സമനിലതെറ്റിയവരുടെ കവിത

0
297

അരുൺ കൊടുവള്ളി

 

സമനിലതെറ്റിയവരുടെ കവിത
വായിച്ചിട്ടുണ്ടോ?

പാളം തെറ്റി
വിരുദ്ധദിശയിലേക്ക്‌
ചീറിപ്പായുന്നൊരു
തീവണ്ടി പോലെയാണവ

വായിച്ചിരിക്കേ,
നിങ്ങളൊരു
ബോഗിയിലേക്ക്‌
കയറിക്കൂടും

കുതിക്കും തോറും,
നിറയെ
അലർച്ചകളുള്ളൊരാൾ
നിങ്ങളിലേക്ക്‌
കൈകളുയർത്തിക്കാട്ടും

ചില വരികളൊരു
പാളം പോലെ
ഇളകി വന്ന്
നിങ്ങളെയൊരു
തുരങ്കമാക്കും

സമനിലതെറ്റിയവരുടെ
കവിത
വായിച്ചിട്ടുണ്ടോ?

ഉൾവലിഞ്ഞുപോയ
പ്രതീക്ഷകളുടെ
രക്തമൂറ്റിയെടുത്താകും
അവൻ
കവിതകളെഴുതി-
ത്തുടങ്ങിയതെന്ന്
ആദ്യ വായനയോടെ
നിങ്ങൾ തിരിച്ചറിയും

അവന്റെ
ഓരോ ഖണ്ഡിക
നിവർത്തിയിട്ടാലും
അതിലൊരു
ആർത്തിപ്പിടിച്ച
മരണം
ഒളിഞ്ഞിരിക്കും

സമനിലതെറ്റിയവരുടെ
കവിത
വായിച്ചിട്ടുണ്ടോ?

കെണിയിൽ
കുരുങ്ങിയ
ഒരു മുയൽക്കുഞ്ഞിന്റെ
പിടച്ചിലുകളാണവ

ജാഗ്രതയോടെ
യുദ്ധം ചെയ്ത്‌
ഒരു പോരാളിയെപ്പോലെ
നിങ്ങളവനെ
കൈവരിക്കാൻ
തുനിയും

പക്ഷെ,
അവന്റെ
ആകാശവും
പൂക്കളും
പുഴകളും
ചിതറിപ്പോയത്‌
നിങ്ങളറിയാതെപോകും

വാശിപിടിച്ചുകരയുന്ന
ഒരു കുട്ടിയെപ്പോലെ
അവന്റെ
തോന്നലുകൾ
അവൻ
ഇറുക്കിപ്പിടിച്ചിരിക്കും

സമനിലതെറ്റിയവന്റെ
കവിതയെന്നാൽ?

മരണപ്പെട്ടവന്റെ
കുമ്പസാരമാണ്

ഇറങ്ങിച്ചെല്ലും തോറും,
വിറങ്ങലിച്ചവന്റെ
മരണമൊഴിയറിഞ്ഞ്‌
നിങ്ങളവന്റെ
കവിതയിലേക്ക്‌
പൊള്ളിയടരും

സമനിലതെറ്റിയവന്റെ
കവിതയെന്നാൽ?

വിലാസമില്ലാത്തവന്റെ ആത്മഹത്യാക്കുറിപ്പാണ്

ഒരു
തലയോട്ടി
നിറയെ
പിൻവിളികൾ
തുന്നിവെച്ച്‌
ബുദ്ധനിലേക്കുള്ള
വിടപറച്ചിലും
കൂടിയാണ്


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here