കവിത
മുനീർ അഗ്രഗാമി
എട്ടാമത്തെ കടൽ
എന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട്
എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും
ഏട്ടാമത്തെതിൽ
ഞാനില്ലാതെ നിനക്ക്
സഞ്ചരിക്കാൻ സാദ്ധ്യമല്ല.
കാരണം അതിലെ ജലം ഞാൻ
ജലത്തിന്റെ ഇളക്കം നീ.
ഒരിക്കൽ ഇറങ്ങിയാൽ
നനവുമാറാത്ത സ്പർശനത്തിൽ
നാം രണ്ടു പേരും
ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച്
രണ്ടു മരങ്ങൾക്കിടയിലൂടെ നടക്കും
കാറ്റാടി മരം പോലെ
കാറ്റിൽ ഇളകുന്ന ആ രണ്ടു മരങ്ങളെ സൂക്ഷിച്ചു നോക്കിയാൽ
നമ്മുടെ ഉടലിന്റെ ഛായ കാണാം
വേരുകൾ കൊണ്ട്
മണ്ണിലമർത്തിപ്പിടിച്ച്
നടന്നടുത്ത് വന്ന്
ഒരു ചുംബനം തരാൻ പോലുമ ശക്തരായ
രണ്ടു രൂപങ്ങൾ
ഏഴു കടൽത്തീരത്തും
അവരുണ്ട്
അവരിൽ ഞാനും നീയുമുണ്ട്
എട്ടാമത്തെ കടൽത്തീരത്ത്
മറ്റാരുമില്ല
മൗനത്തിന്റെ
മൺതരികൾ മാത്രം
ശക്തമായി തിരയടിക്കുമ്പോൾ
നാമാ മൗനം നനയ്ക്കും
ആരുമറിയാതെ കരയും
മറ്റൊന്നിനുമല്ല
തമ്മിലറിയാൻ മാത്രം
…
മിണ്ടൽ
യൗവനത്തിന്റെ കൊമ്പുകളിലിരുന്ന്
ഞാൻ ആദികാവ്യത്തിനും മുമ്പത്തെ
ഒരു വാക്ക്
നിന്റെ ചെവിയിൽ പറഞ്ഞു
അന്ന്
വേടൻ ഇല്ലാത്ത ഒരു സ്വപ്നം
മഴത്തുള്ളികളായി കാലത്തിൽ
ഇറ്റി വീണു
അതിൽ നമ്മുടെ പ്രതിബിംബം തെളിഞ്ഞു
അപ്പോൾ
മഴക്കാലം നമ്മെ പാടത്തിലേക്ക് കൊണ്ടുപോയി
നെല്ലോലകളിൽ ഇളം പച്ചയായിക്കിടന്ന്
നാം മഴയാസ്വദിച്ച
മറ്റേതോ ജന്മത്തിന്റെ ഓർമ്മകൾ തെളിഞ്ഞു വന്നു
നീ ഉച്ചരിച്ച വാക്കുകൾ
നദീതീരത്ത് ഇപ്പോഴുമുണ്ട്
പുല്ലുകളിൽ അവ പൂവിടുന്നു
നീ എന്നെ നോക്കിയ നോട്ടങ്ങൾ
എങ്ങും പോയിട്ടില്ല
അവ എന്നെ എടുത്തു നടക്കുന്നു
നീ കണ്ണുകൊണ്ടും
ചുണ്ടുകൊണ്ടും മിണ്ടിയവ
ഈ വേനലിലും എന്നോടു മിണ്ടുന്നു,
അസാന്നിദ്ധ്യത്തിന്റെ ഭാഷയിൽ.
ഒന്നും ഇല്ലാതാവുന്നില്ല
മഴ മാറി നിൽക്കുമ്പോലെ
ഒരിടവേള മാത്രം
ചിലപ്പോൾ നീ ഓർക്കാതെ പെയ്യും
എന്റെ ജീവൻ
അന്നേരം തളിരിടും.
