സാറാ ജെസിന്‍ വര്‍ഗീസ്
ഞാൻ ഇങ്ങനെ
ഞാനായി പോയതിന്റെ
നിരാശയിലും വിഷാദത്തിലും
നിറങ്ങളൊക്കെ മങ്ങി മങ്ങി
തുടങ്ങിയപ്പോഴാണത്
കണ്ടത്..
ഒരു കുഞ്ഞി കവിത
“ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്,
ചിലരാകട്ടെ വേരുകൾ പടർത്താനും”
അപ്പോൾ തോന്നി,
ഞാനത്ര മോശം
ഞാനൊന്നുമല്ലയെന്ന്..
ചിലർക്ക് ആകാശം,
എനിക്ക് ഭൂമി.
ചിലർക്ക് ചിറകുകൾ
എനിക്ക് വേരുകൾ.
ചിലർ പ്രണയിക്കും,
ഞാൻ സങ്കല്പിക്കും.
ഒറ്റ ചിരിയിൽ,
ചേർത്തുനിർത്തലിൽ,
ചിലപ്പോഴൊക്കെ തീരെ
പാകമാവാത്ത മണ്ണിലും
വേരാഴ്ന്ന് പോകുന്ന,
പിന്നെയത് ചുനയുണങ്ങാതെ
ഞാനെന്ന ഭൂമിയോടെ
പറിച്ചെറിയപ്പെടുന്ന,
ഞാനത്ര മോശം
ഞാനൊന്നുമല്ല..
ചിലർ വേരാകുന്നത് കൊണ്ടാണ്
മറ്റു ചിലർ ആകാശം കാണുന്നത്.
ചിലർ സ്നേഹിക്കുന്നത് കൊണ്ടാണ്
മറ്റു ചിലർ സ്നേഹിക്കപ്പെടുന്നത്.
ചിലർ ക്ഷമിക്കുന്നത് കൊണ്ടാണ്
മറ്റു ചിലർ ബഹുമാനിക്കപ്പെടുന്നത്.
കവി, നിനക്ക് നന്ദി
ഞാനത്ര മോശം
ഞാനൊന്നുമല്ല.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in