അമരാന്ത ഡിസിൽ‌വ

0
514

ജുനൈദ് അബൂബക്കർ

സെമിത്തേരിക്കടുത്താണ്
പുതിയ താമസം,
അടുത്ത വീട്ടിലെ
അമരാന്ത ഡിസിൽ‌വയുടെ
അമ്മയെ അവിടെയാണടക്കിയത്.
കുരിശുവച്ച് അടിച്ചുറപ്പിച്ചിട്ടില്ല,
പകരമൊരു ഫുട്ബോൾ
മാത്രമാണ് കൂട്ടിന്,
ഓരോ ദിവസവും പന്തിനെ
ഓരോ സ്ഥലങ്ങളിൽ കാണാം.

രാത്രികളിൽ കർത്താവിന്റെ
ടീമുമായ് അവർ കളിക്കുന്നുണ്ടത്രെ!
ഓഫ് സൈഡ്, ഓൺ സൈഡ്,
സെൽഫ് ഗോളുകളുടെയൊക്കെ
ഒടുക്കത്തെ ആരവങ്ങൾ
കേൾക്കാറുണ്ടെന്ന് അമരാന്ത!!
ആഴ്ചക്കാഴ്ച്ചക്ക് പേരുമാറ്റിവരുന്ന
കാറ്റുകളാണെന്ന് ഞാൻ;

റഫറിയില്ലാത്ത കളിയിലെ
ഒരേയൊരു കാഴ്ച്ചക്കാരിയായ
അവൾ, എല്ലാ പകലുകളിലും
കളത്തിന് പുറത്തുപോകുന്ന പന്ത്
അമ്മക്ക് തിരിച്ചുകൊണ്ടുക്കൊടുക്കും;

അതിനുമാത്രമായ് അമരാന്ത
പകലുകളെ കാത്തിരിക്കും.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here