ഒരു പേരില്ലാക്കവിത 

0
795

ആര്‍ദ്ര വി. എസ്.

ഒരു പാട്ട് പാടുമോ? ‌
ഒരു താരാട്ട് പാട്ട്?
അതിനെനിക്ക് പാടാനറിയില്ലല്ലോ!

ഒരു കഥ പറയുമോ?
എന്നെക്കുറിച്ച്, നിങ്ങളെക്കുറിച്ച്?
ഞാനൊരു കഥയില്ലാത്തവനല്ലേ!
പിന്നെങ്ങനെ കഥ പറയും!
എങ്കിൽ ഒരു ചിത്രമാവട്ടെ,
രാത്രിയുടെ, പകലിന്റെ ജീവിതത്തിന്റെ
ആരും വരക്കാത്ത ചിത്രം!
ഞാൻ ചിത്രകാരനല്ല,
നിറങ്ങൾ എന്നെ ഭയപ്പെടുത്തുന്നു.
പിന്നെ, പിന്നെ
നിങ്ങൾക്കെന്താണ് അറിയുക?
എനിക്ക് ഒരു പാട്ടായി രൂപം മാറി
ഈ പ്രപഞ്ചത്തിലൂടെ ഒഴുകാനറിയാം…
ആരും കേൾക്കാത്ത കഥയായി
മൺതരികളിലൂടെ
ഒരു കുഴിയാനയെന്ന പോലെ
പിറകോട്ടു നടക്കാനറിയാം..
കടും നിറങ്ങളാൽ തീർത്ത
ചിത്രം പോലെ
അർത്ഥമില്ലാതെ ചിരിക്കാനറിയാം…
ഞാൻ സംഗീതമാണ്…
ഞാനൊരു കഥയാണ്…
ഞാൻ നീ കണ്ടിട്ടില്ലാത്ത
നിന്റെ നിറമാണ്…
എനിക്ക് നിന്നെ
സ്നേഹിക്കാനറിയാം..


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here