറങ്ങുന്നുണ്ട്”.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here