ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

0
237

എം. ബഷീർ

ആണുങ്ങൾ
എഴുതാനിരിക്കുമ്പോൾ
എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ

പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക
ചോരുന്ന വീടാണ്‌
വെള്ളത്തുള്ളികൾ ഇറ്റിവീണ്
മഷിയിളകും കടലാസ് കുതിരും
ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ
ഉടഞ്ഞുപോകും
മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക
പൊടുന്നനെ
വീടിന്റെ നെറുകയിലേക്ക്
ആടിയുലയുന്ന തെങ്ങിനെയോർത്ത്
നെഞ്ചുപൊട്ടും
അതെങ്ങാനും വീണാലെന്തായിരിക്കും
എന്ന ചിന്തയിൽ മഴപോലെ വിയർക്കും
അപ്പൊ തന്നെ എഴുത്തുനിർത്തി
ചാടിയെഴുന്നേൽക്കും

പെട്ടെന്ന് ലോകാവസാനം പോലെ
എല്ലാം ഇരുട്ടിലാക്കി കറന്റ് പോകുന്നു

അതൊന്നുമല്ല വിഷയം
കുട്ടികൾക്ക് കൊല്ലപ്പരീക്ഷയടുത്ത
കാലമാണ്
അപ്പനെപ്പോലെ തോൽക്കാനൊന്നും
ഞങ്ങളില്ല എന്നതാണ് അവരുടെ നിലപാട്
അതിനാൽ
വിളക്ക് വേണം വെളിച്ചത്തിന്
മണ്ണെണ്ണയില്ല ഒരു തുള്ളി കുപ്പിയിൽ
കെട്ടിയോൾ അടുപ്പൂതി ആളിക്കത്തുന്നു ഏപ്പീഎൽ കാർഡാണ്
റേഷൻ കിട്ടാൻ വല്യ പാടാണ്
മെഴുകുതിരി വാങ്ങണം
കവിതയല്ല വെളിച്ചമാണ് വലുത്

ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ
മഴ പെയ്യരുത് കാറ്റാടിക്കരുത്
കറന്റ് പോകരുത്

കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ
ബോധില്ലാതെ ആടുന്നു
കമ്പി പൊട്ടി വെള്ളത്തിൽ വീണാൽ
എത്രപേർ കറന്റടിച്ചു സ്വർഗ്ഗം പൂകുമെന്ന്
ആകുലപ്പെടവേ
കവിതയിലെ വാക്കുകൾ
മനസ്സ് വിട്ടുപോകുന്നു

എഴുതാനിരിക്കവേ
ടീവിയിൽ പെണ്ണുങ്ങൾക്കുവേണ്ടി
ആണുങ്ങൾ നയിക്കുന്ന സമരം കണ്ട്
രോമാഞ്ചപ്പെടുന്നു
എന്തൊക്കെയായാലും
പെണ്ണുങ്ങൾക്കൊരു പ്രശ്നം വന്നാൽ ഞങ്ങളാണുങ്ങളേ കാണൂ
അടുക്കളയിലേക്കൊളികണ്ണിട്ടൊന്നു നോക്കി
സമരത്തിന്റെ വോളിയം കൂട്ടുന്നു
ദാ.. ഇവിടെ വന്നീ തേങ്ങയൊന്നു ചിരകിത്തന്നേ
ഈ വിറകൊന്നു കൊത്തിത്തന്നേ
ഈ തുണികളൊക്കെ ഒന്നലക്കിത്തന്നേ
ഇതും ഒരു സമരമാ
ഇതെങ്കിലും ഞങ്ങളൊന്നു ജയിക്കട്ടെ

സർഗ്ഗാത്മക പ്രതിസന്ധി കഴുത്തിനുപിടിച്ചപ്പോൾ
പേനയും കടലാസും മാറ്റിവെച്ചു
കവിത പിന്നെയും ചിറകൊതുക്കി
ചുരുണ്ടു കിടന്നു

എഴുതാനിരിക്കുമ്പോൾ
ഒടുവിലത്തെ വാക്കിനോട്
വേറൊന്ന് വിളക്കിച്ചേർക്കവേ
കുഞ്ഞുങ്ങൾ വന്ന് കഴുത്തിൽ തൂങ്ങുന്നു
പരീക്ഷക്ക്‌ പഠിപ്പിക്കണം
ചോദ്യങ്ങൾ ചോദിച്ച് ചോദിച്ച്
ഉത്തരമാക്കിത്തരണം
ശ്രീനാരായണഗുരുദേവന്റെ
പത്തു മഹത് വചനങ്ങൾ ഏതെല്ലാം
നെരൂദയുടെ കവിതകളിലെ
രാഷ്ട്രീയം രൂപപ്പെട്ടത് എങ്ങനെ
വസന്തം ചെറിമരത്തോട് ചെയ്തതെന്തെന്ന്
മക്കൾക്ക്‌ പറഞ്ഞുകൊടുക്കവേ
അവരുടെ അമ്മ കണ്ണുരുട്ടുന്നു
ഇതാണോ മക്കളെ പഠിപ്പിക്കുന്നെ
അതിൽ ഒരു രാഷ്ട്രീയമുണ്ടെടീ
ചിലി എങ്ങനെ ചിലിയായെന്ന് നിനക്കറിയോ
ദേ… ഈ വീട്ടിൽ ഇമ്മാതിരി രാഷ്ട്രീയം പറയരുതെന്ന്
എത്ര വട്ടം പറഞ്ഞിട്ടുണ്ട്
ഇങ്ങനെയാണെങ്കിൽ നിങ്ങൾ പഠിപ്പിക്കണ്ട
കുഞ്ഞുങ്ങളെ വഴിതെറ്റിക്കാൻ

