ഞാറ്റു വേലകളിൽ പ്രസിദ്ധമാണ് തിരുവാതിര. ജൂൺ മുതൽ ജൂലായ് വരെയാണ് തിരുവാതിര ഞാറ്റുവേല. വിത്തുകളും ചെടികളും നടാൻ പറ്റിയ സമയമായാണ് ഈ ഞാറ്റുവേലയെ കണക്കാക്കുന്നത്. തിരുവാതിരയിൽ വിരലൂന്നിയാലും മുളയ്ക്കുമെന്നാണ് ചൊല്ല്. കൊമ്പുകുത്തി പിടിപ്പിക്കുന്ന ഏതു സസ്യങ്ങളും ഈ കാലയളവിൽ നടുന്നത് ഉചിതമാണ്. ഔഷധ സസ്യങ്ങൾ, കാട്ടുമരങ്ങൾ, ഫലവൃക്ഷങ്ങൾ, എന്നിവയും നടാൻ പറ്റിയ സമയമാണ്. വിരിപ്പ് നിലങ്ങളിൽ ഒറ്റപ്പൂവായി കൃഷി ചെയുന്ന മൂപ്പു കൂടിയ നെൽ വിത്തിനങ്ങൾ ഈ ഞാറ്റുവേലയിലാണ് ഞാറിടേണ്ടത്. കുരുമുളക് കൊടി നട്ടു പിടിപ്പിക്കാൻ പറ്റിയ ഏറ്റവും മികച്ച കാലവും ഇത് തന്നെ. വാഴ, മധുരക്കിഴങ്ങ്, കൂർക്ക തുടങ്ങിയവ ഈ വേലക്കാലത്തു നട്ടാൽ നന്നായി വളരുമെന്ന് കർഷകർക്കിടയിൽ ചൊല്ലുണ്ട്. ബഡ്‌ഡിങ്ങിനും ഗ്രാഫ്റ്റിംഗിനും പറ്റിയ സമയവും തിരുവാതിര തന്നെയാണ്. ഞാറ്റുവേലയെന്നാൽ ഞായറിന്റെ വേല- അല്ലെങ്കിൽ സൂര്യന്റെ സഞ്ചാരമാർഗം. ഭൂമി സൂര്യനെ വലം വെക്കാൻ എടുക്കുന്ന സമയത്തെ വിവിധ ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഈ ഘട്ടങ്ങളെയാണ് കർഷകലോകം ഞാറ്റുവേല എന്ന് വിളിക്കുന്നത്. ഭൂമിയിലെ സസ്യവളർച്ചയിൽ നിർണായക സ്വാധീനം ഉള്ള ഘടകങ്ങളാണ് സൂര്യന്റെയും ചന്ദ്രന്റെയും സാമീപ്യം. സൂര്യ പ്രകാശം ഏറ്റവും അധികം ലഭിക്കുന്ന കാലയളവ് സസ്യ വളർച്ചയിലെ മികച്ച കാലയളവായിരിക്കും. ചന്ദ്രന്റെ സാമീപ്യമാകട്ടെ അന്തരീക്ഷത്തിലെ ഈർപ്പത്തെ സ്വാധീനിക്കുന്ന ഘടകമാണ്. സൂര്യ,- ചന്ദ്ര സാമീപ്യം വ്യത്യസ്ത തലത്തിലാണ് കാർഷിക വിളകളെ സ്വാധീനിക്കുന്നത്. അതിനാൽ ഓരോ ഞാറ്റുവേലയും വ്യത്യസ്ത തലത്തിലാവും സസ്യ വളർച്ചയെ ബാധിക്കുന്നതും. സൂര്യനും ചന്ദ്രനും അടുത്ത് നിൽക്കുന്ന കാലം ഭൂമിയിലെ അന്തരീക്ഷത്തിൽ ജലാംശം തീരെ കുറവ് അനുഭവപ്പെടുന്ന കാലമാണ്. വിത്തിറക്കാൻ പറ്റിയ കാലമായാണ് കർഷകർ ഈ സമയത്തെ കണക്കാക്കിയിട്ടുള്ളത്. അമാവാസിയിൽ നിന്ന് പൗർണമിയിലേക്കുള്ള യാത്രയെന്നാൽ സൂര്യ ചന്ദ്രന്മാർ തമ്മിലുള്ള വിടവ് വർധിക്കുന്ന കാലഘട്ടമായിരിക്കും. ഈ യാത്ര ഭൂമിയിലെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. വിത്തുകളുടെ വളർച്ചയെ ഈ അന്തതീക്ഷ നില സ്വാധീനിക്കുന്നു. മലയാള മാസമായ മേടം ഒന്നുമുതലാണ് ഞാറ്റു വേല തുടങ്ങുന്നത്.