വിഷ്ണു ഷീല
ബോധി വൃക്ഷമില്ല
വനനശീകരണം.
ബോധോദയത്തിനായി അലഞ്ഞ
പുതിയ തലമുറയിലെ ഒരു ബുദ്ധൻ
ഒടുവിൽ
ആമസോണിൽ എത്തി.
വെളിച്ചം കടക്കാത്ത ആമസോണിന്റെ
ഇരുണ്ട അഗാധതയിൽ
സംസാരിക്കുന്ന പൂക്കളേയും
പക്ഷികളേയും, മൃഗങ്ങളേയും കണ്ടു.
സംസാരിക്കാൻ മറന്ന മനുഷ്യരുടെ
അടയാളങ്ങളും കണ്ടു.
ഒടുവിൽ
ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ
തപസ്സു തുടങ്ങി.
രാപ്പകലില്ലാതെ ലൈവ് പാടുന്ന
മെഡിറ്റേഷൻ സോങ്ങിൽ
ധ്യാനലീനനായി.
നാല്പത്തിയൊൻപതു ദിവസത്തെ
കഠിന ധ്യാന ശേഷവും,
ബോധോദയം ലഭിക്കാതെ
നിരാശനായവൻ പതിവുപോലെ
ഷട്ട് ഡൌൺ ചെയ്യുന്നതിന് മുൻപേ
ഹിസ്റ്ററി ഡിലീറ്റ് ചെയ്യുകയായിരുന്നു.
പൊടുന്നനെ പതിവില്ലാത്ത
ഒരു സംശയം.
‘ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനുള്ളതാണോ ‘
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in