…
ഒരിക്കൽ
ഒരിക്കൽ
ആൾക്കൂട്ടത്തിൽ നീ മുങ്ങിത്താഴും
ഞാൻ അലഞ്ഞ്
ചുഴികളിൽ പെട്ട് വഴി തെറ്റും
പക്ഷേ ദിശാ സൂചിയായ
നക്ഷത്രം എന്നെ
നിന്നിലെത്തിക്കും
നിന്റെ കണ്ണുകളിൽ ഉദിച്ച്
എന്നിൽ അത് തെളിഞ്ഞു നിൽക്കുന്നു
എന്റെ മരണത്തോടെയല്ലാതെ
അതസ്തമിക്കില്ല
അതുവരെ
നിന്നിലെത്താനുള്ള വെളിച്ചം
അതെന്റെ രക്തത്തിലൊഴിക്കും
അതിനാൽ എനിക്ക്
നിന്നെ തേടി വരാതിരിക്കാനാവില്ല
എത്ര വട്ടം വഴി നഷ്ടപ്പെ ട്ടാലും.
…
ഒറ്റപ്പൂവ്
എല്ലാ പൂക്കളും കെട്ടുപോയ ഉദ്യാനത്തിൽ
ഞാനിരിക്കുന്നത്
നീയെങ്ങനെ അറിഞ്ഞു?
കാരണം ചോദിച്ചാൽ
നിന്റെ പ്രണയം
എന്നെ ഉപേക്ഷിച്ചു പോയേക്കാം
ഈ മന്ദാരച്ചെടിയിൽ നിന്നും
തേൻ കുരുവി പറന്നു പോയതു പോലെ പോയേക്കാം
എനിക്കതു സഹിക്കാനാവുമോ ?
ഈ ഇരുട്ടിൽ
നീ മാത്രം ഒരു മുല്ലപ്പൂവായി
ചിരിക്കുമ്പോൾ
ഞാൻ ഇരുട്ടിനോടു നന്ദി പറയുന്നു ,
നിന്നെ ഇത്രയും സൗന്ദര്യത്തോടെ
കാണിച്ചു തന്നതിന് .
…
ഇടം
ഒരേ ഏകാന്തതയുടെ ചില്ലുകൂട്ടിൽ കഴിയുന്ന
രണ്ടു മത്സ്യങ്ങളുടെ കഥയിൽ
നമുക്കെന്തു കാര്യം
എന്നു ചോദിക്കരുത്
അതിലൊന്നിന്റെ കണ്ണിൽ
ഞാനുണ്ട്
മറ്റൊന്നിന്റെ കണ്ണിൽ നീ
എന്നിട്ടും നാമവയെ വളർത്തുന്നത്
എന്തിനാണ്?’
വളർച്ച നിലച്ചാലോ
വറ്റിപ്പോയാലോ
നാം പിന്നെ എവിടെ പാർക്കും?
രണ്ടു പേരെയും ചുറ്റുന്ന ലോകം
എവിടെ കൊണ്ടു വെയ്ക്കും ?
ഒരേ ദിനങ്ങളിൽ
അനേകം സമയങ്ങളിൽ
നമ്മെ
എത്ര അനുതാപത്തോടെയാവും
ആ മത്സ്യങ്ങൾ
കണ്ണുകളിൽ വഹിക്കുന്നത് !
…
പ്രാർത്ഥന
ദൈവമേ ദൈവമേ
എന്നെ നീ അന്വേഷിച്ചുവോ
ഞാൻ നിന്നെ മറന്നതല്ല
എന്നെ ഓർത്തിരിക്കുന്ന ഒരാളുടെ
ഹൃദയത്തിൽ കിടക്കുകയായിരുന്നു
അവളുടെ പ്രാർത്ഥനയുടെ വചനമാവുകയായിരുന്നു.
എല്ലാ വഴികളും നിന്നിലേക്കു തന്നെ
അതിലേറ്റവും ശ്രേഷ്ഠം
പ്രണയത്തിന്റെ ഈ വഴി തന്നെ
ദൈവമേ
നീയെന്നെ അന്വേഷിക്കുമ്പോൾ
ഞാൻ
ഞാനില്ലാത്ത വിധം അവളിലായിരുന്നു
നീ നിറയുമ്പോലെ
അവളെന്നിൽ നിറഞ്ഞിരുന്നു
അതു കൊണ്ട്
എന്നെ ശപിക്കരുതേ
സ്നേഹം എന്നിൽ
അധികം നിറയ്ക്കൂ
അവൾക്ക് കൊടുക്കാൻ
മറ്റൊന്നുമെന്നിലില്ല
തരാൻ മറ്റാരുമില്ല.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.