ഷൗക്കത്ത്
കോടതിവിധി നടപ്പാക്കണം. എന്നാൻ ആദ്യം നടപ്പിലാക്കേണ്ടത് മനുഷ്യനും സഹജീവികൾക്കും പ്രകൃതിക്കാകമാനെയും ഗുണം ചെയ്യുന്ന ഉച്ചഭാഷിണി നിയന്ത്രണനിയമമാണ്. കോടതി പല പ്രാവശ്യം വിധി പറഞ്ഞിട്ടും ഇന്നും കഥ തഥൈവ!
ശബരിമലയിൽ സ്ത്രീപ്രവേശനം, മുത്തലാഖ്, തുടങ്ങി ഈയിടെയുണ്ടായ കോടതിവിധികൾ ആധുനിക സമൂഹത്തിന്റെ തികച്ചും പുരോഗമനപരമായ നിലപാടായാണ് തോന്നിയിട്ടുള്ളത്. അഭിമാനത്തോടെയാണ് ഇത്തരം കോടതിവിധികളെ സ്വീകരിക്കുന്നത്.
അപ്പോഴും ഹൃദയത്തിലുള്ള ആത്മാർത്ഥമായ പ്രാർത്ഥന ഒരു സ്ത്രീക്കും ശബരിമലയിൽ പോകാൻ തോന്നരുതേ എന്നാണ്. എന്നുമാത്രമല്ല ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്ന പുരുഷന്മാരുടെ ആധിക്യവും കുറഞ്ഞു കിട്ടണേ എന്നുമാണ്. എങ്കിലത് ആ മലയ്ക്കും കാടിനും പരിസര പ്രദേശങ്ങൾക്കും അത്രമാത്രം ആശ്വാസമാകും എന്നതാണ് പ്രധാന കാരണം. അത്രമാത്രം മലീമസമാണ് പമ്പയും പരിസര പ്രദേശങ്ങളുമെന്ന് ആ വഴി സഞ്ചരിച്ചിട്ടുള്ളവർക്ക് ബോദ്ധ്യമാകും.
സ്ത്രീപുരുഷഭേദം ഇല്ലാതാക്കി ഏവരെയും വ്യക്തികളായി കാണുന്ന മനോഭാവത്തിലേക്ക് ഉണരേണ്ടതിന്റെ ആവശ്യകത എടുത്തു കാണിച്ചും ഇസ്ലാം, ക്രിസ്ത്യൻ തുടങ്ങി മതവിഭാഗങ്ങൾ ഇനിയും മുന്നോട്ടു നടക്കേണ്ട അനിവാര്യതയെ കുറിച്ചും വിശദമായി മുന്നെ എഴുതിയിരുന്നു.
പറഞ്ഞു വരുന്നത് അതല്ല. കോടതിവിധി നടപ്പാക്കാൻ സർക്കാർ തുനിഞ്ഞിറങ്ങുമ്പോൾ അത് എല്ലാ കോടതിവിധിക്കും ബാധകമാകണമല്ലോ. എങ്കിൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കും മൊത്തം ഗുണകരമാകുന്ന ഒരു വിധി പല പ്രാവശ്യം കോടതി നടത്തിയിരുന്നു. ശബ്ദമലിനീകരണം തടയാനുള്ള ഉച്ചഭാഷിണി നിയന്ത്രണം.
അമ്പലം, പള്ളി, ചർച്ച് എന്നിവിടങ്ങളിൽ നിന്നും ഉയരുന്നതും തെരുവിൽ മൈക്കു കെട്ടി നടത്തുന്നതുമായ അലർച്ചകളിൽ നിന്ന് സർവ്വ പ്രപഞ്ചത്തെയും രക്ഷിക്കാൻ ഈ വിധി നടപ്പാക്കൽ സഹായിക്കും.
നമ്മുടെയെല്ലാം അറിവിലേക്കായി ആ വിധി താഴെ ചേർക്കുന്നു:
(1) വിവാഹം, ജന്മദിനം, ഗൃഹപ്രവേശനം അതുപോലെയുള്ള ആഘോഷങ്ങള്‍ക്ക് ബോക്‌സ് രൂപത്തിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. കോളാമ്ബി പോലെയുള്ള ആംപ്ലിഫയറുകള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ബോക്‌സുകളില്‍ നിന്നുള്ള ശബ്ദപരിധി പരിപാടി നടക്കുന്ന വീട് അല്ലെങ്കില്‍ ഹാളിന്റെ പരിസരത്തിനുള്ളില്‍ ഒതുങ്ങിനില്‍ക്കണം.
(2) എയര്‍ ഹോണുകളും അമിത ശബ്ദമുള്ള ഹൈ ടൈപ്പ് ഹോണുകളും നിരോധിച്ചിട്ടുണ്ട്.
(3) ഏതുസാഹചര്യത്തിലായാലും ഉച്ചഭാഷിണികള്‍ രാത്രി പത്തുമണിക്കം രാവിലെ ആറു മണിക്കും ഇടയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
(4) ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലീം ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ബോക്‌സ് മാതൃകയിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇവയുടെ ശബ്ദം ഈ ആരാധനാലയങ്ങളുടെ വളപ്പിന് പുറത്തുപോകാന്‍ പാടില്ല. മുസ്ലീംപള്ളികളിലെ ബാങ്ക് വിളിക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ബാങ്കുവിളികള്‍ ഒരു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ളതിനാലാണിത്. ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങള്‍, ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ഇടുന്നത്, മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍, ക്രിസ്ത്യന്‍ പള്ളികളിലെ മറ്റ് ആഘോഷങ്ങളും ചടങ്ങുകള്‍ക്കും ഈ ചട്ടം കര്‍ശനമായി പാലിക്കണം.
(5)തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം. പോലീസിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ ആര്‍ക്കും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.
PS: ഇതിന്റെ കൂടെ പരിഗണിക്കേണ്ട ഒരു വിഷയമായി തോന്നിയിട്ടുള്ളത് ബാങ്ക് വിളി സംബന്ധിച്ചാണ്.
ഇന്ന് ഒരു പരിസരത്തുതന്നെ അനേകം പള്ളികളുണ്ട്. അവർ സഹകരിച്ച് ബാങ്കുവിളി ഒരിടത്തു നിന്നുമതി എന്നു തീരുമാനിച്ചാൽ ഒരേസമയം പലയിടത്തുനിന്നു വരുന്ന ബാങ്കുവിളിയുണ്ടാക്കുന്ന ബഹളമൊഴിവാകാൻ സഹായമാകും.
ഒരു നിശ്ചിത കിലോമീറ്ററിനുള്ളിൽ വരുന്ന ഓരോ പളളിയും മാറിമാറി ആ ഉത്തരവാദിത്തമേറ്റെടുത്തു നടപ്പാക്കിയാൽ എത്ര നന്നായേനെ.