ഇവിടെ രാഷ്ട്രീയം പറയരുത് എന്ന ബോർഡ്
ആദ്യം തൂങ്ങിയത്
കുടുംബങ്ങളിലാണെന്നു തോന്നുന്നു
ഇവിടെ പുകവലി അരുത്
ഇവിടെ പരസ്യം പതിക്കരുത്
ഇവിടെ യാചന അരുത്
ഇവിടെ പ്രണയം പാടില്ല
എന്നീ മുന്നറിയിപ്പുകൾ പോലെ

അവളോട്‌ കവിതയും വേണ്ട
രാഷ്ട്രീയവും വേണ്ടെന്ന് വെച്ച് പുറത്തേക്കിറങ്ങുമ്പോൾ
ഇരുട്ടിൽ നിന്നൊരു പന്തംകൊളുത്തി പ്രകടനം
ദൈവത്തെ രക്ഷിക്കാൻ
ഒരുകൂട്ടം മനുഷ്യർ തൊണ്ടകീറി
മുദ്രാവാക്യം മുഴക്കുകയാണ്
ഒരുവിധപ്പെട്ട ദൈവങ്ങളൊക്കെ
ഈ അലർച്ച താങ്ങാനാവാതെ
ഭൂമിവിട്ടോടിപ്പോകുമല്ലോന്ന് തോന്നി
പെട്ടെന്ന് അതിലൊരു രാഷ്ട്രീയമുണ്ടെന്ന്
കണ്ടെത്തുന്നു
രാഷ്ട്രീയമുള്ള ഏതൊന്നിലും കവിതയുമുണ്ടാകുമല്ലോ
മനസ്സിലെഴുതാൻ നോക്കവേ
ഇടിവെട്ടി മിന്നൽ വീശി
വസന്തത്തിന്റെ ഇടിമുഴക്കമാണോ

ജനാധിപത്യം ഒരിടിമുഴക്കത്തെയും അനുവദിക്കില്ലല്ലോ എന്നോർത്ത്
അടിമുടി ക്ഷോഭപ്പെട്ടു

ആ വിഷയം കവിതയാക്കിയാൽ കിടുക്കും
അല്ലെങ്കിൽ വേണ്ട
അകത്താകും
അമ്മാതിരി കാലമാണ്

വീട്ടിലിരുന്ന് കവിതയെഴുതുന്നവന്
അക്കാദമി വിശേഷാൽ അവാർഡെന്തേലും
കൊടുക്കേണ്ടതാണ്
കാട്ടിലിരുന്നെഴുതുമ്പോലെ
അത്യന്തം ദുഷ്കരമാണത്
പെണ്ണുങ്ങളെഴുതുമ്പോൾ ഉള്ളതിനേക്കാൾ
ഒട്ടേറെ പരീക്ഷണഘട്ടങ്ങളിലൂടെ
ഓരോ ആൺ കവിയും കടന്നുപോകുന്നുണ്ട് എന്നിട്ടും ഒട്ടുമിക്ക ആണുങ്ങളും എങ്ങനെയൊരു
ഫാസിസ്റ്റായി മുദ്രകുത്തപ്പെടുന്നു എന്നത്
എത്ര പരിതാപകരമാണല്ലേ
എഴുതുന്നതിനിടയിൽ എന്തെല്ലാം
ദശാസന്ധികളെ മറികടക്കണം
ഒരു കവിത പൂർത്തിയാക്കുവാൻ
വീട് എങ്ങനെ ഒരധികാര കേന്ദ്രമായി മാറുന്നു എന്നത് കവിതയാക്കിയാൽ കൊള്ളാം
അല്ലെങ്കിൽ വേണ്ട
ഫാസിസം കവിതയെ അംഗീകരിക്കില്ലല്ലോ
പിന്നെ വെടിവെപ്പായി ചുട്ടെരിക്കലായി
തല്ലിക്കൊല്ലലായി

