ജുനൈദ് അബൂബക്കർ
ഈ കെട്ടിടത്തിൽ
ആരും കാണാത്തൊരു സ്ഥലമുണ്ടെന്ന്
പറഞ്ഞു തന്നത് വിനോദനാണ്,
എങ്കിലും അവന് ഇവിടം അറിയാമെന്ന്
നമ്മൾ സൗകര്യപൂർവ്വം മറന്നു,
സ്ഥലം കാട്ടിയതിന് പ്രതിഫലമായ്
എന്റെ ബൈക്കും കൊണ്ട് അവന്റെ
അനേകം കാമുകിമാരിൽ ആരെയോ
കാണാൻ പോയതും അന്നായിരുന്നു
അന്ന് നീയുടുത്ത
ഇളം നീല സാരിയിലെ
വെളുത്ത പൂക്കളുടെ
വസന്തത്തിലായിരുന്നു നമ്മൾ,
നീ വിയർത്ത് വിയർത്ത്
ആകാശ നീല ബ്ലൗസില്‍
കാർമേഘം കൂടുകെട്ടിയതും
നിന്റെ കയ്യിലെ ചെമ്പൻ രോമങ്ങൾ
നിറംവെച്ച് കനത്തതും അന്നാണ്,
അന്നാണ് ,
എനിക്ക് നൽകാൻ അവസാനമായ്
നീ എഴുതിയ വാക്കുകൾ
നിന്റെ കയ്യിലിരുന്നു കുതിർന്നതും,
എല്ലാ അക്ഷരങ്ങളും ഒന്നായ്
നമ്മളെ പോലെ
മിണ്ടാതെ വെറുതെയിരുന്നതും
എത്രയോ ദിവസം കഴിഞ്ഞ്,
പോസ്റ്റുമാൻ, ഗെയ്റ്റിലെ ചതുര വിടവിൽ
ചുരുട്ടിവച്ച് ചുളുങ്ങിപ്പോയ
നിന്റെ കല്യാണ ഫോട്ടോ കിട്ടിയ അന്നാണ്,
വിനോദൻ കൊണ്ട് പോയ ബൈക്ക്
വഴിയിലാരെയോ ഇടിച്ച കേസുമായ്
പോലീസുകാരൻ വീട്ടിൽ വന്നതും,
പിന്നെയും കുറേകഴിഞ്ഞാണ്
നീ ഗൾഫിലാണെന്നറിഞ്ഞത്,
ആം വേയിൽ ചേരണമെന്ന് പറഞ്ഞ്
നിന്റെ ആങ്ങള വിളിച്ചയന്ന്,
ആം വേ എന്റെ ‘വേ’ അല്ലായെന്ന്
പറഞ്ഞതിനാൽ പിന്നെ അവനും വിളിച്ചില്ല,
നീ ഏത് ഗൾഫിലാണെന്നും അറിഞ്ഞില്ല
നീ തടിച്ചുകാണും,
രണ്ട് മൂന്ന് പിള്ളേരുടെ അമ്മയായിക്കാണും,
ചുരുണ്ട സ്പ്രിംഗ് മുടികൾ
സ്ട്രെയ്റ്റൻ ചെയ്തു കാണും,
ചെമ്പൻ രോമങ്ങൾ വാക്സ് ചെയ്ത്
കൈകൾ മുട്ടത്തോട്
മിനുസത്തിലാക്കിയിരിക്കും
എങ്കിലും, എനിക്ക് നീയിപ്പോഴും
ആരും കണ്ടിട്ടില്ലയെന്ന്
നമ്മൾ കരുതുന്ന സ്ഥലത്തെ
ഇളം നീല സാരിയിലെ
വെളുത്ത പൂക്കളുടെ വസന്തമാണ്,
നിന്റെ കയ്യിലിരുന്ന് നനഞ്ഞ
അക്ഷരങ്ങളുടെ മൗനമാണ്
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in