സ്വവർഗാനുരാഗികളുടെ 377 പ്രണയവചനങ്ങൾ

0
588
Rahul Manappat

രാഹുല്‍ മണപ്പാട്ട്‌

376 പകലുകൾ
കാണാതാവുന്ന രാത്രിയിൽ ഒഴുകാൻ മറന്നൊരു കടലിൽ
പറവകളായി കൂത്താടുമ്പോൾ
വഴികളില്ലാത്ത
കാടുകളാവുന്നുണ്ട്
നമ്മൾ.

എന്റെ പടർന്ന
ജനവാതിലുകൾ
നിന്റെ കണ്ണുകളാകയാൽ
വരവു പ്രതീക്ഷിക്കുവാൻ
ഞാനില്ലാതാവുന്നു.
നിന്റെ കൂടുവെച്ച വാതിലുകൾ
ഞാൻ അടയ്ക്കാത്തതു കൊണ്ട്
അവിടെ മാത്രം, അവിടെ മാത്രം
തുപ്പൽ പൊട്ടിയായി
ചിതറി തെറിക്കുന്നു.
ആകാശത്തിന്റെ
കുഞ്ഞുകുടിലുകളിൽ
വിശപ്പിന്റെ ഉണക്കിറച്ചി
വേവിക്കുന്ന ആൺവെരുകുകൾ
നിറങ്ങളുടെ ഗന്ധം പൊഴിച്ച്
നമ്മളിലേക്ക് ഓടികയറുന്നു.
ഗന്ധവരകളുള്ള
പുൽചാടികൾ
ഉരുണ്ടു പോവുന്ന
ഉമിനീരിന്റെ
ഉരുളൻ കല്ലുകൾ പെറുക്കി
മഴവില്ലുകൾ പണിയുന്നു.
ഒരു നട്ടുച്ചയിൽ
വെയിലിന്റെ ഹുക്കുകളഴിച്ച്
പാമ്പും കോണിയും കളിക്കാൻ
നമ്മൾ ചുംബനങ്ങളുരുവിടുന്നു..

Rahul Manappat

ഉരസലിന്റെ
നീല കുതിരകൾ ചീറിയടിക്കുന്ന നിന്റെ മറുകുകൾ കൊത്തിവെച്ച
ഗുഹ,
അതിന്റെ ഇടുക്കിലൂടെ
കയറിപ്പോവുന്ന
എന്റെ കൊമ്പുകളുള്ള നിഴൽ തുഞ്ചം.

പ്രേമത്തെ ആഘോഷിക്കുന്ന
മനുഷ്യരുടെ ഭൂഖണ്ഡത്തിലേക്ക്
നുഴഞ്ഞ് കയറി നിറങ്ങളെ പരിഭാഷപെടുത്തുമ്പോൾ
കിറുക്കിന്റെ
വയലറ്റു പൂക്കൾ
വിരിയുന്ന നിന്റെ
തെറ്റാലിയിൽ
വസന്തത്തിന്റെ
377 വിരലുകൾ കോർത്ത്
ഞാൻ
പിറവിയിലേക്ക്
ഉന്നം വെയ്ക്കും.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here