സ്‌റ്റെഫിന്‍ നാരായണ്‍
സമയമാകുമസ്ത്രം തിടുക്കമോടെ പായുന്നു
അസ്ത്രം ചിത്തത്തില്‍ കനലെരിയുന്നൊരോര്‍മ
ഉദയകിരണങ്ങള്‍ ശോഭിച്ചതായിരുന്നു
ഇനിയസ്തമയത്തിന്‍ നീറുന്ന ചുവന്ന തീക്കനലിലേക്ക്
കാലമെന്റെ കോലം കെടുത്തി
സ്വപ്‌നങ്ങള്‍ വഴിയില്‍ വെച്ച് മിണ്ടാതകന്നുപോയി
അന്ധകാരത്തിന്‍ തീച്ചൂളയിലേക്കടുത്തപ്പോഴും
ഞാനറിഞ്ഞില്ല ഞാന്‍ തന്നെയാണോയിതെന്ന്.
ചായയില്‍ തുടങ്ങി സൗഹൃദങ്ങള്‍
ചാരായം നുകര്‍ന്നപ്പോള്‍
എന്നിലെ പ്രണയമധുരത്തിന് ലഹരിയുടെ
ചവര്‍പ്പ് തുല്യമായി
അവളിലെ പ്രണയമഴ തോര്‍ന്നതും
എന്നിലന്ധകാരം പെയ്തിറങ്ങിയതുമൊരുമിച്ചായിരുന്നു.
അത് ദിവാകരന്‍ കത്തി നില്‍ക്കുന്ന നേരം
ജീവിതസുഖമാകുന്ന ആകാശസങ്കല്പത്തിലേക്ക്
ഒരു മറുതലം തേടി ഒരു കിളിയായ്
ഞാന്‍ പറന്നുയര്‍ന്നു.
ഞാന്‍ ഞാനല്ലാതായി മാറുകയായിരുന്നു.
എന്റെ കണ്ണുകള്‍ക്കെന്നെ നിയന്ത്രിക്കാനായില്ല
കൈകള്‍ക്ക് വിറയല്‍ വന്ന് പനിപിടിച്ചു
ഒര്‍മ്മകള്‍ മരവിക്കാന്‍ തുടങ്ങി
ഞാനപ്പോഴേും ലഹരിയുടെ മടിത്തട്ടില്‍
തലയും ചായ്ച്ച് കിടന്നുറങ്ങി.
ദിവാകരന്‍ തന്‍ തിളക്കം മെല്ലെ കുറയുന്നു
അനുവാദമില്ലാതവന്‍ നീങ്ങുന്നപോലെ
ഒരു ശവം കണക്കെ നിന്നു ഞാന്‍
തിരിഞ്ഞു നോക്കുമ്പോള്‍
കഴിഞ്ഞ കാലത്തിനോര്‍മ്മയാകുന്നു മഴയില്‍
തിളങ്ങുന്ന സൂര്യകിരണങ്ങള്‍ തട്ടി
മഴവില്ലില്‍ നിന്നും ഭംഗിയുമെനിക്ക് സമ്മാനിക്കുന്നു.
അസ്തമയത്തില്‍ കാലമെത്തി
അവള്‍ ചുവപ്പ് ചോരതുപ്പി
കടലിലേക്ക് മുങ്ങിമരിക്കാന്‍ പോകുന്നു
ലഹരിയുടെ വീര്യമെന്നിലെ സിരകള്‍
ആര്‍ത്തിയോടെ ഉറ്റുനോക്കിയിരുന്നു
ഞാനിന്നറിയുന്നു
നീയാണ് ജീവിതം… നീയാണ് ലഹരി
പറഞ്ഞിട്ടെന്ത്!!!
അവനിങ്ങെത്തിക്കഴിഞ്ഞു.
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി- സോണില്‍ ഒന്നാം സ്ഥാനം നേടിയ കവിത)
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in