കള്ളിപ്പെണ്ണ്

0
497

അംജദ് ഷാ മൂന്നിയൂര്‍

നീയിത്ര കള്ളിയാണെന്ന്
ഞാനറിഞ്ഞില്ല പെണ്ണേ.

എന്റെ വാതില്‍പടി വരെ എത്താന്‍
എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ
അസ്ത്രങ്ങളുണ്ടാകും
നിന്റെ ആഭിചാര സഞ്ചിയില്‍?
ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍
ഏത് കല്ലില്‍ രാകിയാണ് നീ
ധൈര്യം കൂട്ടിയത് ?!
എന്നാലും ഈ പട്ടാപ്പകല്‍,
നിനക്കെവിടന്നാണ് പെണ്ണേ
ഉള്ളില്‍ കയറി
എന്റെ ഭണ്ഡാരം തുറക്കാനുള്ള
കത്തിയും മൂര്‍ച്ചയും

ദ്രവിച്ചുണങ്ങിയ കഴുക്കോലില്‍
നിന്നെ ഞാന്‍ തൂക്കിക്കൊല്ലുമായിരുന്നു.
ഓടിനു മുകളില്‍ വെച്ചു തന്നെ
നിന്നെ ഞാന്‍ തള്ളി വീഴ്ത്തുമായിരുന്നു.
പക്ഷെ, കാടു പിടിച്ച എന്റെയീ
അഴുക്കു മന്ദിരത്തിലേക്ക്
എന്തിനാണിത്ര സാഹസപ്പെട്ടു നീ
വന്നതെന്ന ചിന്തയില്‍ ഞാന്‍
ചോര പൊടിയുകയായിരുന്നു.
നിനക്കു നേരെ തൊടുത്ത അസ്ത്രം
ഒടിഞ്ഞു കുത്തി താഴെ വീഴുകയായിരുന്നു.
നീ പറ്റിക്കയറിയ ചളിക്കാലുകള്‍
എന്റെ കണ്ണിലും
തലയിലും
മനസ്സിലും കിടന്ന് ഉണങ്ങുകയാണ്.
ഈ ഉണക്കത്തില്‍ എന്റെ
വീടിനു ചുറ്റും കാറ്റടിക്കുകയാണ്.
എന്റെ അറകളിലെ
ശൂന്യതയൊക്കെയും മോഷ്ടിച്ച്
രത്‌നം പോലെ
തിളങ്ങുന്നതെന്തോ
വെച്ചിട്ട് നീ …

നീയിത്ര കള്ളിയാണെന്നു ഞാന്‍
തിരിച്ചറിഞ്ഞില്ല പെണ്ണേ…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here