കടലിറങ്ങി വന്ന വീട്ടിലെ ഞാന്‍/ ഞങ്ങള്‍

0
274

സുതാര്യ സി

കുന്നിന്‍ ചരുവില്‍
നമുക്കൊരു വീടുണ്ടായിട്ടുണ്ട്.
മെഴുകു മേഞ്ഞ
ചുവരുകള്‍ ഉള്ള,
ചിറകു പോലെ ജനാല തൂങ്ങിയ,
മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍
പാതി ആകാശവും
പാതി കടലും കാണുന്ന
ഉടല്‍ച്ചൂടില്‍ തറ മെഴുകിയ വീട്.
ഒരു രാത്രി മാത്രം
ആകാശത്തിലേക്കെന്നു കള്ളം പറഞ്ഞ്
നീ കടലിലേക്കു കയറി പോയിട്ടുണ്ട്.

തിരികെ വരാന്‍ നേരം
നീ പെറുക്കിയ അടര്‍ത്താത്ത കക്കയില്‍
ഒരു കടല്‍ പാര്‍ത്തിരുന്നു.

അനേകായിരം മീന്‍ കുഞ്ഞുങ്ങള്‍,
പവിഴ പുറ്റുകള്‍,
കടലാമകള്‍
തൂവല്‍ പോലെ മിനുസപ്പെട്ട
വെള്ളാരം കല്ലുകള്‍,
കടല്‍ ചെടികള്‍,
പല ആകൃതി ശംഖുകള്‍

ഒച്ചയുണ്ടാക്കാതെ
ഇവരോരുത്തരും വരിവരിയായി
ഒതുങ്ങി നിന്നു

നോക്കിയാല്‍ കാണാത്ത വിധം കടല്‍
ഉടലാകെ ചുരുട്ടി
കക്കയിലേക്ക് ഒട്ടിച്ചേര്‍ന്നു.

ചെവിയോടടുപ്പിച്ചപ്പോള്‍ മാത്രം
തിരമാലകള്‍ കാല്‍ തൊട്ട പോലെ തോന്നി.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here