കുളിമുറി

0
431

രാഹുൽ മണപ്പാട്ട്

പതിനൊന്നാം നിലയിലെ
കുളിമുറിയിൽ
അവൾ
കുളിക്കാൻ തുടങ്ങി..
കുളിയെ
ആഘോഷമാക്കി കൊണ്ട്
ഉടലിന്റെ കൊളുത്തുകളഴിച്ച്
ഹാംഗറിൽ തൂക്കിയിട്ടു.
കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും
അരുവി പോലെ
വെള്ളം ഉറവ പൊട്ടി.
ഭൂമിയുടെ വേരുകൾ പൊട്ടിച്ച്’
പൈപ്പിലൂടെ വാലുകളിളക്കി
മീനുകൾ ഒഴുകിയൊഴുകിയെത്തി..
ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി.
നീർക്കോലികളും, തവളകളും
അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു.
ഓളങ്ങളിൽ കൊത്തി
നീലപൊൻമാനുകൾ
ആകാശത്തെ കുടഞ്ഞെറിയുന്നു.

കുളിമുറിയിൽ പണ്ടാരോ
കുഴിച്ചിട്ട കടലിന്റെ കാടുകളിലേക്ക് മുങ്ങാംകുഴിയിട്ട് അവൾ കൂകി വിളിക്കുകയാണ്.
അവളുടെ തുടയിൽ
പച്ചകുത്തിയ കാട്ട്പന്നിയെ
കെട്ടഴിച്ച് വിട്ട് കടലിനും കാടിനുമിടയിൽ ചീറുകയാണ്.

അവൾ അഴിഞ്ഞാടുന്ന
കാഴ്ച്ചയെ
ഇളക്കി കൊണ്ട്
നൂറ്റാണ്ടുകൾക്ക് മുമ്പ്
കാണാതായ കടലിനെ കരയിലേക്കെന്ന പോൽ
കുളിമുറി
വലിച്ചടുപ്പിക്കുന്നു..
കക്ക വാരാൻ വന്ന
മീൻചൂരുള്ള മുക്കുവത്തിപെണ്ണുങ്ങൾ
അവളുടെ ഗർഭപാത്രത്തിലെ
അക്വേറിയത്തിലേക്ക് മത്സരിച്ച് നീന്തി.
ഉളളം കൈയ്യിൽ പറന്നുനടക്കുന്ന
കിളികൾ അവളുടെ തിരയിളകുന്ന
മറുകിൽ വന്ന് മുട്ടയിടുന്നു.
പായൽ കുളത്തിന്റെ
ചതുപ്പിലേക്ക് നീന്തൽ പഠിക്കാൻ പോയൊരുവൾ തളിർത്തു
തുടങ്ങിയപ്പോഴേക്കും
അവൾ കുളിമുറിയിലേക്ക് പൊങ്ങിവരികയും
കടൽ ഒഴുകാൻ തുടങ്ങുകയും
ചെയ്തു.

ബാത്ത് ടെബിൽ കിടന്ന്
മീനുകൾ
മൃഗങ്ങൾ
പക്ഷികൾ
കൂത്താടുകയാണ്,
അവളും.

കുളിമുറിയുടെ ജലപരപ്പിൽ നീന്തി നീന്തികണ്ണ് ചോപ്പിക്കുമ്പോൾ
അവളുടെ ശരിരത്തിൽ പുളയ്ക്കുന്നു
ചിറകുകളുള്ള വന്യത.

കുളിയെ വാഷ്ബേയ്സിൽ
കഴുകികളഞ്ഞ്
രാത്രിയുടെ പടവുകളിറങ്ങിയിറങ്ങി
പതിനൊന്നാമത്തെ
ആഴത്തിലേക്ക്
ഭൂമിയിലേക്ക്
കടലിലേക്ക്
കാട്ടിലേക്ക്
അവൾ ഒഴുകിയൊഴുകി പോയി.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here