ഫാസിസം അതിന്റെ കവിതകളെ തന്നെ
കൊന്നുതിന്നുന്നു എന്നത് എത്ര ശരിയാണ്

എഴുതാനിരിക്കുമ്പോൾ
മക്കൾ ഇസ്തിരിയിടാനുള്ള ഉടുപ്പുകൾ
തലയ്ക്കുമീതെ കൊണ്ടിടുന്നു
പെട്ടി ചൂടാക്കി തേക്കുമ്പോൾ
അതിനോട് സഹതാപം തോന്നുന്നു
എത്ര ചുട്ടുപഴുത്തിട്ടാണ്
അതിന്റെ പൊള്ളുന്ന പ്രതലം
നമ്മുടെ ചുളിവുകൾ ഇല്ലാതാക്കുന്നത്
പ്രണയിക്കുന്നവരുടെ ഹൃദയം പോലെയാണ്
ഓരോ ഇസ്തിരിപ്പെട്ടിയും
എത്ര ചൂടായാലും സ്വപ്നങ്ങൾക്ക് പൊള്ളലേൽക്കില്ല
അതെക്കുറിച്ച്‌ എഴുതണമെന്നു നിശ്ചയിക്കുന്നു
അപ്പോഴേക്കും ആരോ ബെല്ലടിക്കുന്നു
വെടിപ്പായി വസ്ത്രമണിഞ്ഞ യാചകൻ
അയാൾക്ക്‌ പുഞ്ചിരിയോടൊപ്പം
രണ്ടുരൂപ നൽകി മടങ്ങുമ്പോൾ
ഗെയിറ്റ് കരയുന്ന ശബ്ദം
നോക്കുമ്പോൾ ഒരു പട്ടി നുഴഞ്ഞുകയറുന്നു
അതിനെ ആട്ടി കോലായിലേക്കു കയറവെ
മുറ്റത്തെ തുളസിത്തൈ വാടിനിൽക്കുന്നു
വെയില് അതിനെ സങ്കടപ്പെടുത്തിയതാണ്
ഇത്തിരി വെള്ളം മുരട്ടിലൊഴിച്ച്‌
പിന്നെയും എഴുതാനിരിക്കുമ്പോൾ
ചുമരിലൂടെ ഉറുമ്പുകളുടെ ഘോഷയാത്ര കാണുന്നു
വിഭജനകാലത്തെ വീഡിയോ കാണുമ്പോലെ
അഭയാർത്ഥികൾ എഴുതുന്ന കവിതകളാണ്
നീണ്ടുനീണ്ടുപോകുന്ന മൗനരേഖകൾ
ലോകം നിർമ്മിച്ചിരിക്കുന്നത് തന്നെ
അവരുടെ കണ്ണീരും ചോരയും ചേർത്ത്
കുഴച്ചെടുത്ത മണ്ണുകൊണ്ടാണ്
അതേക്കുറിച്ചെഴുതിയാലോന്ന് പേനയെടുക്കുമ്പോൾ
എവിടെയോ യുദ്ധം മണക്കുന്നു
വേണ്ട
യുദ്ധകാലത്തെ കവികൾക്കുള്ളതാണ്
കഴുമരം

മക്കളെ സ്‌കൂളിലേക്ക് വണ്ടികയറ്റി
തിരികെ നടക്കുമ്പോൾ
നിരത്തിൽ തലേന്നത്തെ ഹർത്താലുത്സവത്തിന്റെ തിരുശേഷിപ്പുകൾ
വാറുപൊട്ടിയ ചെരുപ്പുകൾ കീറിയ കൊടികൾ
കുപ്പിച്ചില്ലുകൾ ചോരപതിഞ്ഞ കല്ലുകൾ
മുറിവേറ്റവരുടെ മൗനവിലാപങ്ങൾ
പാപം ചെയ്യുന്നവർ മാത്രം കല്ലെറിയുന്ന കാലം
സ്വപ്നങ്ങൾക്ക് നികുതി കൊടുക്കുന്ന കാലം
ഒരു നല്ല കവിതയ്ക്കുള്ള മരുന്നുമായി
വീട്ടിലേക്കോടുമ്പോൾ
വഴിയിൽ ആരൊക്കെയോ
വേറെ ആരെയൊക്കെയോ വെട്ടിക്കൊല്ലുന്നു
ചോര ചീറ്റുന്ന ഉടലുകൾ വീണുപിടയുന്നു
ഭാഗ്യം.. വെട്ടേറ്റത് എനിക്കല്ലല്ലോ
കൊല്ലപ്പെട്ടത് ഞാനല്ലല്ലോ
എന്റെ വീടിന് തീപിടിച്ചിട്ടില്ലല്ലോ
എന്റെ മക്കൾ ചുട്ടെരിക്കപ്പെട്ടിട്ടില്ലല്ലോ

ഓടുന്ന ഓട്ടത്തിൽ കവിത
വഴിയിൽ കൊഴിഞ്ഞുപോകുന്നു
വീട്ടിലിരുന്ന് കവിതയെഴുതുന്നവന്റെ
വാക്കുകൾ ഇങ്ങനെയൊക്കെയാണ്
മൗനത്തെ അതിജീവിക്കുന്നത്
ഇത്രേം എഴുതിയതിൽ നിന്ന്
ഒരു കവിതയ്ക്കുവേണ്ട കനലുകൾ പെറുക്കിയെടുക്കവേ
ഒരു മഴത്തുള്ളി വന്ന് നെറ്റിയിൽ പതിക്കുന്നു
അങ്ങനെ അതും മറന്നുപോകുന്നു….


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here