മനുകൈരളി
ഒരിയ്ക്കൽ
ഞാനൊരു കവിയാകും.
മരണമെഴുതി
വിടരുന്ന
കരവിരുതിൽ
നിങ്ങളെന്നെ
നിശബ്ദമായി വായിച്ചു
തുടങ്ങും.
വരികളാകെ
ആത്മാഹൂതിയ്ക്കു
തുനിയുന്നവന്റെ
വെപ്രാളങ്ങളാവും.
അത്രമേൽ
ജീവിയ്ക്കാൻ
കൊതിച്ചിരുന്നിട്ടും
മരിച്ചുപോകേണ്ടി
വരുന്നവന്റെ
ഗതികേടിനെക്കുറിച്ചുള്ള
സൂചനകൾ
നിങ്ങൾ കണ്ടെടുക്കും.
ആത്മഹത്യക്കുവേണ്ടി
അവൻ
പെരുവിരലിൽ
നഖം നീട്ടി വളർത്തിയിരുന്നുവെന്നു
കവിത
നിങ്ങളോട് കഥ പറയും.
കൊരവള്ളിയിൽ
പെരുവിരൽ കുത്തിയിറക്കി
മോക്ഷമില്ലാത്തൊരു
മരണം
സ്വയം വരുത്തുന്നൊരു
വീരയോദ്ധാവാണ്
താനെന്നു
പിറുപിറുക്കുന്നൊരു
കിറുക്കനെ
നിങ്ങൾ
കണ്ടെടുക്കും
നീണ്ടു മെലിഞ്ഞ
അവന്റെ ഉടലിനു മീതെ
നിങ്ങൾ
എഴുതിത്തെളിയാത്ത
പൊട്ടക്കവിയെന്നും
ജീവിയ്ക്കാനറിയാത്ത
കോമാളിയെന്നും
നീട്ടിയെഴുതി
ഒപ്പുവയ്ക്കും.
ഒക്കെയും
അവസാനിച്ചുപോയൊരുവന്റെ
അത്രമേൽ
നിരാശാഭരിതമായൊരു
കവിതയെ
വായിക്കാൻ
തയ്യാറുള്ളവർ
ഇനിയുമുണ്ടോ
എന്നൊരന്വേഷണം
അന്തരീക്ഷത്തിലാകമാനം
അവശേഷിച്ചുകൊള്ളും.
എന്റെ കവിത
നട്ടപ്പിരാന്തത്തിന്റെ
തീരാത്ത
ചങ്ങലമുറിവാണെന്നു
പിന്നെയും
പിന്നെയും
നിലവിളിയ്ക്കും
നിങ്ങൾ കേട്ടാലുമില്ലെങ്കിലും.