ബിനീഷ് പുതുപ്പണം
ഹിന്നൂ,
പെട്ടന്നൊരു ദിനം നമുക്ക് പോകാൻ തോന്നിയത് മഞ്ചേരിയിലേക്കാണല്ലോ. നമ്മളെന്തിന് അവിടെ ചെന്നിറങ്ങി? ഒരു തോന്നൽ അത്രമാത്രം. മറ്റെവിടേക്കോ യാത്രതിരിച്ച നമ്മൾ മൂന്നു മണിക്കൂർ സഞ്ചരിച്ച് മഴപൊഴിയുന്ന ദിവസം ഇരുവശത്തെ കാഴ്ചകൾനോക്കി, ആകാശത്തിന്റെ മാറ്റംകണ്ട് അങ്ങിനെയങ്ങിനെ….. റോഡിലേക്ക് പടർന്നു കയറിയ വള്ളികളെ കണ്ടോ നീ? ഈ വാഹനങ്ങളൊന്നും ഇതുവഴി സഞ്ചരിച്ചില്ലെങ്കിൽ റോഡുമുഴുവൻ വള്ളികളാൽ മൂടും, പുഷ്പിക്കും. പിന്നീടാർക്കും അനേകചക്രങ്ങൾ ഇതുവഴി സഞ്ചരിച്ചിട്ടുണ്ടെന്നും അനേകം മനുഷ്യരുടെ പുഞ്ചിരികളും കണ്ണീരും വിയർപ്പും തളർച്ചയും ഇവിടെ പൊഴിഞ്ഞിട്ടുണ്ടെന്നും ഒരിക്കലും മനസിലാക്കാനാവില്ല.
ഹിന്നൂ, ഇന്നു കാണുന്ന പൊടിഞ്ഞ കല്ലുകൾ പലതും Bപർവ്വതങ്ങളായിരുന്നു. തകർന്നടിഞ്ഞ പലതും പൊൻപതിച്ച കൊട്ടാരങ്ങളായിരുന്നു. നീയറിയുമോ ചരിത്രത്തിൽ കാടുകൾക്കും കടലിനുമേറെ പ്രാധാന്യമുണ്ട്. ഓരോ കടലിനടിയിലും ഓരോ കാടുകൾക്കുള്ളിലും അനേകമനേകം സംസ്കാരങ്ങൾ ഉറങ്ങിക്കിടക്കുന്നു.
എത്രയോ കാലങ്ങൾ അഹങ്കാരത്തോടെ തലയുയർത്തി നിന്ന പലതിനെയും / പലരെയും മണ്ണു സ്വന്തമാക്കി. ഈ റോഡു പോലെയാണ് ചില മനുഷ്യരും. ഏറെക്കാലം ഊർജമായി പരന്നു കിടക്കും. പലരും സുഗമമായി യാത്ര ചെയ്യും. പിന്നെ പൊട്ടിപ്പൊളിഞ്ഞ് ആരും സഞ്ചരിക്കാതാവും. കാടുമൂടിക്കിടന്ന് അതിനുള്ളിൽ ഒരാളുണ്ടെന്നു പോലും ആരുമറിയാതാവും.
ഹിന്നൂ, നമ്മൾ സഞ്ചരിക്കുന്ന ഈ വഴികൾക്ക് വലിയ ചരിത്രമുണ്ട്. ഭീമാകാരമായ ചരിത്രത്തിനു മുകളിലൂടെയാണല്ലോ പോകുന്നതെന്നോർത്ത് നിനക്ക് പേടി തോന്നുന്നുണ്ടോ.?
ദാ, മഞ്ചേരിയിലെ ഈ വഴിയിലാണ് ഹൈദരലിയുടേയും ടിപ്പുവിന്റേയും സൈന്യങ്ങൾ പരിശീലിച്ചത്. യുദ്ധങ്ങൾക്കുള്ള ആസൂത്രണങ്ങൾ, ബുദ്ധിയുടെ, ധീരതയുടെ ശേഷിപ്പുകൾ ഉറങ്ങാതെ വഴികളിലുടനീളം പ്രകാശിക്കുന്നുണ്ട്. അപ്പുറത്തേക്ക് നോക്കൂ, പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് പടകളുടെ കാലൊച്ചകൾക്ക് നിരന്തരം സാക്ഷിയായ വഴിയോരങ്ങളാണത്. 1921 ഓർമയില്ലേ നിനക്ക്.? കർഷകരുടെ നിലവിളികൾ, ജന്മിത്തത്തിന്റെ അമർഷങ്ങൾ…
ഹിന്നൂ, വെടിയൊച്ചകളും ആക്രോശങ്ങളും വിലാപങ്ങളും ഈ വണ്ടിയിലിരുന്ന് നമ്മൾ കേൾക്കുന്നല്ലോ.. ഈ ആകാശം എന്തിനെല്ലാം സാക്ഷി.. എത്ര ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടും മതസൗഹാർദത്താൽ, സ്നേഹത്താൽ നമ്മൾ സഞ്ചരിക്കുന്ന വഴികൾ കെട്ടിപ്പിടിച്ചല്ലോ.. പയ്യനാട്ടെ പള്ളി, മഞ്ചേരികോവിലകം…
ഹിന്നൂ, നൂറ്റാണ്ടുകൾക്കു മുമ്പേ നമ്മളിവിടെ ജീവിച്ചിരുന്നു. തൊപ്പിക്കല്ലു കണ്ടോ നീ? ആ പഴയ നമ്മളായിരിക്കുമോ അതിനടിയിൽ? ഹിന്നൂ, പ്രാചീനമായ ഏതോ മൗനം നമ്മെ മൂടുന്നല്ലോ.. മഞ്ചേരി ആഴ്ചച്ചന്തയിലൂടെ ഒന്നു നടന്നാലോ… നടക്കുമ്പോൾ നമുക്കു പിന്നിൽ വലിയൊരു ചരിത്രക്കാട് പൂക്കുന്നല്ലോ…