അസൂയ തോന്നും വിധമാണ്
പലപ്പോഴും അവളുടെ ചലനങ്ങൾ
ചിലപ്പോൾ ഒന്നോ രണ്ടോ വയസായ
കുഞ്ഞിനെ പോലെ
ലോകത്തിന്റെ സകല വിസ്മയങ്ങളും
അവളുടെ കണ്ണിൽ
വിരിയിച്ചെടുക്കുന്നതു കാണാം.
അപ്പോഴൊക്കെ പിടിച്ചു
മടിയിലിരുത്താൻ തോന്നും.
തൊട്ടടുത്ത നിമിഷം
ഭാരങ്ങൾ ഏതുമില്ലാതെ
പറന്നുപോവുന്നത്
കാണുമ്പോൾ പിടിച്ചു
കിണറ്റിലിടാൻ തോന്നും.
ചിലപ്പോഴാകട്ടെ
കവിതകളുടെ വൈകുന്നേരങ്ങളിൽ
കാറ്റു കൊള്ളുന്നതു കാണുമ്പോൾ
ആൾക്കൂട്ടത്തിൽ നിന്നാരെങ്കിലും
കല്ലെറിഞ്ഞെങ്കിലെന്ന് കൊതിക്കും.
പരിചയക്കാരെ
കണ്ടുമുട്ടുമ്പോഴൊക്കെ
കൊഞ്ചുന്നത് കാണുമ്പോൾ
കൈയും തലയും പുറത്തിടരുതെന്ന
ബോർഡ് എടുത്ത്
മുന്നിൽ വെച്ച് കൊടുക്കാൻ തോന്നും.
ഇപ്പോൾ
വലത്തോട്ടെക്ക്
തിരിയുമെന്നു തോന്നുന്ന മാത്രയിൽ
ഇടത്തോട്ടെക്ക് മാത്രം പോയവൾ ഞെട്ടിക്കുമ്പോൾ
ഇത്രക്ക് അഹങ്കാരമോ
എന്ന് കണ്ണ് കടിക്കും.
പ്രണയിക്കുന്നത് കാണുമ്പോഴാകട്ടെ
വായിച്ചു തീരാത്ത ഏതോ
പ്രിയപ്പെട്ട പുസ്തകമെന്നതുപോലെ
തട്ടിപ്പറിച്ചു സ്വന്തമാക്കാൻ തോന്നും.
ഒരു കാര്യവുമില്ലാതെ
മുറിവുകളിൽ മരുന്നാകുന്നത്
കാണുമ്പോൾ പാവം തോന്നും.
സൂചിയും നൂലും കോർത്തുവെച്ചു
അകന്നുപോയതിനെയൊക്കെ
കൂട്ടിതുന്നുന്നതു കാണുമ്പോൾ
കെട്ടിപ്പിടിക്കാൻ തോന്നും.
ചിലപ്പോഴാകട്ടെ തികച്ചും
ശൂന്യത നിറച്ച്
ഞൊറികളില്ലാത്തൊരു
പാവാട വട്ടത്തിനുള്ളിൽ
കൂനികൂടിയിരുന്ന്
കണ്ണ് നിറക്കുന്നത് കാണാം.
അപ്പോഴൊക്കെ
അയ്യയ്യേ എന്ന് കളിയാക്കാൻ തോന്നും
എണീറ്റു പോടീന്ന്
ചെവിക്ക് പിടിക്കാൻ തോന്നും.
പിന്നെയും കുറേ
അന്വേഷിച്ചപ്പോഴാണറിഞ്ഞത്
ഓന്തിന്റെ ജന്മമാണെന്ന്
ഓന്തെന്തിനാണ്
നിറംമാറുന്നതെന്ന്
നന്നായി അറിയാമെങ്കിലും
വൃത്തികെട്ടതെന്ന് ഞാനും പറഞ്ഞു.
എന്നിട്ടും എന്തിനാവോ
ഇടക്കൊക്കെ
ഇടക്കൊക്കെ മാത്രം
കണ്ണാടിക്ക് മുന്നിൽ
വിളിച്ചുവരുത്തി
ഞാൻ മിണ്ടാറുണ്ട്
കുറേ മിണ്ടുമ്പോൾ
അവൾക്കൊരു നിറമേ
ഉണ്ടായിരുന്നുള്ളൂ
എന്നെനിക്ക് മനസിലാവും.
പിന്നെ മനസ്സിൽ പിടിച്ചവിടെ ഇരുത്തും.
കൈക്കുമ്പിളിൽ മുഖം
വാരിയെടുത്തു തുരുതുരെ
ഉമ്മവെക്കുമ്പോൾ അവൾക്ക്
ശ്വാസം മുട്ടുന്നുണ്ടോ
എന്നുപോലും
ഞാൻ നോക്കാറില്ല….
ആതിര ആർ
മലയാളം ഗവേഷക
ഗവ. ബ്രണ്ണൻകോളേജ്, ധർമടം
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in