അവൾ മരിച്ചവനോട് പറയുന്നത് 

0
232

ഗായത്രി സുരേഷ് ബാബു 

നിന്നോടുള്ള പ്രണയം
പഴുക്കുന്ന ചില രാത്രികളുണ്ട്.

കട്ടിലിന്റെ വലതുവശത്തുള്ള ജനവാതിലുകൾ
കാറ്റിൽ വന്നടിച്ച ശബ്ദം കേട്ടിട്ടും  ഞാൻ ഞെട്ടാത്തപ്പോൾ
നീ എന്റെ ചെവിയിൽ പതിയെ ഊതും.

നിനക്കറിയുന്നതിലുമേറെ
ഞാൻ നിന്നെ പ്രണയിക്കുന്നു
എന്ന്
നീ വിയർത്തു കുതിർന്ന
വലത്തേ  ഉള്ളംകൈ
എന്റെ ഉണങ്ങിയ വലംകൈക്കുള്ളിൽ അമർത്തും.

പറഞ്ഞു പറഞ്ഞു പതിഞ്ഞു പോയ പിണക്കങ്ങൾ
മുഖക്കുരുക്കളായി ജനിക്കും.
എന്റെ മുഖക്കുരുക്കൾ മുഴുവൻ ഈ  രാത്രി  കുത്തിപ്പൊട്ടിക്കണേയെന്നു ഞാൻ
പാട്ടു പാടും.

കൊതുകിനെ  കാമുകനോടുപമിക്കാൻ പ്രേരിപ്പിക്കുവോളം കാല്പനികമായ രാത്രിയെ ഇങ്ങനെ നശിപ്പിക്കാതിരിക്കുക.
നീ തിരിച്ചുവരാതുറങ്ങുക മരിച്ചവനേ.
നിന്റെ പ്രണയം മരീചികയോളം മനോഹരമാണത്രെ.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here