കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുമ്പോൾ

0
351

ആര്യ ടി.

കുന്നുകളിൽ നമ്മൾ
മിന്നാമിനുങ്ങുകളാകുന്നു.
സ്വർണ്ണത്തുള്ളികളിൽ
ചിറകുകൾകൊണ്ട്‌ വട്ടം വരയ്ക്കുന്നു.

ഒരിക്കൽ
കുന്നുകൾ വളർന്ന് പർവ്വതങ്ങളാകും.
തീക്കുഞ്ഞുങ്ങളെ പ്രസവിക്കും.
അവ വളർന്ന്
വലിയ ഭൂതങ്ങളെപ്പോലെ
ഒരിക്കൽ തീക്കടൽ തുപ്പും.
അങ്ങനെയാണ്
അഗ്നിപർവ്വതങ്ങൾ ഉണ്ടാകുന്നതെന്ന്
നീ പറഞ്ഞു.

നമ്മൾ വളർന്ന് പരുന്തുകളാകുമെന്നും
ചിറകിൻെറ വൃത്തങ്ങളിൽ
പരസ്പരം കോർത്ത്
ആകാശം തുറന്ന് അതിൽ
‘പാഠം-5 ജ്യാമിതീയരൂപങ്ങൾ ‘
എന്നെഴുതിവെയ്ക്കുമെന്നും….

പിന്നെയിപ്പോൾ
നിനക്കെങ്ങനെയാണ്
ഒറ്റയ്ക്ക് മുകളിലേക്ക്
പറന്നുപോകാൻ കഴിയുന്നത് !
എനിക്കെങ്ങനെയാണ്
തീഭൂതമായി പൊട്ടിയൊഴുകാൻ കഴിയുന്നത്!

നമ്മൾ സ്വപ്നം കാണുകയായിരുന്നോ?
സ്വപ്നം
നമ്മളെ കാണുകയായിരുന്നോ?

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here